തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. നാല് മാസത്തിനിടെ ആറായിരം രൂപയാണ് കുറഞ്ഞത്.കഴിഞ്ഞ ഓഗസ്റ്റിൽ പവന് 42,000 രൂപയായി ഉയർന്നിരുന്നു. പിന്നീടുള്ള മാസങ്ങളിൽ വില കുറഞ്ഞു.
ഇപ്പോൾ ജൂലായ് മാസത്തെ നിലവാരത്തിലാണ് സ്വർണവില. ജൂലായ് ആറിനാണ് പവൻ വില 35,800ലെത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ച പവന് 720 രൂപയും, തൊട്ടടുത്ത ദിവസം 480 രൂപയും, ഇന്നലെ 120 രൂപയും കുറഞ്ഞിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില കുറയുന്നത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും, കൊവിഡ് വാക്‌സിന്‍ പരീക്ഷണവുമൊക്കെ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.