പത്തുപേർക്ക് പരിക്ക്
റായ്‌പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ ഒരു സി.ആർ.പി.എഫ് ജവാന് വീരമൃത്യു. പത്തോളം സൈനികർക്ക് പരിക്കേറ്റു. സി.ആർ.പി.എഫിന്റെ ഗൊറില്ല സേനാവിഭാഗമായ കോബ്രയിലെ സൈനികനായ അസിസ്റ്റന്റ് കമാൻഡന്റ് നിതിൻ ഭലെറാവുവാണ് (33) വീരമൃത്യു വരിച്ചത്.
സുക്മ ജില്ലയിലെ ചിൻതൽനാർ വനമേഖലയ്ക്കടുത്ത് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. സി.ആർ.പി.എഫും പൊലീസും സംയുക്തമായി മാവോയിസ്റ്റുകൾക്കായി നടത്തിയ തെരച്ചിലിനിടെ സ്‌ഫോടകവസ്തു (ഐ.ഇ.ഡി) പൊട്ടിത്തറിക്കുകയായിരുന്നുവെന്ന് ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് .പി പറഞ്ഞു. പരിക്കേറ്റ സൈനികരെ ഹെലികോപ്ടറുടെ സഹായത്തോടെ ഏറ്റുമുട്ടലുണ്ടായ സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തി. കോബ്രയുടെ 206-ാം ബറ്റാലിയൻ കമാൻഡോകൾക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ നിതിൻ ഭലെറാവു ഞായറാഴ്ച പുലർച്ചെ 3.30 ന് മരിച്ചതായി സി.ആർ.പി.എഫ് വക്താവ് അറിയിച്ചു. മഹാരാഷ്ട്ര നാസിക് സ്വദേശിയായ നിതിൻ 2010ലാണ് സി.ആർ.പി.എഫിൽ ചേരുന്നത്. 2019 മുതൽ കോബ്രയിലെ സൈനികനാണ്. മൃതദേഹം ജന്മനാട്ടിലെത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.