
ഡൽഹി-ഹരിയാന അതിർത്തിയിൽ നടക്കുന്ന കർഷക സമരത്തിൽ സിഖ് വേഷം ധരിച്ച മുസ്ലിം നാമധാരിയും പങ്കെടുത്തു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിച്ചിട്ട് ഏതാനും മണിക്കൂറുകൾ മാത്രമേ ആയിട്ടുളളൂ. ബി.ജെ.പിയുടെ നേതാക്കളും, തീവ്ര വലതുപക്ഷ ചിന്താഗതിക്കാരുമുൾപ്പെടെ നിരവധി പേരാണ് ഈ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.
'നസീർ മുഹമ്മദ്' എന്നൊരാളുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീൻ ഗ്രാബുകൾ ഉപയോഗിച്ചുകൊണ്ട് ഇയാൾ സിഖ് തലപ്പാവ്(ദസ്താർ) ധരിച്ചുകൊണ്ട് കർഷക പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവരുടെ പ്രചാരണം.

'തീവ്ര ചിന്താഗതിയുള്ളവരും രാജ്യദ്രോഹികളു'മാണ് കർഷക പ്രക്ഷോഭത്തിന് പിന്നിലെന്ന വലതുപക്ഷ കുപ്രചാരണത്തിന് കൂട്ടുനിൽക്കുന്നതായിരുന്നു സോഷ്യൽ മീഡിയയിലൂടെ തന്നെയുള്ള ഈ പ്രചാരണവും. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ 'ആൾട്ട് ന്യൂസ്'പറയുന്നത്.

ഫേസ്ബുക്ക് പ്രൊഫൈലും ചിത്രവും നസീർ മുഹമ്മദിന്റേത് തന്നെയാണെങ്കിലും കാർഷിക ബില്ലുകൾ കേന്ദ്രം അവതരിപ്പിക്കുന്നതിനും ഏറെ മുമ്പേയാണ് നസീർ ഈ ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തതെന്ന് 'ആൾട്ട് ന്യൂസ്' ചൂണ്ടിക്കാട്ടുന്നു.
ഏപ്രിലിലാണ് നസീർ ഈ ചിത്രം ഫേസ്ബുക്കിലിട്ടത്. എന്നാൽ, കാർഷിക ബില്ലുകളുടെ കാര്യം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത് ജൂണിലാണെന്നതാണ് വസ്തുത. ശേഷം സെപ്തംബർ 27നാണ് ബില്ലുകൾക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതും ശേഷം ബില്ലുകൾ നിയമമായി മാറുന്നതും.
അധികം വൈകാതെ തന്നെ കർഷകർ നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുക്കുമ്പോഴാണ് നസീർ സിഖ് വേഷം ധരിച്ചുകൊണ്ട് കർഷക സമരത്തിൽ പങ്കെടുത്തു എന്ന കുപ്രചരണം വസ്തുതാവിരുദ്ധമെന്ന് തെളിയുന്നത്. നിലവിൽ തന്റെ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണ് നസീർ.