
ലക്നൗ: യു.പിയിൽ മാദ്ധ്യമ പ്രവർത്തകനെയും സുഹൃത്തിനെയും വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ബൽറാംപൂരിലുള്ള ഒരു ഹിന്ദി ദിനപത്രത്തിൽ ജോലി നോക്കുന്ന രാകേഷ് സിംഗിനെയും സുഹൃത്ത് പിന്റു സാഹുവിനെയുമാണ് ഇന്നലെ രാവിലെയോടെ മുറിയിലുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇരുവരെയും ഉടൻ തന്നെ ലക്നൗവിലെ കെ.ജി.എം.യു ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു. കോട്വാലി ദെഹത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കാൽവരി ഗ്രാമത്തിലുള്ള രാകേഷ് സിംഗിന്റെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെ ഒരു മുറിക്കുള്ളിൽ ഇരുവരെയും പൊള്ളലേറ്റ  നിലയിൽ കണ്ടെത്തുകയായിരുന്നു. തീപിടിത്തത്തിൽ മുറിയിലെ ചുവര് അടർന്ന് പുറത്തേക്ക് വീണു. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംഭവം കൊലപാതകമാണോ എന്ന തരത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമികൾ തന്നെ കൊല്ലാനായി ശ്രമം നടത്തിയതായി രാകേഷ് സിംഗ് മൊഴി നൽകിയെന്നാണ് ബൽറാംപുർ പൊലീസ് പറയുന്നത്. 
ഇരുവരും ഉണ്ടായിരുന്ന മുറി അക്രമികൾ  പുറത്തുനിന്ന് പൂട്ടി തീയിട്ട ശേഷം കടന്നുകളഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരാത്തതും ഈ സംശയം ബലപ്പെടുത്തുന്നു. സംഭവ സമയം സിംഗിന്റെ ഭാര്യയും മകളും അവരുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.