gdp

ന്യൂഡല്‍ഹി : ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി. പി) ജൂലായ് - സെപ്റ്റംബർ കാലയളവിൽ 7.5 ശതമാനമായി ഇടിഞ്ഞു. ആദ്യപാദത്തിൽ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ജി.ഡി.പി കുത്തനെ ഇടിഞ്ഞത്.

നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസിന്റെ കണക്ക് പ്രകാരം രണ്ട് പാദങ്ങളിൽ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തെ ( Technical Recession ) അഭിമുഖീകരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ മൊത്തത്തിൽ 8.1 ശതമാനത്തിന്റെ ഇടിവാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായിരിക്കുന്നത്. നാൽപത് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും മോശം നിലയിലേക്ക് സൂചിക താഴുന്നത്. രാജ്യം ചരിത്രത്തിൽ ആദ്യമായാണ് സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

തുടര്‍ച്ചയായി രണ്ടു പാദങ്ങളിലും സാമ്പത്ത് വ്യവസ്ഥ ഇടിയുന്നതോടെ സമ്പദ്‌രംഗം മാന്ദ്യം എന്ന അവസ്ഥയിലെത്തുമെന്ന് റിസര്‍വ് ബാങ്കിന്റെ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം മൊത്തത്തിൽ 9.5 ശതമാനത്തിലേക്ക് ജി.ഡി.പിയി ചുരുങ്ങുമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നു.