india-covid

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രാജ്യത്ത് 93,51,224 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 486 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1,36,238 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 41,177 പേർക്ക് 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായതോടെ ആകെ രോഗമുക്തി 87,58,886 ആയി. 4,53,960 ആക്‌ടീവ് കേസുകളാണ് രാജ്യത്തുള‌ളത്.

6185 പുതിയ കേസുകൾ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്‌ട്രയാണ് കൊവിഡ് കേസുകൾ ഏ‌റ്റവുമധികമുള‌ള സംസ്ഥാനം. ഇവിടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,08,550 ആയി. ഇന്നലെ 85 പേർ രോഗം ബാധിച്ച് മരണമടഞ്ഞതോടെ ആകെ 46,898 പേർ കൊവിഡ് രോഗത്തിന് കീഴടങ്ങി. മുംബയ് നഗരത്തിൽ മാത്രം 1074 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു.

രാജ്യതലസ്ഥാനത്തും കൊവിഡ് പിടിമുറുക്കുകയാണ്. ഡൽഹിയിൽ വെള‌ളിയാഴ്‌ച 5482 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 98 പേർ മരണമടഞ്ഞു. ആകെ രോഗം സ്ഥിരീകരിച്ചവർ 5,56,744ഉം മരണമടഞ്ഞവർ 8909ഉം ആണ്.ഇവിടെ 24 മണിക്കൂറിനിടെ 64,455 ടെസ്‌റ്റുകൾ നടത്തി. മൂന്നാം സ്ഥാനത്തുള‌ള കേരളത്തിൽ 3966 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4544 പേർ രോഗമുക്തി നേടി. പശ്ചിമബംഗാളിൽ 3489 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3496 പേർ രോഗമുക്തി നേടി.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കൊവിഡ് വാക്‌സിൻ വികസന-നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ അഹമ്മദാബാദിലെ സെറം ഇൻസ്‌റ്റി‌റ്റ്യൂട്ടിൽ സന്ദർശനം നടത്തുകയാണ്. ഇതിനുശേഷം ഭാരത് ബയോടെകിന്റെ കൊവാക്സിൻ നിർമ്മാണ കേന്ദ്രത്തിൽ അദ്ദേഹം സന്ദർശിക്കും.