
സുര െെറ  പോട്ര് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ തരംഗം സൃഷ്ടിക്കുന്ന അപർണ ബാലമുരളിയുടെ
ജീവിത വഴികൾ......
തമിഴ് ബന്ധം
അമ്മൂമ്മ പഠിച്ചതും വളർന്നതും സേലത്താണ്. തമിഴ് നാടുമായി എനിക്ക് അങ്ങനെ ഒരു ബന്ധമുണ്ട്. അച്ഛനും അമ്മയും തമിഴ് പറയുകയും എഴുതുകയും ചെയ്യും. എനിക്കും തമിഴ് പറയാൻ അറിയാം. തമിഴ് പാട്ടുകളുടെ അർത്ഥം അമ്മയോടാണ് ചോദിക്കുക. അതിനാലാണ് തമിഴ് പാട്ട് പാടാൻ എളുപ്പം സാധിച്ചത്. ആദ്യമായി തമിഴിൽ അഭിനയിച്ച '8 തോട്ടകൾ" എന്ന ചിത്രത്തിൽതന്നെ പാടാൻ കഴിഞ്ഞു. എന്നാൽ 'സുരറൈ പോട്രി"ലെ സുന്ദരി തനി മധുരൈ പൊണ്ണ്. സുന്ദരിയാകാൻ ഒരു വർഷം നീണ്ട തയ്യാറെടുപ്പ് വേണ്ടിവന്നു. മധുരയിലെ സംസാര ശൈലി അതേപോലെ കൊണ്ടുവരുക വലിയ ബുദ്ധിമുട്ട് നിറഞ്ഞതും എനിക്ക് പുതുമ നിറഞ്ഞതുമായിരുന്നു. വലിയ കഠിനാദ്ധ്വാനം നടത്തിയശേഷമാണ് സുന്ദരിയായി കാമറയുടെ മുൻപിൽ നിന്നത്. ഒരു തയ്യാറെടുപ്പുമില്ലാതെ വന്നു അഭിനയിച്ചതിനാലാണ് മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയെ ആളുകൾ ഇപ്പോഴും സ്നേഹിക്കുന്നത്.സുന്ദരിയെ പോലെയല്ല ജിംസി. എന്റെ പ്രായമാണ് ജിംസിയ്ക്ക്. രണ്ടുപേരും ശക്തമായ സ്ത്രീകഥാപാത്രങ്ങൾത്തന്നെ.അഭിനയജീവിതത്തിൽ ഏറ്റവും മികച്ച കഥാപാത്രമാണ് സുന്ദരി .
ഒരു സൂപ്പർ സ്റ്റാറിനൊപ്പം ആദ്യമാണ് അഭിനയിക്കുന്നത്. സൂര്യ സാറിന്റെ ലളിതമായ പെരുമാറ്റം, ആത്മാർത്ഥത എല്ലാം അടുത്തുകണ്ടു. ഒടിടി റിലീസായതിനാൽ എത്ര ആളുകൾ കാണുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ കൂടുതൽ പേരിലേക്ക് എത്താനും മികച്ച അഭിപ്രായം നേടാനും കഴിഞ്ഞു.നന്നായി ശ്രദ്ധിച്ചു മാത്രമേ ഇനിയും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കൂ. സിനിമയിൽ എത്തിയിട്ട് അഞ്ചു വർഷം.ജിംസി കഴിഞ്ഞാൽ സൺഡേ ഹോളിഡേയിലെ അനുവും സർവ്വോപരി പാലാക്കാരനിലെ അനുപമയുമാണ് ഞാനുമായി കൂട്ടുകൂടുന്നവർ.അപ്രതീക്ഷിതമായാണ് സിനിമയിൽ വന്നത്. കിട്ടിയ ഭാഗ്യം ഈശ്വരാനുഗ്രഹത്താൽ മികച്ച രീതിയിൽ കൊണ്ടുപോവാനാണ് ആഗ്രഹം.

