കോഴിക്കോട്: ശബരിമലയിൽ ഇനി പോകില്ലെന്ന് ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി. മുമ്പ് പോയത് സംഘപരിവാർ അഴിഞ്ഞാട്ടത്തിന് മറുപടി നൽകാനാണെന്നും അവർ പറഞ്ഞു. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിന്ദു അമ്മിണി.
സംഘ്പരിവാറിന്റെ വധഭീഷണിയെ കുറിച്ച് പരാതി നൽകിയിട്ടും പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ഫോണിലൂടെ ദിലീപ് വേണുഗോപാൽ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി. കൊയിലാണ്ടി പൊലീസിൽ പരാതി നല്കിയപ്പോൾ പത്തനംതിട്ടയിൽ നൽകാനാണ് പറഞ്ഞത്. ഡി.ജി.പിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ദളിതരുടെ പരാതി സ്വീകരിക്കാത്ത അവസ്ഥയാണെന്നും സുപ്രീം കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും സംരക്ഷണം കിട്ടുന്നില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു.
ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഒന്നര വർഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ല. കൊയിലാണ്ടി പൊലീസ് സംരക്ഷണം തരാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. വധ ഭീഷണി മുഴക്കിയ ദിലീപ് വേണുഗോപാലിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടുത്ത ശനിയാഴ്ച മുതൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ സത്യാഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.