കൊച്ചി: നഗരയാത്രകൾക്ക് കൂടുതൽ ഇണങ്ങിയ, ഒരു തികഞ്ഞ 'അർബൻ എസ്.യു.വി" എന്ന് ടാറ്റായുടെ നെക്സോണിനെ വിശേഷിപ്പിക്കാം. പ്രീമിയം ഫീച്ചറുകളാൽ സമ്പന്നനല്ല നെക്സോൺ. എന്നാൽ, ഉടമയെ തൃപ്തിപ്പെടുത്തുന്ന നല്ല ഗുണങ്ങൾ നിരവധിയാണ്.
പെർഫോമൻസിന് ആരും ഉയർന്ന് മാർക്കിടും. സൗന്ദര്യത്തിലും മുന്നിൽ തന്നെ. സുരക്ഷാ, യൂട്ടിലിറ്റി സൗകര്യങ്ങളും ധാരാളം. അനായാസ ഡ്രൈവിംഗ് സുഖവും എടുത്തുപറയണം. നെക്സോണിനെ ഈസിയായി നിയന്ത്രിക്കാമെന്നത് വലിയ ഗുണം തന്നെയാണ്.
ഈ പറഞ്ഞ വിശേഷങ്ങളാണ് നെക്സോണിനെ വിപണിയിൽ പ്രിയങ്കരമാക്കുന്നതും എതിരാളികൾക്ക് മുന്നിൽ താരമാക്കുന്നതും. ഇപ്പോഴിതാ, ബി.എസ്-6 പെരുമയുമായി നെക്സോണിന്റെ 2020 പതിപ്പ് വന്നിരിക്കുന്നു. മുമ്പത്തെപ്പോലെ, സമ്പൂർണ അഗ്രസീവ് ലുക്ക് ഇപ്പോഴില്ല. പകരം, യുവത്വം നിറയുകയാണ്.
6.58 ലക്ഷം രൂപ മുതൽ 11.10 ലക്ഷം രൂപവരെ റേഞ്ചിലായിരുന്നു നെക്സോൺ ബി.എസ്-4ന് വില. ബി.എസ്-6ലേക്ക് എത്തുമ്പോൾ റേഞ്ച് 6.99 ലക്ഷം മുതൽ 12.70 ലക്ഷം വരെയാണ്. എക്സ്ഷോറൂം വിലയാണിത്. 25,000 മുതൽ 86,000 രൂപവരെയാണ് വർദ്ധന. ഈ വിലവർദ്ധനയെ പൂർണമായി അംഗീകരിക്കാവുന്ന വിധമാണ് ബി.എസ്-6ന്റെ മികവുകൾ.
ടാറ്റായുടെ സ്വന്തം 'ഇംപാക്ട് 2.0" ഡിസൈൻ ഭാഷയിലാണ് നെക്സോണിന്റെ 2020 പതിപ്പിനെയും ഒരുക്കിയിട്ടുള്ളത്. മുഖഭാവം അല്പം ലളിതമാക്കിയെങ്കിലും പൗരുഷലുക്ക് കൈവിട്ടിട്ടില്ല. പുതിയ സിഗ്നേചർ ഫ്രണ്ട് ഗ്രിൽ, മുന്നിൽ പുതുരൂപത്തിലും ഒതുക്കത്തിലും ഒരുക്കിയ സ്പോർട്ടീ ബമ്പർ, പരിഷ്കരിച്ച എൽ.ഇ.ഡി മയമുള്ള ലൈറ്റ് പാക്കേജ്, സ്കിഡ് പ്ളേറ്റ് എന്നിവ പുതിയ വ്യക്തിത്വമാണ് സമ്മാനിക്കുന്നത്.
പിന്നിലേക്ക് ഒഴുകിവീഴുന്നുവെന്ന് തോന്നിക്കുന്നതാണ് വശങ്ങൾ. അതു കാണാനും നല്ല ഭംഗിയാണ്. പുതിയ പിയാനോ ബ്ളാക്ക് കണ്ണാടികളും (ഒ.ആർ.വി.എം) ഒതുക്കമുള്ള അലോയ് വീലുകളും ആ ഭംഗിയോട് ഇണചേരുന്നു. പിൻഭാഗത്ത്, നെക്സോൺ ബാഡ്ജിംഗ് മദ്ധ്യഭാഗത്തേക്ക് മാറിയിരിക്കുന്നു. എൽ.ഇ.ഡി ലൈറ്റുകളിലെ പരിഷ്കാരം പിന്നിലുമുണ്ട്.
