പിന്നെ എന്താണ് എന്നെ ഏറ്റവും ആകർഷിച്ചത്?മററ്റാന്നുമല്ല, എന്റെ മനുഷ്യരെ! അത് മൂക്കിനു താഴെ വിരലുകൾ
കൊണ്ട് താഴേക്ക് വരഞ്ഞ് ചുംബനത്തിനായി അയാൾ ആംഗ്യംകാണിക്കുമ്പോഴാണ് . അതൊരു കാമ്പസ് തരംഗമായി തീർന്നു .
ചെറുക്കന്മാർ ചുണ്ടിനു മേൽ സ്വന്തംവിരലുകൾ ചേർത്ത് ഉമ്മ തേടി."--മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 40 വർഷം മുമ്പ് കണ്ടപ്പോഴുള്ള അനുഭവത്തെക്കുറിച്ച് പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ നിരീക്ഷകയുമായ തനൂജ ഭട്ടതിരി എഴുതുന്നു....
പ്രായം 18.
ലോകം കാൽക്കീഴിൽ ..
തലമുടി പറന്നു തൊടുന്നത് ആകാശം..
ഹൃദയം സ്നേഹനിർഭരം...
കാപഠ്യമേതുമില്ലാത്ത ബുദ്ധി....
നാൽപത് വർഷം മുമ്പുള്ള കാലം അത്.
അപ്പോഴാണ് നീളൻ നോട്ടത്തിനറ്റം ചെന്നു ഒരു പോസ്റ്ററിൽ കുടുങ്ങിയത്.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ!
വല്ലാതെ ആകർഷിച്ചു അന്നാ പേര്!
ഇന്നത്തെ 18 കാരികളുടെ സ്വാതന്ത്ര്യ ബോധമൊന്നുമില്ല അന്ന്.എന്നാലും വാശി പിടിച്ച് ആ ആഴ്ച തന്നെ സിനിമ കണ്ടു. എന്റെ ചെറുപ്പകാലത്ത് മലയാള സിനിമകളിൽഎന്നെ കരയിച്ചത് രണ്ട് സിനിമയാണ് മദനോത്സവവും മഞ്ഞിൽ വിരിഞ്ഞ പൂക്കളും. അത് കഴിഞ്ഞപ്പോഴേക്കും സിനിമ കണ്ട് കരയുന്നതൊക്കെ മോശമാണെന്നൊരു തെറ്റിദ്ധാരണ എന്നിലുണ്ടായി. ഇതൊക്കെ വെറും സിനിമയല്ലേ എന്ന ബുദ്ധിജീവി നാട്യത്തോടെ സിനിമ കാണാൻ ഞാനെന്നെ പരിശീലിപ്പിക്കാൻ ശ്രമിച്ചു. ഒരിക്കലുമത് വിജയിച്ചുമില്ല.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ എന്നെ അന്ന് അത്ഭുതപ്പെടുത്തിയത് വിവാഹിതയായ സ്ത്രീക്കും മറ്റൊരാളോട് പ്രേമം തോന്നും എന്നതാണ്.
പൂർണിമ ജയറാമിന്റെ നായികയുടെ ഒതുക്കം, പെൺകുട്ടികളുടെ സ്വഭാവ സവിശേഷതയായി ഒരിക്കലും ഞാൻ കണ്ടിട്ടില്ല. അല്പം കുസൃതിയും തന്റേടവും താൻ പോരിമയും ഉള്ള പെൺകുട്ടികളെയാണ് എനിക്കെന്നുമിഷ്ടം.
പൂർണിമയുടെ തരം സൗന്ദര്യവും എന്നെ ആകർഷിക്കുന്നതല്ല.എന്നിട്ടും ആ കഥാപാത്രത്തിൽ അന്ന് ഞാൻ അടിതെറ്റി വീണു.
അവൾ കണ്ട പ്രേം കൃഷ്ണനെ ഞാനും പ്രേമത്തോടെ നോക്കി. ശങ്കറിനെ പെൺകുട്ടികൾക്ക് ഇഷ്ടപ്പെടാതിരിക്കാനാവുമായിരുന്നില്ല. മലയാളിനായകർക്കന്നുവരെ അന്യമായിരുന്ന വേഷവിധാനത്തോടെയാണ് പ്രേം സിനിമയിലുടനീളം ചുറ്റി നടന്നത്.
അരയിൽ ഇറുകി കിടക്കുന്നതും പാദത്തിൽ വിടർന്നുകിടക്കുന്നതുമായ സ്മാൾ ബെൽബോട്ടം പാന്റ്സ് , പൂക്കളും ചിത്രങ്ങളും നിറഞ്ഞ ശരീരത്തോട് ചേർന്നു കിടക്കുന്ന ഷർട്ട് , ഹിന്ദി സിനിമയിലെ നായകരിടുന്ന ജാക്കറ്റ് , കാലിൽ വ്യത്യസ്ത ഷൂസ് , കഴുത്തിൽ ചുറ്റി സ്കാർഫ്,സർവോപരി ദേവാനന്ദ് പോലെയുള്ള വശ്യനായകർ മാത്രം വ്യക്തിത്വത്തിൽ സൂക്ഷിച്ച ബോഡി പോസ്. കഴുത്തൽപ്പം കുനിച്ച് തോൾ അല്പം കുനിച്ച് നടക്കുക. അത് അന്നത്തെ പെൺകുട്ടിക്ക് മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഒരു ചെമ്പനീരിന്റെ കാഴ്ചാനന്ദം നല്കി.
