വാഷിംഗ്ടൺ: അനുമതി ലഭിച്ചാൽ അടുത്ത വർഷം പകുതിയോടെ പത്തോളം കൊവിഡ് വാക്സിനുകൾ ലഭ്യമാകുമെന്ന് ഇന്റർനാഷനൽ ഫെഡറേഷൻ ഒഫ് ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഡയക്ടർ ജനറൽ തോമസ് ക്യൂനി. മരുന്ന് കമ്പനികൾക്ക് പരിരക്ഷ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഫൈസർ, ബയോഎൻടെക്, മോഡേണ, ആസ്ട്രാസെനക തുടങ്ങിയവയുടെ വാക്സിനുകൾ പരീക്ഷണത്തിൽ ഫലപ്രദമാണെന്ന് കണ്ടെത്തി. എന്നാൽ അവ ഏറ്റവും എളുപ്പത്തിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന കാര്യത്തിൽ ചോദ്യം ഉയരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.ജോൺസൺ ആൻഡ് ജോൺസൺ, നോവാവാക്സ് തുടങ്ങിയവയുടെ വാക്സിനുകളിലും പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ ഫാർമകളും ബയോടെക് കമ്പനികളും കൊവിഡ് മഹാമാരി സമയത്ത്വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണത്തിനും നിർമ്മാണത്തിനും വലിയ നിക്ഷേപം സാദ്ധ്യമാക്കി. അതിനാൽ തന്നെ വാക്സിനുകൾക്ക് പേറ്റന്റ് ലഭ്യമാക്കണം. നിർബന്ധിത ലൈസൻസിംഗ് നൽകുന്നതിനായി പേറ്റന്റ് പരിരക്ഷ നൽകാതിരിക്കുന്നത് വാക്സിന്റെ ഗുണനിലവാരത്തെ ബാധിക്കും.അതേസമയം,റഷ്യയുടെ പ്രതിരോധ വാക്സിനായ സ്പുട്നിക്കിന്റെ 10 കോടി ഡോസ് ഇന്ത്യ പ്രതിവർഷം നിർമ്മിക്കുമെന്ന് റഷ്യ വ്യക്തമാക്കി. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ ഹെറ്ററോയുമായി സഹകരിച്ചാണ് ഉൽപാദനം ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇതിനായി ഇന്ത്യയും റഷ്യയും ധാരണയിലെത്തിയതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർ.ഡി.ഐ.എഫ്) അറിയിച്ചു. 2021ൽ ഉൽപാദനം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ കൂടാതെ ബ്രസീൽ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും മരുന്ന് ഉൽപാദനത്തിൽ പങ്കാളിയാകുമെന്ന് ആർ.ഡി.ഐ.എഫ് കൂട്ടിച്ചേർത്തു.സ്പുട്നിക്കിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഇടക്കാല ഫലം കഴിഞ്ഞ ആഴ്ച റഷ്യ പുറത്തുവിട്ടിരുന്നു. വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ തെളിഞ്ഞെന്നാണ് റഷ്യ പറയുന്നത്. അവസാനഘട്ട പരീക്ഷണം പൂർത്തിയായാൽ മാത്രമേ വലിയ അളവിൽ വാക്സിൻ ഉൽപാദിപ്പിക്കാൻ സാധിക്കൂ. യു.എ.ഇ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിൽ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്.