modi

ന്യൂഡൽഹി: മൻകിബാത്തിൽ, കേന്ദ്രം നടപ്പാക്കിയ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക നിയമങ്ങൾ കർഷകരുടെ നന്മയ്ക്കുവേണ്ടിയുളളതാണെന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യൻ കർഷകർക്ക് അവസരത്തിന്റെ വാതിലുകൾ തുറന്നിരിക്കുകയാണ്. കാലങ്ങളായി കർഷകർ ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോൾ നിറവേറ്റിയിരിക്കുന്നത്. മറ്റുസർക്കാരുകൾ ഈ ആവശ്യങ്ങൾ തമസ്കരിക്കുകയായിരുന്നു. ഏറെ ആലോചിച്ചശേഷമാണ് സർക്കാർ നിയമങ്ങൾക്ക് രൂപം നൽകിയത്. കർഷകർക്കുണ്ടായിരുന്ന മിക്ക പ്രതിബന്ധങ്ങളും നിയമം നടപ്പിലാക്കിയതോടെ അവസാനിച്ചു. അവർക്ക് പുതിയ അവകാശങ്ങളും അവസരങ്ങളും ലഭിച്ചു-പ്രധാനമന്ത്രി പറഞ്ഞു.

പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്കാരം വളരെയധികം സഹായിക്കുന്നു എന്നും മൻകിബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കൊവിഡെന്ന ആഗോള പകർച്ചവ്യാധിയുടെ ഈ കാലത്ത് നമ്മൾ സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ്. കൊവിഡിനിടയിലും ജനങ്ങൾ പൈതൃക വാരം നന്നായി ആഘോഷിക്കുന്നത് രാജ്യം കണ്ടതാണ്. സംസ്കാരം ഒരു വൈകാരികതയാണ്. ഇന്ത്യയുടെ സംസ്കാരം എല്ലായ്പ്പോഴും ലോകത്തെ മുഴുവൻ ആകർഷിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ സംസ്കാരത്തെക്കുറി​ച്ച് പഠി​ക്കാൻ മറ്റുരാജ്യങ്ങളി​ൽ നി​ന്ന് നി​രവധി​പേർ ഇവി​ടെയെത്തുന്നുണ്ട്. ഇവരി​ൽ പലരും ഇന്ത്യയുടെ സാംസ്കാരിക​ അംബാസഡർമാരായാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നത്.- മോദി​ പറഞ്ഞു

രാജ്യത്തെ നിരവധി മ്യൂസിയങ്ങളും ലൈബ്രറികളും അവരുടെ ശേഖരം പൂർണമായും ഡിജിറ്റൽ ആക്കുന്നതിനായി പ്രവർത്തിക്കുന്നു. നമ്മൾ ശൈത്യകാലത്തേക്ക് കാലെടുത്തുവയ്ക്കുകയാണ്. ചെറി പുഷ്പങ്ങളുടെ ചിത്രങ്ങളാൽ ഇന്റർനെറ്റ് നിറഞ്ഞിരിക്കുയാണ് അവയൊന്നും ജപ്പാനിൽ നിന്നുളളതല്ല. ഇന്ത്യയിലെ ഷില്ലോംഗിൽ നിന്നുളളതാണ്'- അദ്ദേഹം വ്യക്തമാക്കി​. ന്യൂസിലൻഡ് പാർലമെന്റിൽ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയ ഡോ. ഗൗരവ് ശർമ്മയെ മോദി മൻകി ബാത്തിൽ അഭിനന്ദിക്കുകയും ചെയ്തു.