ലണ്ടൻ: ഇന്ത്യക്കാരുടെ അഭിമാനമാണ് ബ്രിട്ടീഷ് ധനമന്ത്രിയായ ഋഷി സുനാക്. ബ്രിട്ടീഷുകാർക്കിടയിലും അദ്ദേഹം ആദരണീയനാണ്. അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാദ്ധ്യതയും സുനാക്കിനാണ്. സാമ്പത്തിക വിദഗ്ദ്ധനായ സുനാകിന്റെ നയങ്ങളാണ് കൊവിഡ് കാലത്ത് ബ്രിട്ടനെ സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്തുന്നത്. സുനാക് മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ അക്ഷത മൂർത്തിയും ചില്ലറക്കാരിയല്ല. എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നയാണ് അക്ഷതയെന്ന റിപ്പോർട്ടുകളാണ് അവരെ താരമാക്കിയിരിക്കുന്നത്. 430 മില്യൺ പൗണ്ടാണ് അക്ഷതയുടെ ആസ്തി. എലിസബത്ത് രാജ്ഞിയുടെ പ്രഖ്യാപിത ആസ്തിപോലും 350 മില്യൺ പൗണ്ടാണ്.
ഇന്ത്യൻ ടെക്നോളജി കമ്പനിയായ ഇൻഫോസിസിന്റെ സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകളാണ് അക്ഷത. കുടുംബസ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തമാണ് അക്ഷതയെ ബ്രിട്ടീഷ് രാജ്ഞിയേക്കാൾ സമ്പന്നയാക്കുന്നത്. ഇൻഫോസിസിൽ 0.91 ശതമാനം ഷെയറുകളാണ് അക്ഷതയ്ക്കുള്ളത്. കൂടാതെ, ആമസോൺ ഉൾപ്പെടെയുള്ള കമ്പനികളിലും നിക്ഷേപമുണ്ട്.
കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനിടെ പരിചയത്തിലായ സുനാകും അക്ഷിതയും 2009ൽ വിവാഹിതരായി. ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്.