cliff

തിരുവനന്തപുരം: അടുത്തിടെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് വേദിയായ സെക്രട്ടേറിയറ്റിൽ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിനും ശക്തമായ സുരക്ഷ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. വിമാനത്താവള നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓടിക്കയറിയതിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ സുരക്ഷ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്) നെ സർക്കാർ ഏൽപിച്ചിരുന്നു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ക്ളിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകരിൽ ചിലർ ബാരിക്കേഡും സുരക്ഷയും മറികടന്ന് ക്ളിഫ് ഹൗസ് വളപ്പിന് സമീപം വരെ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് പലപ്പോഴും നന്തൻകോട് ജംഗ്ഷനിലാണ് പൊലീസ് തടയാറുള്ളത്. എന്നാൽ, ഇതൊക്കെ മറികടന്നായിരുന്നു പ്രവർത്തകർ ക്ളിഫ് ഹൗസ് വളപ്പിന് അടുത്ത് വരെ എത്തിയത്.

മതിലിന്റെ ഉയരം കൂട്ടും

അടുത്തിടെ ക്ളിഫ് ഹൗസിലെ സുരക്ഷ പൊലീസ് വിലയിരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ സുരക്ഷ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. ഇതിന്റെ ഭാഗമായി ക്ളിഫ് ഹൗസിന്റെ ചുറ്റുമതിലിന്റെ ഉയരം കൂട്ടണമെന്ന് പൊലീസ് ശുപാർശ ചെയ്തു. മതിലിന് മുകളിലൂടെ ഇനി ആരെങ്കിലും ചാടിക്കടക്കുകയോ വലിഞ്ഞു കയറുകയോ ചെയ്താൽ അത് തടയുന്നതിനായി അഗ്രം കൂർത്തിരിക്കുന്ന കമ്പികളുള്ള വേലി സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. ക്ളിഫ് ഹൗസിന്റെയും കോമ്പൗണ്ടിന്റെയും പൂർണ കാഴ്ച ലഭ്യമാകുന്ന മൂന്ന് കെട്ടിടങ്ങളാണ് ഇതിന് സമീപത്തുള്ളത്. ഈ കാഴ്ച തടയുന്ന തരത്തിലുള്ള നിർമ്മിതികൾ സ്ഥാപിക്കാനും തീരുമാനിച്ചു.

ക്ളിഫ് ഹൗസിന് മുന്നിലെ ഗേറ്റിന് വലതുവശത്തായി സ്ഥാപിച്ചിരിക്കുന്ന ഗാർഡ് റൂം അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കും. ഇതോടൊപ്പം വൈ.എം.ആർ ജംഗ്ഷനിൽ നിന്ന് ക്ളിഫ് ഹൗസിലേക്ക് എത്തുന്ന വഴി സ്ഥിരമായി അടയ്ക്കുകയും ചെയ്യും. കോമ്പൗണ്ട് മതിലിൽ കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുകയും മതിലിനോട് ചേർന്ന് നിൽക്കുന്ന മരങ്ങളുടെ മേൽഭാഗം മുറിക്കുകയും ചെയ്യാനും ശുപാർശയുണ്ട്.

ക്ളിഫ് ഹൗസിൽ വൈദ്യുത തടസമുണ്ടായാൽ പകരം സംവിധാനം ഇല്ലാത്ത സാഹചര്യത്തിൽ ജനറേറ്റർ സ്ഥാപിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ക്ളിഫ് ഹൗസിലേക്കുള്ള റോഡ് ആരംഭിക്കുന്ന ദേവസ്വം ബോർഡ് ജംഗ്ഷനിൽ കൂടുതൽ സി.സി.ടി.വികൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.

വാച്ച് ടവറും വേണം

ക്ളിഫ് ഹൗസ് കോമ്പൗണ്ടിനുള്ളിൽ ഔദ്യോഗിക വസതിയും സമീപപ്രദേശങ്ങളും വ്യക്തമായി കാണത്തക്ക വിധത്തിൽ ഒരു നിരീക്ഷണ ടവർ (വാച്ച് ടവർ) സ്ഥാപിക്കണമെന്നും പൊലീസ് ശുപാർശ ചെയ്തിട്ടുണ്ട്. കോമ്പൗണ്ടിൽക്കൂടി മതിലിന് ചുറ്റുമായി സുരക്ഷാ ഗാർഡിന് നടക്കുന്നതിന് വേണ്ടി നടപ്പാത നിർമ്മിക്കാനും ശുപാർശയുണ്ട്.

ഫയർ ഓഡിറ്റ് വേണം

ക്ളിഫ് ഹൗസിൽ അടിയന്തരമായി ഫയർ സേഫ്റ്റി ഓഡിറ്റ് നടത്തണമെന്നും പൊലീസ് ശുപാർശ ചെയ്തു. മാത്രമല്ല, ഇത്തരം ഫയർ സേഫ്റ്റി ഓഡിറ്റ് കൃത്യമായ ഇടവേളകളിൽ നടത്തണമെന്നും ശുപാർശയിൽ പൊലീസ് ചൂണ്ടിക്കാട്ടി.