സിഗരറ്റ് വലിച്ചു നടക്കുന്ന, മദ്യപിക്കുന്ന, പുരുഷന്മാരിൽ നിന്നും നായകനെ,
ചോക്ളേറ്റ്, ചുണ്ടുകൾ കൊണ്ട് വലിച്ചെടുത്ത് നുണയുന്ന റൊമാന്റിക് ഹീറോയാക്കി.
അന്നും പക്ഷേ ചോക്ളേറ്റ് കവറുകൾ നിന്നിടത്ത് വലിച്ചെറിയുന്ന അയാളുടെ സ്വഭാവം എനിക്കിഷ്ടമായിരുന്നില്ല.എന്നാൽ നായിക ആ മിഠായിത്തൊലികൊണ്ട് പാവയുണ്ടാക്കി കിനാവ് കണ്ടപ്പോൾ ഞാനത് ക്ഷമിച്ചു.
മറ്റെല്ലാം പോട്ടേ!
പിന്നെ എന്താണ് എന്നെ ഹഠാദ് ആകർഷിച്ചത്?
മററ്റാന്നുമല്ല, എന്റെ മനുഷ്യരെ!
അത് മൂക്കിനു താഴെ വിരലുകൾ കൊണ്ട് താഴേക്ക് വരഞ്ഞ് ചുംബനത്തിനായി അയാൾ ആംഗ്യം കാണിക്കുമ്പോഴാണ് .
അതൊരു ക്യാമ്പസ് തരംഗമായി തീർന്നു . പെൺകുട്ടികളോട് സംവദിക്കാൻ ആൺ കുട്ടികൾ ഇതൊരവസരമാക്കി.
ബസിലും നടു റോഡിലും ദേവാലയങ്ങളിലും കുസൃതി ചെറുക്കന്മാർ ചുണ്ടിനു മേൽ സ്വന്തംവിരലുകൾ ചേർത്ത് ഉമ്മ തേടി.
പെൺകുട്ടികൾ സിനിമ കണ്ട ആവേശത്തിൽ അതാസ്വദിച്ചു .അവഗണിച്ചു. സ്വീകരിച്ചു.
ഒരു പെയിന്റിംഗ് പോലെ താഴ്വാരവും പരിസരവും ബാക്ക് ഗ്രൗണ്ടിൽ കണ്ടപ്പോഴും അതിലെ മനുഷ്യരാണ് കാണികളിൽ വികാരമുണർത്തിയത്.
അതുകൊണ്ടാണ് മോഹൻലാൽ ചെയ്ത വില്ലൻ കഥാപാത്രം രംഗപ്രവേശം ചെയ്തതു മുതൽ അറപ്പോടെ വെറുത്തത്.
മുഖംമുഴുവൻ പാടുകൾ നിറഞ്ഞ, കുഴികൾ ഉള്ള, കനത്ത പുരികവും വികൃത ചിരിയുമുള്ള, വില്ലൻ,നായകന്റെ നേർ വിപരീതമായിരുന്നു.
അന്നയാളെ വെറുത്ത അതേ പെൺകുട്ടികളാണ് പിന്നെയൊരു കാലത്ത് അയാളെ നെഞ്ചേറ്റിയത്.
സ്വപ്നം കണ്ട് കിടന്ന നായകനെ നിഷ്കരുണം തള്ളിക്കളയുകയും ചെയ്തു.
ഇതൊരു കൗമാരക്കാല കഥമാത്രം.
ഒന്നും ഗൗരവമായി എടുക്കാത്ത മറ്റേതോലോകത്തിൽ അഭിരമിച്ചിരുന്ന ഒരു പെൺകൂട്ടം.
അവരുടെ സ്വപ്നകൾക്ക് നിറം കൊടുക്കാൻ, പ്രേമത്തിൽ വിശ്വസിക്കാൻ, തല്ലിക്കെടുത്തിയിട്ടും പട്ടു പോകാതെ നീറിപ്പിടിക്കുന്ന പ്രണയത്തെ തിരിച്ചറിയാൻ, മരിച്ചാലും ജീവിച്ചിരിക്കുന്ന ഓർമകളെപുണരാൻ, ഒക്കെ ഈ സിനിമ അന്ന് കുറേ പേരെ ഉണർത്തി!
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വേദന ഹൃദയത്തിൽ നിറച്ച ഇതിലെ പാട്ടുകൾ, പാടിയാലും പാടിയാലും കൊതി തീരാതെ, കേട്ടാലും കേട്ടാലും മടുക്കാതെ ഇന്നും നമ്മോടൊപ്പമുണ്ട്.!
40 വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ ആ കാലം ഓർക്കാനാവുന്നു. മഞ്ഞിൽ വിരിഞ്ഞൊരു പൂവ് ഇന്നും തോട്ടത്തിൽ നീണ്ടെത്തും നോട്ടം കാക്കുന്നു!