ബീജിംഗ്: ചൈനയിലെ ഹേബേയ് പ്രവിശ്യയിലെ ഹെംഗ്ഷുയി മൃഗശാലയിൽ രണ്ട് ആത്മാർത്ഥ സുഹൃത്തുക്കളുണ്ട്. മകാക് ഇനത്തിൽപ്പെട്ട നാലുമാസം പ്രായം മാത്രമുള്ള കുരങ്ങനും മൂന്നുമാസം പ്രായമുള്ള കടുവക്കുഞ്ഞുമാണ് ആ ചങ്ങാതിമാർ. കുരങ്ങന്റെ പേര് ബാൻ ജിൻ എന്നും കടുവയുടെ പേര് സെപ്തംബറെന്നുമാണ്. കടുവക്കുഞ്ഞിന്റെ പുറത്ത് കയറുന്നതാണ് ബാൻ ജിന്നിന്റെ ഇഷ്ടവിനോദം.
സെപ്തംബറിന്റെ പുറത്ത് അള്ളിപ്പിടിച്ച് ഇരുന്നും വാലിൽ തൂങ്ങിയും രസിക്കുകയാണ് ബാൻ ജിൻപിരിയാനാവാത്ത സുഹൃത്തുക്കളായതോടെ ഇരുവരും കളിയ്ക്കുന്നത് ഒരു കൂട്ടിലാണ്. തുടക്കത്തിൽ ബാൻ ജിന്നിന് സെപ്തംബറിനെ പേടിയായിരുന്നെങ്കിലും, കണ്ട് പരിചയമായതോടെ ഇരുവരും ചങ്ങാതികളായി.ഇരുവരുടേയും ചങ്ങാത്തത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഡയപ്പർ ധരിച്ച ബാൻ ജിൻ കടുവയുടെ പുറത്ത് കയറിയിരിക്കുന്ന ചിത്രങ്ങൾ കണ്ടാൽ തന്നെ ആരും പുഞ്ചിരി തൂകും.