തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുന്നണി സ്ഥാനാർത്ഥിയാണ് കല്ലറ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന എൽ.ഡി. എഫ് സ്ഥാനാർത്ഥി ബിൻഷ ബി. ഷറഫ്. വാർത്താ അവതാരകയായും റിപ്പോർട്ടറായും മാദ്ധ്യമ രംഗത്ത് തിളങ്ങിയ ബിൻഷ മാദ്ധ്യമപ്രവർത്തനത്തിൽ നിന്ന് രാജിവച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ബിൻഷ ബി. ഷറഫ് ഫ്ളാഷിനോട് തന്റെ വികസന സങ്കൽപ്പങ്ങളും പ്രതീക്ഷകളും പങ്കുവയ്‌ക്കുന്നു.
വാശിയേറിയ ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ വോട്ടർമാരുടെ ഭാഗത്ത് നിന്നുളള പ്രതികരണങ്ങൾ എങ്ങനെയാണ്? എങ്ങനെയാണ് ഈ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്?
വോട്ടർമാരുടെ ഭാഗത്ത് നിന്ന് വളരെ പോസിറ്റീവായുളള പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഊഷ്‌മളമായ സ്വീകരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ലോകം മുഴവനും മാറുകയാണ്. പുതിയ കാഴ്‌ചപ്പാടുകൾ രൂപപ്പെടുകയാണ്. അത്തരമൊരു കാലഘട്ടത്തിൽ നമുക്ക് പല പുതിയ കാര്യങ്ങളും ചെയ്യാൻ പറ്റും എന്നൊരു വിശ്വാസമുണ്ട്.
മാദ്ധ്യമപ്രവർത്തനത്തിൽ നിന്നാണല്ലോ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അത്തരമൊരു സാഹചര്യമുണ്ടാകാനുളള കാരണമെന്താണ്?
പഠന കാലയളവിൽ തന്നെ പാഠ്യേതര പ്രവർത്തനങ്ങളിൽ ഞാൻ വളരെ സജീവമായിരുന്നു. നാടുമായി ബന്ധപ്പെട്ട പൊതു പ്രവർത്തനങ്ങളും കോളേജിൽ നാഷണൽ സർവീസ് സ്‌കീമിലും ഒക്കെ പങ്കാളിയായിരുന്നു. പൊതുസമൂഹവുമായി ബന്ധപ്പെട്ട് നിൽക്കുന്ന മേഖലയിലേക്ക് എത്തിച്ചേരണമെന്ന് സ്‌ക്കൂളിൽ പഠിക്കുന്ന സമയം മുതൽ താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് മാദ്ധ്യമപ്രവർത്തനം തിരഞ്ഞെടുക്കുന്നത്. രാഷ്ട്രീയത്തെ അടുത്തു നിന്ന് കാണാനുളള അവസരം അതുവഴി ലഭിച്ചു. പൊതു ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഇടയിലെ മദ്ധ്യസ്ഥ റോളാണ് മാദ്ധ്യമങ്ങൾ എപ്പോഴും വഹിക്കുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒരുപാട് പഠിക്കാനുളള അവസരം മാദ്ധ്യമപ്രവർത്തനത്തിലൂടെ ലഭിച്ചിട്ടുണ്ട്. അത് രാഷ്ട്രീയ രംഗത്ത് സഹായകമാവുക തന്നെ ചെയ്യും.
എതിരാളികളായ രണ്ട് പരിചയ സമ്പന്നരുമായി താരതമ്യം ചെയ്യുമ്പോൾ യുവതലമുറയിൽപ്പെട്ട ഒരു സ്ഥാനാർത്ഥിയാണ് ബിൻഷ. അതിൽ ആശങ്കയുണ്ടോ?
ആശങ്കയൊന്നുമില്ല. യുവതലമുറ രാഷ്ട്രീയത്തിലേക്കും അധികാര കേന്ദ്രങ്ങളിലേക്കും കടന്നുവരണമെന്ന് പൊതുസമൂഹത്തിന് താത്പര്യമുണ്ട്. പൊതുജനങ്ങളുമായി അടുത്ത് നിൽക്കുന്ന ഒരു മേഖലയിൽ നിന്ന് വരുന്നതിനാൽ തന്നെ ജനങ്ങളുടെ പ്രശ്‌നങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിയും. യുവതലമുറയിൽപ്പെട്ടവർ വരണമെന്നും മാറ്റം ഉണ്ടാകണമെന്നും ജനം ആഗ്രഹിക്കുന്നുണ്ട്.
പരിചയ സമ്പന്നരായവർ മാറ്റം കൊണ്ടുവരുന്നില്ല എന്നാണോ?
തലമുറ മാറ്റം നടന്നിരിക്കുന്നു എന്നത് അംഗീകരിക്കേണ്ട കാര്യമാണ്. പുതിയ കാലത്തിന് ആവശ്യമുളളത് കുറച്ച് കൂടി അറിയാനും മനസിലാക്കാനും സാധിക്കും എന്നൊരു ആത്മവിശ്വാസമുണ്ട്.
