covi

ലണ്ടൻ​:​ ​​​ ​ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിനായ കൊവിഷീൽഡിനെ പുതിയ പരീക്ഷണത്തിന് വിധേയമാക്കുമെന്ന് റിപ്പോർട്ട്. ആസ്​ട്രാസെനക സി.ഇ.ഒ ആയ പാസ്​കൽ സോറിയറ്റാണ്​ ഇക്കാര്യം അറിയിച്ചത്​. വാക്​സിന്റെ സുരക്ഷയെ കുറിച്ച്​ ആശങ്കയുയർന്ന സാഹചര്യത്തിലാണ്​ പരീക്ഷണം നടത്തുന്നത്.

വാക്​സി​ൻ കുറച്ചു കൂടി മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്ന്​ സോറിയറ്റ്​ പറഞ്ഞു. കൂടുതൽ രാജ്യങ്ങളിലെ ജനങ്ങളെ ഉൾപ്പെടുത്തി പരീക്ഷണം നടത്തുമെന്ന സൂചനയും അദ്ദേഹം നൽകി. അതേസമയം, വിവിധ രാജ്യങ്ങളിൽ ഈ വർഷം അവസാനത്തോടെ വാക്​സിന്​ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ഇന്ത്യയിൽ കൊവിഷീൽഡിന്റെ പരീക്ഷണം നടത്തുന്ന സീറം ഇൻസ്​റ്റിറ്റ്യൂട്ട്​ നിലവിലെ സംഭവവികാസങ്ങളിൽ ആശങ്ക​പ്പെടേണ്ട സാഹചര്യമില്ലെന്ന്​ പ്രതികരിച്ചു. ഇന്ത്യയിലെ വാക്​സിൻ പരീക്ഷണം സുരക്ഷിതമായാണ്​ മുന്നോട്ട്​ പോകുന്നത്​. വാക്​സിന്റെ അളവിനും ആളുകളുടെ പ്രായത്തിനും അനുസരിച്ച്​ കാര്യക്ഷമതയിൽ മാറ്റം വരുമെന്ന്​ സീറം ഇൻസ്​റ്റിറ്റ്യൂട്ട്​ പ്രതികരിച്ചു.

അതേസമയം, വാക്സിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനായി അസ്ട്രാസെനകയുടെ പരീക്ഷണ ഡോസ് റഷ്യയുടേതുമായി സംയോജിപ്പിക്കാൻ ശ്രമിക്കണമെന്ന് സ്പുട്നിക് 5 നിർമ്മാതാക്കൾ അഭിപ്രായപ്പെട്ടു. 92 ശതമാനം ഫലപ്രാപ്തി സ്പുട്നിക്കിന് ഉണ്ടെന്ന് ഇടക്കാല പരീക്ഷണത്തിൽ കണ്ടെത്തിയതായി റഷ്യ പറഞ്ഞു. എന്നാൽ തങ്ങളു‌ടെ വാക്സിന് 70 ശതമാനമാണ് ഫലപ്രാപ്തിയെന്നും ഇത് 90 ശതമാനം വരെയാകുമെന്നും അസ്ട്രസെനക വ്യക്തമാക്കുന്നു.