covid-test

ലണ്ടൻ: യു.കെയിൽ കൊവിഡ് പരിശോധനയിൽ ഉണ്ടായ പിഴവ് മൂലം ആയിരത്തിലേറെ പേർ രോഗബാധിതരെന്ന് കണ്ടെത്തി. സർക്കാർ സ്ഥാപനമായ യു.കെ ടെസ്റ്റ് ആന്റ് ട്രേസ് നടത്തിയ പരിശോധനയിലാണ് 1300 ഓളം പേരുടെ ഫലം തെറ്റായി കാണിച്ചത്.

നവംബർ 19 മുതൽ 23 വരെ യു.കെയിലുടനീളം പരിശോധന നടത്തിയ 1,311 പേരുടെ കൊവിഡ് ഫലം നെഗറ്റീവാണ്. ഇവർക്ക് കൊവിഡ് പോസിറ്റീവാണെന്ന തരത്തിൽ തെറ്റായ ഫലമാണ് ആദ്യം ലഭിച്ചതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ചില സാങ്കേതിക തകരാർ മൂലമാണ് പരീക്ഷണ ഫലത്തിൽ തെറ്റ് സംഭവിച്ചതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിലവിലെ പരിശോധനാ ഫലം അസാധുവാക്കിയെന്നും അതിനാൽ ഇവ‌ർ വീണ്ടും പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും നിർദേശമുണ്ട്.

പരിശോധനയിലുണ്ടായ ഗുരുതര വീഴ്‌ചയിൽ സ്ഥാപനത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.ഏഴ് ബില്ല്യൺ പൗണ്ടാണ് കൊവിഡ് പരിശോധനയ്‌ക്ക് മാത്രമായി യു.കെ സർക്കാർവകയിരുത്തിയിരിക്കുന്നത്.