ലോസ്ആഞ്ചലസ് : നവംബർ മാസം അവസാനിക്കാറായി. ഈ മാസം അവസാനം അപൂർവമായ ഒരു മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ശാസ്ത്രലോകം. 153201 2000 WO107 എന്ന ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോവാൻ ഒരുങ്ങുകയാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായ്‌യിലെ ബുർജ് ഖലീഫയോളം വലിപ്പമുള്ള ഈ കൂറ്റൻ ഛിന്നഗ്രഹത്തിന്റെ വരവ് നാസ സ്ഥിരീകരിച്ചിട്ടുണ്ട്.
മണിക്കൂർ 90,124 കിലോമീറ്റർ വേഗതയിലാണ് ഈ ഭീകരൻ ചീറിപ്പാഞ്ഞ് വരുന്നത്. ഭൂമിയിൽ നിന്നും 4,302,775 കിലോമീറ്റർ അകലത്തിൽ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് റിപ്പോർട്ട്. നവംബർ 29ന് ഇന്ത്യൻ സമയം രാവിലെ 10.38നാണ് ഈ കൂറ്റൻ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോവുക. 12,00 അടിയ്ക്കും 2,5700 അടിയ്ക്കും ഇടയിലാണ് ഛിന്നഗ്രഹത്തിന്റെ വലിപ്പ പരിധി. 2,690 അടിയാണ് വ്യാസം.
2000 നവംബർ 29ന് ന്യൂമെക്സിക്കോയിലാണ് ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. നിയർ എർത്ത് ആസ്‌റ്ററോയിഡ് വിഭാഗത്തിലാണ് നാസ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭൂമിയ്ക്ക് ഭീഷണി ആയേക്കാവുന്ന ഗണത്തിൽപ്പെട്ടതാണിത്. അതേ സമയം, 29ന് ഈ കൂറ്റൻ ഛിന്നഗ്രഹം ഭൂമിയ്ക്ക് ഭീഷണിയില്ലാതെയാണ് കടന്നുപോകുന്നതെന്ന് ഗവേഷകർ പറയുന്നു.