poem

മലപ്പുറം: കവിയും അദ്ധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രൻ എഴുതിയ കവിത കെ.എസ്.ടി.എ നേതാവും പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റും അദ്ധ്യാപികയുമായ അജിത്രി ബാബു മോഷ്ടിച്ചതായി പരാതി. ഡോ. സംഗീത് രവീന്ദ്രന്‍ അടുത്തിടെ പ്രസിദ്ധീകരിച്ച 'ഉറുമ്പ് പാലം' എന്ന കവിതാ സമാഹാരത്തിലെ 'റോസ' എന്ന കവിതയിലെ ഏഴു വരികൾ അജിത്രി മോഷ്ടിച്ച് 'വിദ്യാരംഗ'ത്തിന്റെ നവംബര്‍ ലക്കം മാസികയില്‍ 'തുലാത്തുമ്പി' എന്ന പേരില്‍ പ്രസിദ്ധീകരിച്ചെന്ന് ഡോ. സംഗീത് രവീന്ദ്രൻ ആരോപിക്കുന്നു.

ഇക്കാര്യം തനിക്ക് ഏറെ അപമാനമുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു. കവിത പ്രസിദ്ധീകരിച്ചതില്‍ വിദ്യാരംഗത്തിന് സംഭവിച്ച പിഴവ് മാസികയിലൂടെ തന്നെ തിരുത്തു നല്‍കി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. സംഗീത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് 'വേദ ബുക്സ്' കഴിഞ്ഞ സെപ്തംബറില്‍ 'റോസ' എന്ന കവിത ഉള്‍പ്പെടെ 89 കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും സംഗീതുമായി ഒന്നിച്ചെഴുതിയ കവിതകളാണ് സമാഹാരത്തിലുളളതെന്നും അജിത്രി ബാബു പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന അപകീർത്തികമായ പ്രതികരണങ്ങളിൽ അജിത്രി ബാബു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവാദം സംഘപരിവാർ സംഘടനകളുടെ ഗൂഢാലോചനയാണെന്നും അജിത്രി ആരോപിച്ചു.