maoist-

വയനാട്: മാവോയിസ്‌‌റ്റ്‌ ഭീഷണിയുളള വയനാട്ടിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ശക്തമാക്കാൻ തീരുമാനം. മാവോയിസ്റ്റ് ഭീഷണിയുളള 112 പോളിംഗ് ബൂത്തുകളാണ് വയനാട് ജില്ലയിലുളളത്. അടുത്തിടെ ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൂടെ കണക്കിലെടുത്ത് ഇവിടെ കൂടുതൽ സേനകളെ വിന്യസിപ്പിക്കാനാണ് തീരുമാനം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാവോയിസ്റ്റ് ഭീഷണിയുളള ബൂത്തുകൾ വയനാട് ജില്ലയിലാണ്. വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയാണ് മാവോയിസ‌്‌റ്റ് ഭീഷണിയുളള ബൂത്തുകളെ നിരീക്ഷിക്കുക. തണ്ടർ ബോൾട്ട് സേനയെ നിരീക്ഷണത്തിന് നിയോഗിക്കാൻ തീരുമാനമുണ്ട്. വാഹന പരിശോധനയും കർശനമാക്കും.

അടുത്തിടെ ബാണാസുര മലയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് വേൽമുരുഗൻ കൊല്ലപ്പെട്ടതും കഴിഞ്ഞ ഫെബ്രുവരിയിൽ വൈത്തിരിയിലെ റിസോർട്ടിലുണ്ടായ ഏറ്റുമുട്ടലിൽ സി പി ജലീൽ കൊല്ലപ്പെട്ടതും കണക്കിലെടുത്താണ് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

ബാണാസുര മലയിലെ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകളുടെ പരസ്യ പ്രതികരണം പുറത്ത് വന്നിരുന്നില്ല. മുമ്പ് സാന്നിദ്ധ്യമുണ്ടായിരുന്ന മേഖലകളിൽ ഇവർ പിന്നീട് എത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്‌തേക്കുമെന്നും പൊലീസ് കരുതുന്നു.