pic

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ കർഷകർ നടത്തിയ ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികളെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. മാർച്ചിൽ പങ്കെടുത്ത കർഷകർക്കിടയിൽ നിന്നും ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെന്നും ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ സർക്കാരിന് ലഭിച്ചുവെന്നും മനോഹര്‍ ഘട്ടര്‍ പറഞ്ഞു. ഡൽഹിയിലേക്കുള്ള കർഷകരുടെ മാർച്ച് ഹരിയാനയിൽ വച്ച് പൊലീസ് തടഞ്ഞത് സംഘർഷങ്ങൾക്കിടെയാക്കിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഡൽഹി ചലോ മാർച്ചിൽ ഹരിയാനയിലെ കർഷകർ പങ്കെടുത്തിട്ടില്ലെന്നും പഞ്ചാബില്‍ നിന്നെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും മനോഹര്‍ ഘട്ടര്‍ പറഞ്ഞു. 'സമരം ആരംഭിച്ചത് പഞ്ചാബില്‍ നിന്നാണ്. സമരവുമായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യൂണിയനുകള്‍ക്കും ബന്ധമുണ്ട്. ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ല. അതിന് ഞാന്‍ അവരെ അഭിനന്ദിക്കുകയാണ്. തങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്തതിന് ഹരിയാന പൊലീസിനെയും അഭിനന്ദിക്കുന്നു' മനോഹര്‍ ഘട്ടര്‍ പറഞ്ഞു.

അതേസമയം ഡൽഹി ചലോ മാര്‍ച്ചിൽ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307 ( കൊലപാതക ശ്രമം) 147 (കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍) 149 (അനധികൃതമായി സംഘം ചേരല്‍) 269 (പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം) എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് കര്‍ഷകര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഹരിയാനയിലെ ഒന്നിലധികം പൊലീസ് സ്‌റ്റേഷനുകളില്‍ കര്‍ഷകര്‍ക്ക് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന സംസ്ഥാന സെക്രട്ടറി ഗുര്‍നാം സിംഗ് ചരുണി തുടങ്ങിയ നേതാക്കള്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബില്‍ നിന്നും ഡൽഹിയിലേക്ക് കർഷകർ നടത്തിയ മാർച്ച് ഹരിയാന പൊലീസ് തടഞ്ഞിരുന്നു. ഇതേതുടർന്നാണ് കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. എന്നാൽ കര്‍ഷകർ അതിക്രമിച്ചു കടന്നതാണ് സംഘർഷങ്ങൾക്ക് കാരണമായതെന്നും പൊലീസ് സംയമനത്തോടെയാണ് പെരുമാറിയതെന്നും ഹരിയാന പൊലീസ് മേധാവി മനോജ് യാദവ് പറഞ്ഞു.