ശ്രീനഗർ: അനധികൃതമായി തന്നെയും മകളെയും വീണ്ടും തടഞ്ഞുവച്ചെന്ന് പി.ഡി.പി നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ആരോപിച്ചു. തന്റെ ട്വിറ്റർ പേജിലൂടെ ചിത്രങ്ങൾ സഹിതമാണ് മെഹബൂബ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മകൾ ഇൽതിജയെ വീട്ടുതടങ്കലിലാക്കിയെന്നും അവർ ആരോപിക്കുന്നു. എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള പി.ഡി.പി യുവജന വിഭാഗം പ്രസിഡന്റ് വാഹിദ് പരയുടെ കുടുംബത്തെ സന്ദർശിക്കാനും തന്നെ അനുവദിക്കുന്നില്ലെന്നും മെഹബൂബ പറയുന്നു. ബി.ജെ.പി മന്ത്രിമാർക്കും അവരുടെ കളിപ്പാവകൾക്കും കാശ്മീരിന്റെ മുക്കിലും മൂലയിലും സന്ദർശിക്കാം. എന്നാൽ സുരക്ഷാ പ്രശ്നം ഉന്നയിക്കുന്നത് തന്റെ കാര്യത്തിൽ മാത്രമാണെന്നും മുൻ മുഖ്യമന്ത്രി ആരോപിക്കുന്നു. ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ നവീദ് ബാബു പങ്കാളിയായ ഭീകരാക്രമണ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മുഫ്തിയുടെ അടുത്ത അനുയായി കൂടിയായ വാഹിദിനെ ബുധനാഴ്ച എൻ.ഐ.എ അറസ്റ്റ് ചെയ്തത്. വാഹിദിനെ 15 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.