boarini-milanesi

റോം : കൊള്ളാം, നല്ല ഭംഗിയുള്ള ഹാൻഡ് ബാഗ്. ഒന്നു വാങ്ങിക്കളയാം എന്ന് തോന്നുന്നുണ്ടോ. പക്ഷേ, കൈയ്യിൽ 52 കോടി രൂപ വേണം. ! അതെ, ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബാഗാണ് ഇത്. 52 കോടിയാണ് ഈ ഹാൻഡ് ബാഗിന്റെ വില. ഇറ്റാലിയൻ ലക്‌ഷ്വറി ബ്രാൻഡായ ബോറിനി മിലനെസിയാണ് ബാഗിന്റെ നിർമാതാക്കൾ. ബ്രാൻഡിന്റെ സ്ഥാപകനായ മാറ്റിയോ റൊഡോൾഫോ മിലനെസിയുടെ പിതാവിന്റെ ഓർമയ്ക്കായാണ് ഈ ആഡംബര ബാഗ് നിർമിച്ചിരിക്കുന്നത്.

ചീങ്കണ്ണിയുടെ തോൽ ആണ് ബാഗ് നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ബാഗിന്റെ ഉൾവശം മിനുസമായ കമ്പളി കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ബാഗിന്റെ പുറത്ത് കാണുന്ന ചിത്രശലഭങ്ങളെ കണ്ടോ. അവ വൈറ്റ് ഗോൾഡ് ആണ്. വെള്ള നിറത്തിലുള്ള ചിത്രശലഭങ്ങൾക്കുള്ളിൽ ഒന്നാന്തരം വജ്ര കല്ലുകളാണ് പതിപ്പിച്ചിരിക്കുന്നത്. മൂന്നെണ്ണത്തിൽ ഇന്ദ്രനീലകല്ലുകളാണ് പതിപ്പിച്ചിരിക്കുന്നത്. മറ്റ് മൂന്ന് പൂമ്പാറ്റകളിലും സവിശേഷമായ പരൈബ ടൂർമലിൻ രത്നകല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കല്ലുകളെല്ലാം തന്നെ 130 കാരറ്റ് ആണ്.

View this post on Instagram

A post shared by BOARINI MILANESI (@boarinimilanesi)

സമുദ്രമാണ് ബാഗിന്റെ ഡിസൈനായി ഉപയോഗിച്ചിരിക്കുന്ന തീം. സമുദ്രവുമായി ബന്ധപ്പെട്ട നിറങ്ങളാണ് ബാഗിൽ ഉപയോഗിച്ചിരിക്കുന്നത്. സമുദ്രങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ബാഗ് പുറത്തിറക്കിയിരിക്കുന്നത്. വില്പനയിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്നും ഒരു ഭാഗം സമുദ്രങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സംഭാവന നൽകുമെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.

ഇനി ഈ ബാഗ് വാങ്ങാൻ പോകുന്നത് ആരായാലും അവരുടെ പേരും ബാഗിന് പുറത്ത് പതിപ്പിക്കും. ഈ മോഡലിലെ വെറും മൂന്ന് ബാഗുകൾ മാത്രമേ ബോറിനി മിലനെസി നിർമിക്കുന്നുള്ളു. ഒരു ബാഗ് നിർമിക്കാൻ 1,000 മണിക്കൂർ വേണമെന്നാണ് റിപ്പോർട്ട്.