ലക്‌നൗ: മതംമാറ്റ നിരോധന നിയമപ്രകാരം ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ദിയോറാണിയ പൊലീസ് സ്‌റ്റേഷനിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് നിർബന്ധിക്കുന്നുവെന്നും പെൺകുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും ആരോപിച്ച് ബറേലി സ്വദേശിയായ ടിക്കാറാമാണ്, ഉവൈഷ് അഹമ്മദ് എന്ന യുവാവിനെതിരെ പരാതി നൽകിയത്.
പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയെന്ന് നേരത്തെ പരാതിപ്പെട്ടിരുന്നു. മതപരിവർത്തനത്തിനായി നിർബന്ധിക്കുന്നതിനാൽ ഇയാൾക്കെതിരെ പുതിയ ഓർഡിനൻസ് പ്രകാരം സെക്ഷൻ 3, 5 എന്നിവയും ചുമത്തി. യുവാവ് ഒളിവിലാണ്.
കഴിഞ്ഞ ദിവസമാണ് വിവാഹത്തിന്റെ പേരിലെ മതപരിവർത്തനം തടയുന്നതിനായുളള നിയമത്തിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ ഒപ്പുവയ്ക്കുന്നത്. പുതിയ നിയമപ്രകാരം കുറ്റം തെളിഞ്ഞാൽ 15,000 രൂപ പിഴയും ഒന്നുമുതൽ അഞ്ചുവർഷംവരെ തടവുശിക്ഷ ലഭിച്ചേക്കാം. വിവാഹം അസാധുവാകും.