ജോ ബൈഡൻ അമേരിക്കയുടെ അമരത്ത് എത്തിയിരിക്കുന്നത് വലിയ പ്രതീക്ഷയാണ് നമ്മുടെ നാട്ടിലുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഒന്നാംനമ്പർ സമ്പദ് വ്യവസ്ഥയുടെയും, ലോക കറൻസിയായി വിരാജിക്കുന്ന ഡോളറിന്റെയും ഉടയോനായ അമേരിക്കയെ ധനസംബന്ധിയായ കാര്യങ്ങളിൽ അവഗണിക്കാൻ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങൾക്കാവില്ല.
നമ്മുടെ വിദേശ വ്യാപാരത്തിലെ ഏറ്റവും വലിയ പങ്കാളിയാണ് ആ രാജ്യം. കയറ്റുമതിയിൽ ഒന്നാമത്, ഇറക്കുമതിയിൽ രണ്ടാമത് . പുറംരാജ്യങ്ങളുമായുള്ള ചരക്ക്സേവന വ്യാപാരത്തിൽ ഇന്ത്യയ്ക്ക് മിച്ചമുണ്ടാക്കാൻ കഴിഞ്ഞ അപൂർവം ചില രാജ്യങ്ങളിൽ ഏറ്റവും മുന്നിലാണ് അമേരിക്ക. ഇന്ത്യയിൽ നേരിട്ടുള്ള വിദേശനിക്ഷേപം നടത്തുന്നതിൽ ആ രാജ്യത്തിന് അഞ്ചാം സ്ഥാനമുണ്ട്; ഈവർഷം ഇവിടേക്ക് ഒഴുകിയെത്തിയത് 4000 കോടി ഡോളറിന്റെ മൂലധനമാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാർ പണിയെടുക്കുന്ന നാടുമാണത്; 2018 ൽ അവർ നാട്ടിലേക്കയച്ചത് 1171 കോടി ഡോളറായിരുന്നു. ഇപ്രകാരം, ഇന്ത്യയുമായി ഈടുള്ള ധനകാര്യ ബന്ധമുള്ള രാഷ്ട്രത്തിലുണ്ടായ ഭരണമാറ്റം നമ്മുടെ സാമ്പത്തിക ഭൂമികയിൽ വരുത്തിയേക്കാവുന്നസ്ഥിതിഭേദങ്ങളെക്കുറിച്ചുള്ള ആലോചന പ്രസക്തമാകുന്നു. ഡെമോക്രാറ്റുകളായ ഒബാമ പ്രസിഡന്റും, ബൈഡൻ വൈസ് പ്രസിഡന്റുമായ കാലത്താണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ദൃഢമായി തീർന്നത്. 2009"14 കാലഘട്ടത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രയവിക്രയത്തിന്റെ മൂല്യം, 4000 കോടി ഡോളറിൽ നിന്ന് ഇരട്ടിയായി വർദ്ധിച്ചു. പക്ഷേ റിപ്പബ്ലിക്കനായ ട്രംപിന്റെ 'ഒന്നാമത് അമേരിക്ക"(ഫലത്തിൽ 'അമേരിക്ക മാത്രം") എന്ന നയപരിപാടി മറ്റു രാജ്യങ്ങളെ പോലെ ഇന്ത്യയുമായുള്ള വ്യാപാരത്തിലും ഇടങ്കോലിട്ടു . ഇവിടെനിന്നുള്ള ഉരുക്ക്, അലുമിനിയം തുടങ്ങിയവയുടെ കയറ്റുമതിക്കെതിരെ വലിയ ചുങ്ക മതിൽ തീർത്തു . പഴവർഗങ്ങളുടെ കയറ്റുമതിയിൽ ഉണ്ടായിരുന്ന തീരുവ ഇളവുകൾ പിൻവലിച്ചു.
