amit-shah

ഹൈദരാബാദ്: ജി.എച്ച്.എം.സി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിക്കുന്നത് സാന്നിദ്ധ്യമറിയിക്കാനോ സീറ്റ് വര്‍ദ്ധിപ്പിക്കാനോ അല്ലെന്ന് അമിത് ഷാ. ഇത്തവണത്തെ ഹൈദരാബാദ് മേയര്‍ ബി.ജെ.പിയില്‍ നിന്നായിരിക്കും. 2023ല്‍ നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വേരുറപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളെയെത്തിച്ച് ജി.എച്ച്.എം.സി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് പിന്നിലുള്ളത്.

കേന്ദ്രമന്ത്രിമാര്‍, ദേശീയ തലത്തിലെ ഉന്നത നേതാക്കള്‍ എന്നിവരെയാണ് പാര്‍ട്ടി പ്രചാരണത്തിനായി അണിനിരത്തിയത്.

ഹൈദരാബാദിന് ഐടി ഹബ് ആകാനുള്ള കഴിവുണ്ടെന്നും സംസ്ഥാനവും കേന്ദ്രവും ധനസഹായം നല്‍കിയിട്ടും അടിസ്ഥാന സൗകര്യവികസനം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന രാഷ്ട്രസമിതിയുടെയും കോണ്‍ഗ്രസിന്റെയും കീഴിലുള്ള നിലവിലെ കോര്‍പ്പറേഷനാണ് ഇതിന് ഏറ്റവും വലിയ തടസ്സമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിസാം സംസ്‌കാരത്തില്‍ നിന്ന് മോചനം

ബി.ജെ.പി ഹൈദരാബാദിനെ 'നിസാം സംസ്‌കാര'ത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും ജനാധിപത്യ തത്വങ്ങള്‍ ഉപയോഗിച്ച് ആധുനികവും പുതിയതുമായ ഒരു നഗരം നിര്‍മ്മിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു അസംതൃപ്തിയും കൂടാതെ ഞങ്ങള്‍ അതിനെ രാജവംശ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൽഹിയിലെ കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, കര്‍ഷകരുടെ പ്രതിഷേധത്തെ രാഷ്ട്രീയ പ്രേരിതമെന്ന് താന്‍ ഒരിക്കലും വിളിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.


അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുന്നതിനെ ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് എ.ഐ.ഐ.എം തലവന്‍ അസദുദ്ദീന്‍ ഒവൈസി രേഖാമൂലം എഴുതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കും ബംഗ്ലാദേശികള്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചയുടനെ ഒവൈസി പാര്‍ലമെന്റില്‍ പ്രതിഷേധം ആരംഭിച്ചിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു.


'ഞാന്‍ നടപടിയെടുക്കുമ്പോള്‍ അവര്‍ പാര്‍ലമെന്റില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും പുറത്താക്കണമെന്ന് രേഖാമൂലം നല്‍കാന്‍ അവരോട് പറയുക. ' ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിക്കുന്നു. ജി.എച്ച്.എം.സി തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി ഷാ ഇന്നാണ് ഹൈദരാബാദിലെത്തിയത്. തെലങ്കാനയില്‍ ഇന്ന് പൊതുപരിപാടികള്‍ അഭിസംബോധന ചെയ്ത ആഭ്യന്തരമന്ത്രി സെക്കന്തരാബാദിലെ റോഡ്‌ഷോയില്‍ പങ്കെടുക്കും.