അഗ്രസീവ് ലുക്കിലൂടെ ഉപഭോക്താക്കളെ കീഴടക്കാനാണ് നെക്സോൺ ബി.എസ്-4 ശ്രമിച്ചതെങ്കിൽ, യുവത്വം ആകർഷണമാക്കിയാണ് പുതിയ നെക്സോൺ എത്തുന്നതെന്ന് രൂപകല്പനയിലെ മാറ്റം വ്യക്തമാക്കുന്നു. കാഴ്ചയ്ക്ക് കുളിർമയേകുന്ന 3-ടോൺ കളർ തീമാണ് അകത്തളത്തിൽ കാണാനാവുക. പഴയ ബ്ളാക്ക്-സിൽവർ ഡ്യുവൽ ടോൺ ഒഴിവാക്കി.
ബി.എസ്-4ൽ നിന്ന് പ്രത്യക്ഷത്തിൽ വലിയ മാറ്റങ്ങളില്ലെങ്കിലും അകത്തളത്തിൽ ശ്രദ്ധേയമായ പുതുമകൾ ചിലതുണ്ട്.
ഒതുക്കമുള്ളതും എന്നാൽ, ശരാശരി ഉയരക്കാർക്ക് പോലും അനുയോജ്യമായ വിധം വിശാലവുമാണ് അകത്തളം. ഡാഷ്ബോർഡ് പരിഷ്കരിച്ചിട്ടുണ്ട്. പുതിയ സീറ്റുകളും സെന്റർകൺസോളും ഫ്ളാറ്റ്ബോട്ടം സ്റ്റിയറിംഗ് വീലും അകത്തളത്തിലെ പ്രീമിയം - സ്പോർട്ടീ ടച്ചുകളാണ്.
മികച്ച വെളിച്ചം അകത്തളത്തിലേക്ക് സമ്മാനിക്കുന്ന ഇലക്ട്രിക് സൺറൂഫ്, റൈഡിംഗ് സുഖകരവും സുരക്ഷിതവുമാക്കുന്ന ക്രൂസ് കൺട്രോൾ, അതിവേഗ കൂളിംഗ് ഒരുക്കുന്ന എക്സ്പ്രസ് കൂൾ ഫീച്ചർ എന്നിവയും മികവുകൾ.
ലൈവ് ഡയഗ്നോസ്റ്റിക് റിപ്പോർട്ട്, കാറിനെ കണ്ടെത്തൽ, കാറിനെ റിമോട്ടിലൂടെ നിയന്ത്രിക്കൽ എന്നിങ്ങനെ ഫീച്ചറുകളുള്ളതാണ് കണക്ടഡ് ടെക്നോളജിയോട് കൂടിയ പുതിയ ഏഴിഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനം. ഇന്ത്യൻ ഭാഷാശൈലി മനസിലാക്കുന്ന നാച്ചുറൽ വോയിസ് ടെക്, റിവേഴ്സ് കാമറ, 8-സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിങ്ങളും ആകർഷണങ്ങൾ നിരവധി.
ടയർ പ്രഷർ മോണിറ്ററിംഗ് സംവിധാനം, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്ലാമ്പ്, റെയിൻ സെൻസിംഗ് വൈപ്പർ, വിയറബിൾ കീ, എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, മൂന്ന് റൈഡിംഗ് മോഡുകൾ എന്നിങ്ങനെയുമുണ്ട് മികവുകൾ.
ബി.എസ്-6 എൻജിൻ
പഴയ പതിപ്പിലെ 1.2 ലിറ്റർ റെവോട്രോൺ ടർബോ പെട്രോൾ, 1.5 ലിറ്റർ റെവോടോർക്ക് ഡീസൽ എൻജിനുമാണ് ബി.എസ്-6 പെരുമയിൽ എത്തുന്നത്. 120 പി.എസ് കരുത്തും 170 എൻ.എം ടോർക്കുമുള്ളതാണ് പെട്രോൾ എൻജിൻ. 110 പി.എസ് ആണ് ഡീസൽ എൻജിന്റെ കരുത്ത്; ടോർക്ക് 260 എൻ.എം.
ഇരു എൻജിനുകൾക്കും 6-സ്പീഡ് എം.ടി., എ.എം.ടി ഗിയർ സംവിധാനങ്ങളുണ്ട്. എക്കോ, സിറ്റി, സ്പോർട്ട് എന്നിവയാണ് ഡ്രൈവിംഗ് മോഡുകൾ. ട്രാൻസ്മിഷനിൽ വലിയ ആയാസമില്ല. ക്രൂസ് കൺട്രോൾ ഉൾപ്പെടെയുള്ള ഫീച്ചറുകൾ മികച്ച ഡ്രൈവിംഗ് സുഖമാണ് നൽകുക.