ന്യൂഡൽഹി: സൈന്യം വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിച്ചുതുടങ്ങിയതോടെ അതിർത്തികടത്തി ഭീകരരെ ഇന്ത്യയിലേക്ക് വിടാനുളള പാകിസ്ഥാന്റെ പദ്ധതികളൊന്നും വിജയിക്കുന്നില്ല. എല്ലാം മണത്തറിയുന്ന ഇന്ത്യൻ സൈന്യം അതെല്ലാം മുളയിലേ പരാജയപ്പെടുത്തുകയാണ്. ഡ്രോണുകളുടെ സഹായത്തോടെ ഭീകരരെ അതിർത്തികടത്താനും അവർക്കുവേണ്ട സഹായങ്ങൾ നൽകാനും ആവുമോ എന്നതാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ നോട്ടം. അതിനുളള ശ്രമവും അവർ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മുവിലെ ഇന്ത്യൻ അതിർത്തിയിൽ നിരീക്ഷണം നടത്തിയിരുന്ന പാകിസ്ഥാന്റെ ഡ്രോണിനെ അതിർത്തി രക്ഷാ സൈന്യം തുരത്തിയിരുന്നു. സൈന്യം വെടിവച്ചപ്പോൾ ഡ്രോൺ പാകിസ്ഥാനിലേക്ക് പോവുകയായിരുന്നു. നേരത്തേയും ഡ്രോണുകൾക്ക് സമാനമായ പറക്കുന്ന വസ്തുക്കൾ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിപ്പെട്ടിരുന്നു. രാജ്യത്തെ ഡ്രോണുപയോഗിച്ചുളള ആക്രമങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് നേരത്തേ ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിർത്തിയിലെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനും ആയുധങ്ങളും മയക്കുമരുന്നുകളും എത്തിക്കാനുമാണ് പാകിസ്ഥാൻ ചൈനീസ് നിർമ്മിത ഡ്രോണുകളെ കൂടുതലും ഉപയോഗിക്കുന്നത്. ചൈനീസ് നിർമ്മിത ഡ്രോണുകൾക്ക് പത്തുകിലോയാേളം ആയുധങ്ങളും മയക്കുമരുന്നുകളും വഹിക്കാൻ കഴിയും.
എന്നാൽ, ഇനി പാകിസ്ഥാന്റെ അത്തരം നീക്കങ്ങളും വിലപ്പോകില്ല. തദ്ദേശീയമായി നിർമ്മിച്ച ഡ്രോൺവേധ സംവിധാനം സൈന്യത്തിൽ ഉടൻ ലഭ്യമാകും. ഇതിലൂടെ കിലോമീറ്ററുകൾ അകലെ നിന്നുതന്നെ ശത്രുക്കളുടെ ഡ്രോണുകൾ പ്രവർത്തന രഹിതമാക്കാനും തകർക്കാനും സൈന്യത്തിന് കഴിയും. നിലവിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലും വസതിയിലും ഡ്രോൺ വേധ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആർ ഡി ഒ ആയിരുന്നു ഡ്രോൺവേധ സംവിധാനം വികസിപ്പിച്ചെടുത്തത്. സൈന്യത്തിനുവേണ്ട ഡ്രോൺവേധ സംവിധാനങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഡി ആർ ഡി ഒ മേധാവി സൈനിക മേധാവികൾക്ക് കത്തെഴുതും എന്നാണ് റിപ്പോർട്ട്.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് തദ്ദേശീയമായി നിർമ്മിച്ച ഡ്രാേൺവേധ സംവിധാനം രാജ്യത്ത് ഉപയോഗിച്ച് തുടങ്ങിയത്. ലേസറിന്റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. ഡ്രോൺ ഉപയോഗിച്ചുളള ഏതുതരത്തിലുളള ആക്രമണങ്ങളെയും ഞൊടിയിടയ്ക്കുളളിൽ തിരിച്ചറിഞ്ഞ് തകർക്കാൻ ഈ സംവിധാനത്തിന് കഴിയും. മൈക്രോ ഡ്രോണുകളെ പോലും മൂന്ന് കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി നിഷ്‌ക്രിയമാക്കാൻ ഇതിലൂടെ കഴിയും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോൾ സുരക്ഷയൊരുക്കാനും ഈ ഡ്രോൺവേധ സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നു.