gdp

കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച കനത്ത തിരിച്ചടിയിൽ നിന്ന് ഇന്ത്യ അതിവേഗം കരകയറുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജൂലായ്-സെപ്‌തംബർ പാദത്തിലെ ജി.ഡി.പി വളർച്ചാക്കണക്ക്. പ്രത്യേകിച്ച്, മാനുഫാക്‌ചറിംഗ് വളർ‌ച്ച വീണ്ടും പോസിറ്റീവായത് ശുഭകരമാണ്.

ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 23.9 ശതമാനത്തിലേക്കായിരുന്നു ജി.ഡി.പിയുടെ തകർച്ച. കഴിഞ്ഞ 40 വർഷത്തെ ഏറ്റവും മോശം വളർച്ചയായിരുന്നു അത്. ഈ തകർച്ചയിൽ നിന്നാണ് നെഗറ്റീവ് 7.5 ശതമാനത്തിലേക്ക് ഇന്ത്യ സ്ഥിതി മെച്ചപ്പെടുത്തിയത്. എന്നാൽ, ചരിത്രത്തിൽ ആദ്യമായി സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ വീണുവെന്ന ക്ഷീണമുണ്ട്. തുടർച്ചയായി രണ്ടുപാദങ്ങളിൽ നെഗറ്റീവ് വളർച്ചയുണ്ടായതാണ് കാരണം. അതേസമയം, വളർച്ചയിലേക്ക് ഇന്ത്യ ശക്തമായി തിരിച്ചുവരുന്നുവെന്ന പ്രതീക്ഷ നൽകുന്നതാണ് രണ്ടാംപാദ കണക്കുകളെന്ന് കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.വി. സുബ്രഹ്മണ്യൻ പറഞ്ഞു.

ഇടിവിന്റെ പാത

(ജി.ഡി.പി വളർച്ച മുൻപാദങ്ങളിൽ)

2020

ഏപ്രിൽ-ജൂൺ : 5.2%

ജൂലായ് - സെപ്‌തം : 4.4%

ഒക്‌ടോ.-ഡിസം : 4.1%

ജനുവരി - മാർച്ച് : 3.1%

2021

ഏപ്രിൽ-ജൂൺ : -23.9%

ജൂലായ്-സെപ്‌തം : -7.5%

നേട്ടവും കോട്ടവും

 കഴിഞ്ഞപാദത്തിൽ സ്വകാര്യ ഉപഭോഗത്തിലെ ഇടിവ് -11.3%. ജൂൺപാദത്തിൽ ഇടിവ് 26.7 ശതമാനം ആയിരുന്നു.

 നിക്ഷേപ ഇടിവ് നെഗറ്റീവ് 47.1 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 7.3 ശതമാനമായി മെച്ചപ്പെട്ടു.

 സർക്കാർ ചെലവ് ജൂണിൽ 16.4 ശതമാനം വർദ്ധിച്ചിരുന്നു; സെപ്‌തംബറിൽ തളർച്ചയാണ്; നെഗറ്റീവ് 22.2 ശതമാനം.

തളരാതെ കൃഷി,

തളർന്ന് വ്യവസായം

(കഴിഞ്ഞപാദത്തിലെ വളർച്ച, ബ്രായ്ക്കറ്റിൽ ജൂൺപാദ വളർച്ച)

 കാർഷികം : 3.4% (3.4%)

 മാനുഫാക്ചറിംഗ് : 0.6% (-39.3%)

 ഖനനം : -9.1% (-23.3%)

 വൈദ്യുതി : 4.4% (-7%)

 നിർമ്മാണം : -8.6% (-50%)

 വ്യാപാരം : -15% (-47%)

 ധനകാര്യം : -8.1% (-5.3%)

 പൊതുഭരണം : -12.2% (-10.3%)

ബ്രിട്ടനേക്കാൾ മെച്ചം

ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ മോശം ജി.ഡി.പി വളർച്ച കുറിച്ചവയിൽ മുൻപന്തിയിലാണ് ഇക്കുറിയും ഇന്ത്യ. ബ്രിട്ടന്റേതാണ് ഏറ്റവും മോശം; നെഗറ്റീവ് 9.6 ശതമാനം. ചൈന പോസിറ്റീവ് 4.9 ശതമാനം വളർന്നു.

₹33.34 ലക്ഷം കോടി

സെപ്തംബർപാദത്തിൽ ഇന്ത്യൻ ജി.ഡി.പി മൂല്യം 33.14 ലക്ഷം കോടി രൂപയാണ്. ഇടിവ് 7.5 ശതമാനം. 2019ലെ സമാനപാദത്തിൽ ഇത് 35.84 ലക്ഷം കോടി രൂപയായിരുന്നു.

തളർന്ന്

മുഖ്യവ്യവസായം

എട്ട് പ്രമുഖ വിഭാഗങ്ങൾ ഉൾപ്പെടുന്ന മുഖ്യ വ്യവസായ മേഖലയുടെ വളർച്ച ഒക്‌ടോബറിൽ നെഗറ്റീവ് 2.5 ശതമാനത്തിലേക്ക് ഇടിഞ്ഞു. സെപ്‌തംബറിൽ വളർച്ച നെഗറ്റീവ് 0.1 ശതമാനമായിരുന്നു.

ധനക്കമ്മി 119%

ഇന്ത്യയുടെ ധനക്കമ്മി ഏപ്രിൽ-ഒക്‌ടോബറിൽ ബഡ്ജറ്റ് ലക്ഷ്യത്തിന്റെ 119.7 ശതമാനം കവിഞ്ഞു. 7.96 ലക്ഷം കോടി രൂപയാണ് നടപ്പുവർഷത്തെ ലക്ഷ്യം. എന്നാൽ, ഇപ്പോഴേ ഇത് 9.53 ലക്ഷം കോടി രൂപയിലെത്തി.