മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്റെ ആദ്യ സിനിമയാണ്. പ്രഭ നരേന്ദ്രൻ എന്ന കഥാപാത്രം തന്ന പ്രഭയിലാണ് ഞാൻ ഇപ്പോഴും നിൽക്കുന്നത്. എന്റെ ജീവിതം മാറ്റിമറിച്ച കഥാപാത്രം. ആദ്യ സിനിമയിൽത്തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം. അതിനുശേഷം ഇതേവരെ അത്രയും വലിയ അംഗീകാരം ലഭിച്ചില്ല. സാരി ഉടുക്കാൻ പോലും അന്ന് അറിയില്ലായിരുന്നു. സാരി ധരിച്ചും പ്രഭ എത്തി. അതാണ് ഇന്ന് എന്റെ പ്രിയ വേഷം. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കാൻ വരുമ്പോൾ മലയാളം നന്നായി അറിയില്ല. 'ഒരു തലൈരാഗം "എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ അഭിനയിച്ചശേഷമാണ് ശങ്കർ വരുന്നത്. തീർത്തും പുതുമുഖങ്ങളായിരുന്നു മോഹൻലാലും ഞാനും. ഏറെ ആഹ്ളാദം നിറഞ്ഞതായിരുന്നു ചിത്രീകരണ ദിനങ്ങൾ.ഇത്രയും ആഹ്ളാദത്തിൽ പിന്നീട് ഇതേവരെ ഒരു സിനിമയിലും അഭിനയിച്ചില്ല.
ഫാസിൽ സാർ മനോഹരമായി കഥ പറഞ്ഞു തന്നു. പ്രഭ ഇപ്പോഴും എന്റെയും പ്രേക്ഷകരുടെയും ഹൃദയത്തിൽ ജീവിക്കുന്നതിന് കാരണം ഫാസിൽ സാറിന്റെ കഴിവാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പ്രഭയുടെ ഒപ്പമോ ഒരുപടി മുൻപിലോ നിൽക്കുന്ന മറ്റൊരു കഥാപാത്രമില്ല. പ്രേം കൃഷ്ണനായി ശങ്കർ, നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രമായി മോഹൻലാൽ. എന്നാൽ മോഹൻലാലിന്റെ അഭിനയം എന്നെ അത്ഭുതപ്പെടുത്തി. എന്തൊരു പ്രകടനം. ഫാസിൽ സാർ ആക്ഷൻ പറഞ്ഞാൽ അടുത്ത നിമിഷം നരേന്ദ്രനായി മാറും. 'ഗുഡ് ഇവനിംഗ് മിസ്സിസ് പ്രഭ നരേന്ദ്രൻ" എന്ന ഡയലോഗ് ഇപ്പോഴും സൂപ്പർ ഹിറ്റാണ്. ആ സിനിമയിൽ എനിക്ക് ഏറ്റവും പ്രിയ സീൻ അതാണ്.ഡയലോഗ് കേൾക്കുമ്പോൾ ശങ്കറിന്റെയും എന്റെയും മുഖത്ത് ഉണ്ടാവുന്ന ഭാവങ്ങൾ.ഞങ്ങൾക്ക് മുമ്പിൽ ഫാസിൽ സാർ അനായാസമായി അഭിനയിച്ചു കാണിച്ചുതന്നത് ഇപ്പോഴും ഒാർക്കുന്നു. കൊടൈക്കനാലിൽ തണുപ്പിനെ ഭേദിച്ച ദിവസങ്ങൾ.വൻവിജയം നേടിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നാൽപ്പതു വയസ് എത്തിയെന്ന് വിശ്വാസം വരുന്നില്ല. വീണ്ടും ഒരിക്കൽകൂടി പ്രഭനരേന്ദ്രനായി മാറണമെന്ന് മനസ് എത്രയോ പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്. എന്താണ് ആ കഥാപാത്രത്തിലേക്ക് പിന്നേയും അടുപ്പിക്കുന്നതെന്ന് അറിയില്ല.
ഫാസിൽ സാറിനോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ ഒരു ചിരിയായിരുന്നു മറുപടി. ഹൃദയസ്പർശിയായ ഗാനങ്ങളിൽ കൂടിയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ പിറവി. മഞ്ചാടിക്കുന്നിൽ, മഞ്ഞണിക്കൊമ്പിൽ, മിഴിയോരം നനഞ്ഞൊഴുകും ... എങ്ങനെ മറക്കാൻ കഴിയും ആ പാട്ടുകൾ. ഗാനരംഗങ്ങളിലെല്ലാം ഏറെ ആസ്വദിച്ചാണ് അഭിനയിച്ചത്.സിനിമയിൽ അഭിനയിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചപ്പോൾ ലഭിച്ച അവസരമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ . ആദ്യ സിനിമയിൽത്തന്നെ നായിക.പിന്നീട് എത്തിയ സിനിമയെല്ലാം എന്നെ തേടി വരുകയായിരുന്നു.ആഗ്രഹിച്ചതു നേടുക എന്നത് ഒരു സുഖമാണല്ലോ. എന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അമ്മ മാത്രം ഇപ്പോഴില്ല. മൂന്നുമാസം മുൻപ് അമ്മ മരിച്ചു. അമ്മ കൂടി ഇപ്പോൾ വേണമായിരുന്നു. 1980 ഡിസംബർ 25 . 'അന്ന് ക്രിസ്മസ് മാത്രമല്ല, സ്ക്രീനിൽ ആദ്യമായി മോളെ കാണുന്ന ദിവസം കൂടിയാണെന്ന്"ഒാർമപ്പെടുത്തിയ അമ്മ. പ്രഭ നരേന്ദ്രനായി അഭിനയിക്കുമ്പോൾ അതു നോക്കിനിന്ന അമ്മയുടെ രൂപം ഒരിക്കലും മായില്ല.പ്രഭ നരേന്ദ്രൻ തന്ന ഒാർമകളും.