തിരുവനന്തപുരം : ഐ.എസ്.എല്‍ ആരവങ്ങള്‍ക്കിടയില്‍ കേരള പ്രീമിയര്‍ ലീഗ് ടീമായ കോവളം എഫ്.സിയുടെ തീം സോംഗ് പുറത്തിറങ്ങി. മധു ബാലകൃഷ്ണനും, സിത്താര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാര്‍ രചിച്ച് യുവസംഗീത സംവിധായകന്‍ പ്രശാന്ത് മോഹന്‍ എം.പി സംഗീതം പകര്‍ന്ന കടലിന്റെ ആരവമുള്ള
ഗാനം ഫുട്ബോള്‍ പ്രേമികള്‍ നെഞ്ചേറ്റി കഴിഞ്ഞു.
കാണികളില്‍ ഫുട്ബോള്‍ ആവേശം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഗീതവും സോഷ്യല്‍ മീഡിയയില്‍ ജനപ്രീതിനേടി.ഹൈമ , 666 എന്നീ ചലച്ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായ ഗോകുല്‍ കാര്‍ത്തിക്കാണ് ഗാനത്തിന്റെ ദൃശ്യങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.സുകേഷ് കോട്ടത്തലയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സ്പാര്‍ക്ക് ലേര്‍ണിംഗ്സിന്റെ ബാനറില്‍ ഷിബു കാഞ്ഞിരംകുളമാണ് നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.
യൂത്ത് ലെവലില്‍ ഐ ലീഗ് കളിച്ചിട്ടുള്ള ടീമാണ് കോവളം എഫ്.സി. 2009ല്‍ വിഴിഞ്ഞം കേന്ദ്രമാക്കിയാണ് കോവളം എഫ്.സി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 4 വയസ് മുതല്‍ 25 വയസ് വരെ പ്രായമുള്ള നൂറ്റി അന്‍പതോളം കളിക്കാര്‍ കോവളം എഫ്.സിയുടെ കീഴില്‍ പരിശീലനം നേടുന്നുണ്ട്. കേരള പ്രീമിയര്‍ ലീഗിനൊപ്പം, എലൈറ്റ് ഡിവിഷനിലും കളിക്കുന്ന ഏക ക്ലബ്ബ് കൂടിയാണ് കോവളം എഫ്.സി.
അദാനി പോര്‍ട്ടിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയിലും ഇടം പിടിച്ചിട്ടുള്ള ക്ലബ്ബിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍ സ്പാര്‍ക്ക് ലേര്‍ണിംഗ്സും ,ഫെഡറല്‍ ബാങ്കുമാണ്. ശശി തരൂര്‍ എം.പി , മാദ്ധ്യമ പ്രവര്‍ത്തകനും പ്രവാസിയുമായ ടി.ജെ.മാത്യൂസ് , ചന്ദ്രഹാസന്‍ ,ബാലഗോപാല്‍ ഐ.എ.എസ് എന്നിവരാണ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.