vaccine

ലണ്ടൻ: ബ്രിട്ടണിലെ കൊവിഡ് വാക്‌സിൻ നിർമാണ കമ്പനിയായ അസ്ട്രാസെനെക്കയ്ക്ക‌െതിരെ ഉത്തര കൊറിയൻ ഹാക്കർമാർ സെെബർ ആക്രമണ ശ്രമം നടത്തിയതായി റിപ്പോർട്ടുകൾ. അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിട്ടേയ്‌സാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

അസ്ട്രാസെനെക്കയ്ക്ക‌െയിലെ രണ്ട് ജീവനക്കാർക്ക് ലിങ്ക്ഡ് ഇൻ ഫ്ലാറ്റ്‌‌ഫോമിലൂടെ വ്യാജ ജോലി വാഗ്‌ദാനം ചെയ്‌താണ് ആക്രമ ശ്രമം. ജോലിയുടെ വിവരങ്ങളാണെന്ന് കാണിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്‌ത പ്രോഗ്രാം ജീവനക്കാർക്ക് അയച്ചു നൽകുകയും ചെയ്‌തു. ഇതിലൂടെ വിവിധ കംപ്യൂട്ടറുകളിൽ സെെബർ ആക്രമണം നടത്തി വാക്‌സിൻ വിവരങ്ങൾ തട്ടിയെടുക്കാനാണ് ഹാക്കർമാർ ശ്രമിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

ഉത്തര കൊറിയൻ ഹാക്കർമാരുടെ ശ്രമം വിജയിച്ചില്ല.എന്നാൽ ഈ സംഭവത്തിനോട് ജനീവയിലെ ലോകാരോഗ്യ സംഘടന പ്രതികരിക്കാൻ തയ്യാറായില്ല. സെെബർ ആക്രമണത്തിന്റെ ശെെലിയും രീതിയും വിലയിരുത്തി ആക്രമണം നടത്തിയിരിക്കുന്നത് ഉത്തര കൊറിയൻ കമ്പനികളാണെന്ന് യു.എസ് സെെബർ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.