വോട്ടർമാർ യുവതലമുറയിൽപ്പെട്ടവർ മാത്രമല്ലല്ലോ. വലിയൊരു വിഭാഗം വേറെയില്ലേ?
സാങ്കേതിക വിദ്യയിലും നമ്മുടെ ആവശ്യങ്ങളിലും ഒരുപാട് മാറ്റമുണ്ട്. യുവതലമുറയിൽപ്പെട്ടവർ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് യുവാക്കൾക്ക് മാത്രമല്ല ആഗ്രഹം. യുവാക്കളെപ്പോലെ മുതിർന്നവരും നല്ല രീതിയിലാണ് സ്വീകരിക്കുന്നത്. ചെറുപ്പക്കാർ വരട്ടെയെന്നാണ് ഓരോ വീടുകളിൽ ചെല്ലുമ്പോഴും അവർ പറയുന്നത്. കാലത്തിനൊത്ത് മാറാൻ പുതു തലമുറയ്‌ക്ക് കഴിയും എന്ന് പൊതു സമൂഹത്തിന് വിശ്വാസമുണ്ട്.
തിരഞ്ഞെടുപ്പ് കാലത്തെ പ്രതീക്ഷകൾ എന്തൊക്കെയാണ്?
എൽ.ഡി.എഫ് സർക്കാർ നിരവധി വികസന പ്രവർത്തനങ്ങൾ അധികാര വികേന്ദ്രീകരണത്തിലൂടെ പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയിട്ടുണ്ട്. ആ പ്രക്രിയ തുടരേണ്ടതുണ്ട്. അതിനൊപ്പം പുതിയ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മാലിന്യനിർമ്മാർജനം ഉൾപ്പടെയുളള കാര്യങ്ങൾ ഒരു തുടർപ്രവർത്തനമാണ്. കാലഘട്ടം ആവശ്യപ്പെടുന്ന കാര്യങ്ങൾ ഒരു അവസരം ലഭിച്ചാൽ ചെയ്യണമെന്നുണ്ട്.
എല്ലാ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങളും അധിവസിക്കുന്ന ഒരു പ്രദേശമാണ് കല്ലറ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. എന്തൊക്കെയാണ് വികസന സങ്കൽപ്പങ്ങൾ?
ഇടനാട് എന്ന് പറയുമ്പോഴും മലനാടിന്റെ സ്വഭാവമുളളൊരു പ്രദേശമാണിത്. കാർഷിക മേഖല ഉൾപ്പടെ എല്ലാ ജനവിഭാഗത്തിൽപ്പെട്ട ആളുകളും ഇവിടെയുണ്ട്. മലനാട് സ്വഭാവം ഉളളതുകൊണ്ട് തന്നെ പുതുതായി വീടുകൾ വരുമ്പോൾ അവിടത്തേക്കുളള വഴികളൊക്കെ വലിയ വിഷയമാണ്. അത്തരം റോഡുകൾക്കും കുടിവെളളത്തിനും പ്രത്യേക ശ്രദ്ധ നൽകും. അടിസ്ഥാന സൗകര്യ വികസനത്തിനാണ് കൂടുതൽ ശ്രദ്ധ. ഉറവിട മാലിന്യ സംസ്‌ക്കരണം, പ്ലാസ്റ്റിക്കിനെ പുനരുജ്ജീവിപ്പിക്കുന്ന രീതി അങ്ങനെയുളള പല കാര്യങ്ങളും ചെയ്യണമെന്നുണ്ട്. പൊതുവിൽ വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗമനം ഉണ്ട്. എങ്കിൽ പോലും സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ ഉയർത്തിക്കൊണ്ടുവരണം. സ്ത്രീജനങ്ങൾക്ക് അവരുടേതായ കാര്യങ്ങൾക്ക് മുൻതൂക്കം നൽകണം. ഇതൊക്കെയാണ് പ്രധാനമായും മനസിൽ ആലോചിക്കുന്നത്. കാർഷിക മേഖലയ്‌ക്ക് പ്രത്യേകം ശ്രദ്ധ നൽകും. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളെല്ലാം മനസിലുണ്ട്.
എല്ലാ മുന്നണികളും യുവാക്കൾക്ക് ഏറ്റവുമധികം സീറ്റ് നൽകിയ തിരഞ്ഞെടുപ്പാണിത്. ഈ മാറ്റത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
യുവാക്കളെ പൊതുനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഇടതുപക്ഷം എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസം ലഭിച്ചവരും പുതിയ അറിവുളളവരും നാടിന് ഗുണം ചെയ്യും എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വിശ്വസിക്കുന്നത്. പുതിയ ചിന്തകൾ നമ്മുടെ രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാനും ലോകോത്തരമായി നാടിനെ വളർത്താനും സാധിക്കും. പിന്നണിയിൽ പരിചയസമ്പന്നരുടെ ഒരു നിര തന്നെ യുവാക്കളെ സഹായിക്കാനായുണ്ട്.
