കൊൽക്കത്ത: കൽക്കരി അഴിമതി കേസിൽ സി.ബി.ഐ റെയ്ഡിനിടെ ആരോപണ വിധേയൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബംഗാളിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നതിനിടെയാണ് പ്രധാന പ്രതി അനൂപ് മാജിയുമായി ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥൻ ധനഞ്ജയ് റായ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അസൻസോളിലെ ധനഞ്ജയന്റെ വീട്ടിൽ സി.ബി.ഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനിടെയാണ് റായിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനധികൃത കൽക്കരി ഖനന കേസിൽ നാല് സംസ്ഥാനങ്ങളിലെ 45 സ്ഥലങ്ങളിൽ സി.ബി.ഐ ശനിയാഴ്ച രാവിലെ റെയ്ഡ് നടത്തിയിരുന്നു.