കൊവാക്സിന്റെ പരീക്ഷണ ഡോസ് ഹരിയാന ആരോഗ്യമന്ത്രി അനിൽവിജ് സ്വീകരിച്ചു. കഴിഞ്ഞയാഴ്ച അംബാലയിലെ സിവിൽ ആശുപത്രിയിലായിരുന്നു കൊവാക്സിൻ മന്ത്രിക്ക് കുത്തിവച്ചത്. രണ്ടു മണിക്കൂറിന് ശേഷം അദ്ദേഹം പതിവ് പോലെ ഓഫീസിലെത്തുകയും ചെയ്തു. ആളുകളുടെ ഭയം മാറ്റാനും കൂടുതൽ പേർ പരീക്ഷണത്തിന് സന്നദ്ധമായി മുന്നോട്ടുവരാനും തന്റെ നടപടി പ്രേരണയാകുമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് വാക്സിൻ തദ്ദേശീയമായി വികസിപ്പിക്കുക എന്നത് അഭിമാനകരമായ കാര്യമാണ്. ഹരിയാനയിൽ ആരംഭിച്ച കൊവാക്സിൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയനായ ആദ്യയാളുമാണ് അനിൽവിജ്. ഐ.സി.എം.ആറുമായി ചേർന്നാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കൊവാക്സിൻ വികസിപ്പിച്ചത്. ആദ്യ രണ്ടുഘട്ട പരീക്ഷണങ്ങളും ഫലപ്രദമായിരുന്നുവെന്ന് കമ്പനി അറിയിച്ചിരുന്നു. അന്തിമഘട്ട ക്ലിനിക്കൽ പരീക്ഷണം 25 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് നടത്തുന്നത്.
ആയുർവേദ ഡോക്ടർമാർക്ക്
ശസ്ത്രക്രിയയ്ക്ക് അനുമതി
ജനറൽ സർജറി ഉൾപ്പെടെ നിർവഹിക്കുന്നതിന് സ്പെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് കേന്ദ്രം അനുമതി നൽകി. ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പോസ്റ്റ് ഗ്രാഡ്വേറ്റ് ആയുർവേദ എഡ്യുക്കേഷൻ) റെഗുലേഷൻ 2016ൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ സർജറി പഠനവും ഉൾപ്പെടുത്തിയത്.
ഇതുപ്രകാരം ശല്യതന്ത്ര (ജനറൽ സർജറി), ശാലാക്യതന്ത്ര (ഇ.എൻ.ടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവർക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം.
ആയുർവേദ ബിരുദാനന്തര ബിരുദ കോഴ്സിലെ ശല്യതന്ത്ര,ശാലാക്യതന്ത്ര വിഭാഗങ്ങൾക്ക് മാത്രമാണ് വിജ്ഞാപനം ബാധകം. ആയുർവേദ ബിരുദാനന്തര ബിരുദ കോഴ്സിനിടെ 58 തരം ശസ്ത്രക്രിയകൾ പഠിക്കുന്നുണ്ട്. മൊഡേൺ മെഡിസിൻ വിദ്യാർത്ഥിയെ പോലെ പരീക്ഷണ, നിരീക്ഷണങ്ങളിൽ ഇവരും ഏർപ്പെടാറുണ്ട്. ഈ പഠനങ്ങൾ ചികിത്സയിൽ പ്രാവർത്തികമാക്കുകയാണ് ലക്ഷ്യം. സാധാരണ ബിരുദാനന്തര ബിരുദം നേടുന്നവർക്കല്ല മറിച്ച് ഒരു വിഭാഗത്തിൽ സ്പെഷ്യലൈസേഷൻ നേടുന്ന സ്പെഷ്യലൈസ്ഡ്
ഡോക്ടർമാർക്കാകും ശസ്ത്രക്രിയ നടത്താനുള്ള അനുമതി. അതും കൃത്യമായി പരിശീലനം നൽകിയതിന് ശേഷം മാത്രം. അതിന് ആവശ്യമായ മാറ്റമാണ് സിലബസിൽ വരുത്തിയത്.
മൊബൈലിലേക്ക് വിളിക്കുമ്പോൾ പൂജ്യം ചേർക്കണം
ലാൻഡ് ഫോണിൽ നിന്ന് മൊബൈലിലേക്ക് വിളിക്കുമ്പോൾ ഇനി നമ്പറിന് മുന്നിൽ പൂജ്യം കൂടി ചേർക്കണം. രാജ്യത്ത് ജനുവരി ഒന്നുമുതൽ ഇത് നിലവിൽ വരും. പുതിയ മാറ്റത്തിനുള്ള നടപടിയെടുക്കാൻ ടെലികോം കമ്പനികൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിർദ്ദേശം നൽകി. ഫിക്സഡ് ലൈനുകളിൽ നിന്ന് മൊബൈലിലേക്ക് വിളിക്കുമ്പോൾ പൂജ്യം കൂടി ചേർക്കാനായി മേയ് 20ന് ട്രായി നൽകിയ നിർദ്ദേശം അംഗീകരിച്ചാണ് കേന്ദ്രടെലികോം മന്ത്രാലയം സർക്കുലർ പുറത്തിറക്കിയത്.