പാട്ട് ബന്ധം
പാട്ടിനെ പ്രോത്സാഹിപ്പിക്കാൻ വീട്ടിൽ തന്നെ ആളുണ്ട്, അച്ഛനും അമ്മയും.രണ്ടുപേരും പാട്ടുകാരാണ്. അമ്മ അഭിഭാഷകയുമാണ്. അച്ഛന്റെ അമ്മാവനാണ് കെ.പി. ഉദയഭാനു.അങ്ങനെയും സംഗീത ബന്ധമുണ്ട്. വീട്ടിൽ പാട്ട് പ്രധാനമാണ്. നാലാം ക്ളാസിൽ പഠിക്കുമ്പോഴാണ് പാട്ട് പഠിക്കാൻ തുടങ്ങുന്നത്. അച്ഛൻ ഉണ്ടെങ്കിൽ പാടാൻ എനിക്ക് താത്പര്യം കൂടും. എന്നാൽ അച്ഛന്റെ മുൻപിൽ പാടാൻ ഇപ്പോഴും ഭയമാണ്. എന്നാൽ റെക്കോർഡിങിനു പോവുമ്പോൾ അച്ഛൻ കൂടെ വേണം. ചില കാര്യങ്ങളൊക്കെ അച്ഛൻ പറഞ്ഞു തന്നാൽ എളുപ്പം മനസിലാകും. ലോക് ഡൗണിൽ അച്ഛനൊപ്പം കവർ സോങ് ചെയ്തു.സൺഡേ ഹോളിഡേയിൽ പാടിയ മഴ പാടും എന്ന പാട്ടിനോട് ഇഷ്ടം കൂടുതലാണ്. പാട്ട് എന്നും കൂടെത്തന്നെയുണ്ടാവും.
നൃത്ത ബന്ധം
നൃത്തത്തിനോടായിരുന്നു താത്പര്യം. ആദ്യം പഠിച്ചതും നൃത്തം. മുടങ്ങാതെ ക്ളാസിക്കൽ നൃത്ത പഠന ക്ളാസ്. പിന്നേയാണ് പാട്ട് പഠിക്കാൻ തുടങ്ങുന്നത്. സുരറൈ പോട്രിലെ നൃത്തരംഗങ്ങൾ വ്യത്യസ്തമായിരുന്നു. ചുവടുകളെല്ലാം നേരത്തേ പഠിച്ചു. സ്ളോമോഷനിലാണ് ആനൃത്തം.ഇതെങ്ങെയാണ്  സിനിമയിൽ വരിക എന്നു സംശയമുണ്ടായിരുന്നു. എന്നാൽ സ്ക്രീനിൽ കണ്ടപ്പോൾ ശരിക്കും ഞെട്ടി. അത്രയ്ക്ക് വ്യത്യസ്തമായിരുന്നു. നൃത്ത പരിശീലനത്തിന് കൂടുതൽ സമയം മാറ്റിവയ്ക്കണമെന്നുണ്ട്. ഒാൺലൈൻ ക്ളാസുണ്ട്.നൃത്തത്തെ എന്നും കൂടെകൂട്ടും.

ആർകിടെക്ചർ ബന്ധം
പഠിച്ചത് ആർകിടെക്ചർ.ഏറെ ആഗ്രഹിച്ചാണ് ആ മേഖലയിൽ എത്തിയത്. ഈ വഴിയിൽ ഏറെ ദൂരം മുൻപോട്ട് പോവാനുണ്ട്. പാലക്കാട് പത്തിരിപ്പാല ഗ്ളോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർകിടെക്ചറിലാണ് പഠിച്ചത്.ആർകിടെക്ചർ പഠിച്ച എല്ലാവർക്കും സങ്കല്പത്തിലെ വീട് സ്വന്തമായി പണികഴിപ്പിക്കുക എന്നാഗ്രഹമുണ്ട്.പണികഴിപ്പിക്കുന്ന എല്ലാ വീടും അവരുടെ സങ്കല്പത്തിലേതാണ്. എനിക്കു വേണ്ടി ഞാൻ പണികഴിപ്പിക്കുന്ന ഒരു വീടുണ്ടാവും. നല്ല ഒരു ഡിസൈൻ മനസിൽ വരച്ചിട്ടുണ്ട്. എപ്പോഴെന്ന് അറിയില്ല. തീർച്ചയായിട്ടും ഒരു ദിവസംഅതു സംഭവിക്കും. ആർകിടെക്ചർ ഓഫീസുണ്ട് . അവിടെ പോവാനും സമയം കണ്ടെത്തുന്നു. തൃശൂരാണ് വീട്.ആർകിടെക്ചർ മേഖലയിൽ എന്നും  ഉണ്ടാവും.
നല്ല നടിയായി മാറണം
ഒരു നല്ല നടനോ, നടിയോ ആയി മാറുക എന്നത് വലിയ ഘടകമാണ്. ഏതു കഥാപാത്രം  നൽകിയാലും സുരാജേട്ടൻ അസാദ്ധ്യമായി അഭിനയിക്കും. ഒരു നല്ല നടിയായി മാറാനാണ്  എനിക്ക് ആഗ്രഹം.