vaccine

ചെന്നെെ: സെറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച കൊവിഡ് വാക്‌സിൻ പരീക്ഷിച്ച സന്നദ്ധ പ്രവർത്തകന് നാഡീസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളതായി പരാതി. ചെന്നെെ സ്വദേശിയായ 40കാരനാണ് വാക്‌സിൻ കുത്തിവച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്‌നങ്ങളുള്ളതായി പറയുന്നത്. സംഭവത്തിൽ അഞ്ച് കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഇയാൾ സെറം ഇന്സ്റ്റിറ്റ്യൂട്ടിനെതിരെ കേസ് ഫയൽ ചെയ്‌തിരിക്കുകയാണ്.

"ടെസ്റ്റ് ഡോസ് നൽകിയതിന് ശേഷം ഞങ്ങളുടെ കക്ഷിക്ക് നാഡീസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഞങ്ങൾ നിയമപരമായി നോട്ടീസ് അയച്ചിട്ടുണ്ട്." പരാതിക്കാരനായ സന്നദ്ധ പ്രവർത്തകന്റെ അഭിഭാഷകൻ പറഞ്ഞു. ഐ.സി.എം.ആർ, അസ്ട്രാസെനെക്ക,യു.കെ. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ഓക്സ്ഫോർഡ് സർവ്വകലാശാല എന്നിവർക്കും നോട്ടീസ് അയച്ചതായി അഭിഭാഷകനായ എൻ.ജി.ആർ പ്രസാദ് പറഞ്ഞു. നവംബർ 21ന് നോട്ടീസ് അയച്ചിട്ടും ഇതുവരെ ഒരു കക്ഷികളും മറുപടി നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്‌ടോബർ ഒന്നിനാണ് ഇയാൾക്ക് വാക്‌സിനേഷൻ എടുത്തിരുന്നത്. വാക്‌സിൻ സ്വീകരിച്ച് പത്ത് ദിവസം വരെ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഒക്‌ടോബർ 11ന് കഠിനമായ തല വേദനയും ചർദിയും അനുഭവപ്പെട്ടതായും പിന്നീട് പെരുമാറ്റത്തിൽ മാറ്റം വന്നതായും പറയപ്പെടുന്നു. മാനസിന്റെ താളം തെറ്റിയ രീതിയിലാണ് ഇയാളുടെ ചില നേരങ്ങളിലെ പെരുമാറ്റമെന്നും പരാതിയിൽ പറയപ്പെടുന്നു. ഇത് വാക്‌‌സിന്റെ സുരക്ഷ സംബന്ധിച്ച അശങ്കകൾ ഉയർത്തുകയാണ്.