ജല്ലിക്കട്ടിന് ഓസ്കാർ എൻട്രി
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്" മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ മത്സരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞടുക്കപ്പെട്ടു. അടുത്ത വർഷം ഏപ്രിൽ 25നാണ് അവാർഡ് പ്രഖ്യാപനം.
അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നേടിയ ജല്ലിക്കട്ട് വിദേശ നിരൂപകരുടെയും ശ്രദ്ധ നേടിയിരുന്നു. മനുഷ്യ മനസുകളെ വ്യത്യസ്തമായി ആവിഷ്കകരിച്ച ചിത്രമെന്ന നിലയ്ക്കാണ് ജല്ലിക്കട്ട് തിരഞ്ഞെടുത്തതെന്ന് കമ്മിറ്റി ചെയർമാൻ രാഹുൽ റവാലി പറഞ്ഞു. ഗീതു മോഹൻദാസിന്റെ 'മൂത്തോൻ" ഉൾപ്പെടെ 27 ചിത്രങ്ങളെ പിന്തള്ളിയാണ് ജല്ലിക്കട്ട് എൻട്രി നേടിയത്. എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയാണ് സിനിമയ്ക്ക് ആധാരം.
ഗാന്ധി പ്രതിമയ്ക്ക് സ്ഥാനചലനം
പുതിയ മന്ദിരത്തിന്റെ നിർമ്മാണത്തിനായി പാർലമെന്റിന് മുന്നിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി പ്രതിമയ്ക്ക് താത്കാലിക മാറ്റം. പുതിയ മന്ദിരം പൂർത്തിയായ ശേഷം ഉചിതമായ സ്ഥലത്ത് പ്രതിമ വീണ്ടും സ്ഥാപിക്കും. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ അടക്കം അഞ്ച് പ്രതിമകൾക്കാണ് സ്ഥാനചലനം.
തൃകോണാകൃതിയിൽ രൂപകൽപന ചെയ്ത പുതിയ മന്ദിരം പഴയ പാർലമെന്റ് മന്ദിരത്തിന് സമീപത്തായാണ് നിർമ്മിക്കുന്നത്. അതിനാൽ പാർലമെന്റിന്റെ ഒന്നാം ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന ഗാന്ധി പ്രതിമ മാറ്റേണ്ടത് അനിവാര്യമായി. രാംസുതാർ എന്ന ശിൽപി 16 അടി വലിപ്പത്തിൽ ഓടു കൊണ്ട് നിർമ്മിച്ച പ്രതിമ 1993ൽ അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയാണ് അനാവരണം ചെയ്തത്. പാർലമെന്റ് വളപ്പിലെ പ്രധാന ആകർഷണമായ പ്രതിമയ്ക്കു മുന്നിലാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ സമരങ്ങൾ അരങ്ങേറുന്നത്.
ഒറ്റ വോട്ടർ പട്ടിക, ഒറ്റ ഇലക്ഷൻ
'ഒറ്റരാജ്യം ഒറ്റ തിരഞ്ഞെടുപ്പ്' അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചു. ലോക്സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഇന്ത്യയിൽ പ്രിസൈഡിംഗ് ഓഫീസർമാരുടെ സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിൽ ഇന്നലെ നടന്ന സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ തിരഞ്ഞെടുപ്പിനും പ്രത്യേകം വോട്ടർ പട്ടികയുണ്ടാക്കുന്നത് സമയവും സമ്പത്തും നഷ്ടപ്പെടുത്തും. ഒറ്റ വോട്ടർ പട്ടിക ഉപയോഗിച്ച് എല്ലാ തലങ്ങളിലേക്കും ഒന്നിച്ച് വോട്ടെടുപ്പ് സാദ്ധ്യമാകും.18 വയസു തികഞ്ഞവർക്ക് വോട്ടവകാശമുള്ള രാജ്യത്ത് അതിന് ബുദ്ധിമുട്ടില്ല. ഡിജിറ്റൽ വിദ്യകൾ ഇതിനായി ഉപയോഗിക്കാമെന്നും മോദി നിർദ്ദേശിച്ചു. 2014ലെ ഒന്നാം മോദി സർക്കാർ ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം രാഷ്ട്രീയ കക്ഷികളുമായി ചർച്ച ചെയ്തെങ്കിലും സമവായമുണ്ടായില്ല. 2019ൽ രണ്ടാം തവണ അധികാരമേറ്റ ശേഷം ആദ്യമായാണ് ഈ വിഷയം മോദി വീണ്ടും ഉന്നയിക്കുന്നത്.