ജനീവ: ലോകത്തെ മുഴുവൻ ദുരിതത്തിലാഴ്‌ത്തിയ കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് ചെെനയിൽ നിന്നല്ലെന്ന്
ഉറപ്പിച്ച് പറയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്‌ത സ്ഥലത്തു നിന്നാണ് വെെറസിന്റെ ഉത്ഭവം കണ്ടെത്തേണ്ടതെന്നും അവിടുന്ന് ലഭിക്കുന്ന വിവരങ്ങൾ അന്വേഷണം കൂടുതൽ വഴിതിരിവുകളിലേക്ക് എത്തിക്കുമെന്നും ലോകാരോഗ്യ സംഘടന വിദഗ്‌ധൻ മൈക്ക് റിയാൻ പറഞ്ഞു.
"കൊവിഡ് ഉത്ഭവിച്ചത് ചെെനയിൽ നിന്നല്ലെന്നത് ഊഹം മാത്രമാണ്. അന്വേഷണം ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്‌ത സ്ഥലത്ത് നിന്ന് ആരംഭിക്കണം.ലഭ്യമാകുന്ന തെളിവുകൾ മറ്റു വഴിത്തിരിവുകളിലേക്ക് എത്തിച്ചേക്കാം." ജനീവയിൽ നടന്ന വെർച്വൽ വാർത്താസമ്മേളനത്തിൽ മൈക്ക് റിയാൻ പറഞ്ഞു. വെെറസിന്റെ ഉത്‌ഭവം അറിയാൻ ലോകാരോഗ്യ സംഘടന വുഹാനിലേക്ക് ഗവേഷകരെ അയച്ചതായും
മൈക്ക് റിയാൻ വ്യക്തമാക്കി.
വുഹാൻ നഗരത്തിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ വെെറ്സ് ചെെനയിലെ ലാബിൽ നിന്നും പുറത്തു ചാടിയതെന്ന തരത്തിൽ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെ അമേരിക്കയും ചെെനയ്‌ക്ക് എതിരെ രംഗത്ത് വന്നു. ഇത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മൈക്ക് റിയാൻ.