വലിയൊരു ജനവിഭാഗത്തെ പ്രതിനിധീകരിക്കുമ്പോഴും നഗരവാർത്തകൾക്കിടയിൽ പഞ്ചായത്തുകളിലെ അടിസ്ഥാന പ്രശ്‌നങ്ങളും മറ്റും മാദ്ധ്യമങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു എന്നൊരു സ്വയം വിമർശനമുണ്ടോ?
ഓൺലൈൻ പോർട്ടലുകൾ സജീവമായതോടെ അതിനൊക്കെ വലിയൊരു മാറ്റം വന്നിട്ടുണ്ട്. എല്ലാ മേഖലയെയും ഒരുപോലെ ശ്രദ്ധിക്കാനും വാർത്തകൾ കൊടുക്കാനും വാർത്താ പോർട്ടലുകൾ ശ്രദ്ധിക്കുന്നുണ്ട്.
വരാൻ പോകുന്നത് കൊവിഡാനന്തര കാലമാണ്. കൊവിഡാനന്തര കാലത്തെ വികസന പ്രവർത്തങ്ങൾ മനസിൽ രൂപപ്പെട്ടിട്ടുണ്ടോ?
കൊവിഡ് ഒരുപാട് പേരുടെ ദൈനംദിന ജീവിതത്തിൽ മാറ്റം സൃഷ്‌ടിച്ചിട്ടുണ്ട്. വോട്ട് ചോദിച്ച് പോകുന്ന മിക്ക വീടുകളിലും പച്ചക്കറി കൃഷി കാണുന്നുണ്ട്. ചിലർ പൂന്തോട്ട പരിപാലനം നടത്തുന്നുണ്ട്. കൊവിഡ് കഴിയുന്ന ഈ സമയത്ത് ഓരോ വീടുകളിലും നഴ്‌സറി വരെയുണ്ടാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. മീൻ വളർത്തലും ഒരു വരുമാന മാർഗമായി മാറി. ഇതെല്ലാം വ്യാപിപ്പിക്കാൻ ശ്രമിക്കും. കൃഷി ചെയ്‌തിട്ട് അത് ചന്തയിൽ കൊണ്ടുപോയി വിൽക്കാനുളള സാഹചര്യം പലയിടത്തുമില്ല. ബാർട്ടർ സിസ്റ്റം ഉൾപ്പടെയുളള കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കും. സ്ത്രീകൾക്കായി സ്വയം തൊഴിൽ പദ്ധതിക്കൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മേഖലയിൽ നൈപുണ്യം വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിക്കേഷനും വിദ്യാഭ്യാസവുമൊക്കെ തന്നെ ഇന്റർനെറ്റ് വഴി ആകുന്ന ഇക്കാലത്ത് അത് അത്യാവശ്യ ഘടകം തന്നെയാണ്. കൊവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യകേന്ദ്രങ്ങൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിൽ കുറച്ചുകൂടി താഴെതട്ടിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. അതുപോലെ തന്നെ കുടുംബശ്രീ വഴിയുളള പല പദ്ധതികളും മനസിലുണ്ട്.
മാദ്ധ്യമ പ്രവർത്തനത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവരുമ്പോൾ റോൾ മോഡൽ ആരാണ്?
നല്ല രാഷ്ട്രീയ പ്രവർത്തനം നടത്തിയവരും നല്ല മാദ്ധ്യമപ്രവർത്തനം നടത്തിയവരും എപ്പോഴും റോൾ മോഡൽ തന്നെയായിരുന്നു.
യുവാക്കൾ ഏറ്റവുമധികം മത്സരിക്കുന്ന ഈ തിരഞ്ഞെടുപ്പ് കേരള ചരിത്രത്തിലെ നാഴിക കല്ലായി മാറുമെന്നാണോ കരുതേണ്ടത്?
തീർച്ചയായും. ഓഖിയും പ്രളയവും കൊവിഡുമൊക്കെ വന്ന് നമുക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ശരിക്കും നവകേരള നിർമ്മിതി വലിയൊരു ആവശ്യമായി വന്നിട്ടുണ്ട്. അധികാര മേഖലയിലേക്ക് യുവാക്കൾ വരുന്നത് ആ മാറ്റത്തിനുളള ആക്കം കൂട്ടും. വളരെ പോസിറ്റീവായാണ് യുവാക്കളുടെ കടന്നുവരവ് സംസ്ഥാനത്തിന് ഗുണം ചെയ്യുക എന്ന കാര്യത്തിൽ സംശയമില്ല. പുതിയ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വോട്ടർമാർ അതിന് അവസരമൊരുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.