മെഡിക്കൽ ഉപകരണങ്ങൾ, ഔഷധ സാമഗ്രികൾ എന്നിവയുടെ കയറ്റുമതി വില നിർബന്ധിച്ചു കുറപ്പിച്ചു. ഡേവിഡ്സൺ പോലുള്ള ബൈക്കുകളുടെ ഇറക്കുമതിയിൽ ഇന്ത്യ ചുമത്തിയിരുന്ന തീരുവ 50 % കണ്ട്, ബലാൽക്കാരമായി താഴോട്ടാക്കി. വികസ്വരരാജ്യങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി അമേരിക്ക നടപ്പാക്കിയ 'പൊതുവായ മുൻഗണന സമ്പ്രദായ"ത്തിൽ (Generalized System of Preferences) 44 വർഷമായി ഇടം നേടിയിരുന്ന ഇന്ത്യയെ 2019 ൽ അതിൽ നിന്നും പുറത്താക്കി. ഓട്ടോ പാർട്സ്, തുണി ഉത്പന്നങ്ങൾ തുടങ്ങിയ രണ്ടായിരത്തോളം ഉത്പന്നങ്ങൾക്ക് ചുങ്ക രഹിതമായ കയറ്റുമതിക്കുള്ള അവസരമൊരുക്കിയിരുന്ന ഈ സംവിധാനത്തിലൂടെ 2018ൽ ഇന്ത്യയ്ക്ക് വന്നുചേർന്നത് 560 കോടി ഡോളറായിരുന്നു. അമിതമായ തീരുവകൾ ചുമത്തപ്പെട്ടത് ആഗോള വ്യാപാരചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിപ്പെട്ടു കൊണ്ട് ഇന്ത്യ ലോക വ്യാപാരസംഘടനയെ സമീപിച്ചിരുന്നു. പക്ഷേ ട്രംപിന്റെ നടപടികളാൽ, ഇതിനകം തന്നെ, നിർവീര്യമാക്കപ്പെട്ട ആ സ്ഥാപനത്തിൽ നിന്ന് തീരുമാനമൊന്നു മുണ്ടായില്ല. പുറംരാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രവേശനത്തിൽ അദ്ദേഹം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ത്യക്കാരുടെ തൊഴിൽ സാദ്ധ്യതകളെ പ്രതികൂലമായി ബാധിച്ചു. എച്ച് ഒൺ ബി എന്ന അഭ്യസ്തവിദ്യർക്കുള്ള വിസ മരവിപ്പിച്ചത് ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ ഇന്ത്യക്കാർക്ക് അമേരിക്കയിലുണ്ടായിരുന്ന അനുകൂലാവസ്ഥ ഇല്ലാതാക്കി.
ഇന്ത്യയ്ക്ക് ഹാനികരമായിത്തീർന്ന എല്ലാ പ്രശ്നങ്ങൾക്കും ഉടനടി പരിഹാരമേകാൻ ബൈഡന്, രാഷ്ട്രീയ കാരണങ്ങളാൽ, സാധിച്ചുവെന്ന് വരികയില്ല. എന്നാൽ, സെനറ്റർ എന്നനിലയിൽ ബൈഡനുള്ള ദീർഘകാല അനുഭവസമ്പത്ത് വിനിയോഗിച്ചുകൊണ്ട് കുറച്ചു കാര്യങ്ങളിലെങ്കിലുംസെനറ്റിനെ കൂടെ നിറുത്തിയും മറ്റു ചില വിഷയങ്ങളിൽ തന്റെ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചും അദ്ദേഹം മാറ്റങ്ങൾ കൊണ്ടു വരാനിടയുണ്ട്. ഏഴ് വർഷം മുൻപ് വൈസ് പ്രസിഡന്റെന്ന നിലയിൽ മുംബയിൽ വച്ച് വ്യവസായ പ്രമുഖരെ അഭിസബോധന ചെയ്തപ്പോൾ ബൈഡൻ പ്രഖ്യാപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 50000 കോടി ഡോളറിന്റേതാക്കാൻ പരിശ്രമിക്കു മെന്നാണ്. ഇപ്പോഴത്തെ 15, 000 കോടി ഡോളർ എന്ന നിലയുമായി ഏറെ അന്തരമുള്ള ഈ ലക്ഷ്യത്തിൽ പെട്ടെന്ന് എത്തിയില്ലെങ്കിലും വ്യാപാരത്തിന്റെ നല്ല കാലം ബൈഡന്റെ കീഴിൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. അമേരിക്കയുടെ ചുങ്കരഹിത 'മുൻഗണനാ സമ്പ്രദായ"ത്തിൽ പെട്ടെന്ന് ഇന്ത്യയെ ഉൾപ്പെടുത്താൻ കഴിയാതെ വന്നാലും, രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഒരു മിനി വ്യാപാര ഉടമ്പടിക്കു വേണ്ടി കുറെ കാലമായി നടന്നുവരുന്ന ചർച്ചകൾ ഫലപ്രാപ്തിയിലെത്തിക്കുവാൻ ബൈഡന്റെ നേതൃത്വത്തിനാകും. അതുപോലെ ക്രമപ്രകാരമുള്ള ആഗോള വ്യാപാരത്തിന്റെ വക്താവായ അദ്ദേഹം ലോക വ്യാപാര സംഘടനയുടെ നഷ്ടപ്പെട്ടുപോയ അധികാരം തിരിച്ചേൽപ്പിക്കാനുമിടയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സ്വന്തം രാജ്യത്തെ ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ ഇന്ത്യക്കാർ നൽകുന്ന സംഭാവനകളെ വാഴ്ത്തിപ്പാടിയ ബൈഡൻ എച്ച് വൺ ബി വിസ അടക്കമുള്ള കാര്യങ്ങളിൽ ട്രംപിനെ തിരുത്തും.
എണ്ണയുടെ ഇറക്കുമതി രംഗമാണ് മേന്മയുണ്ടാകാൻ പോകുന്ന മറ്റൊരിടം. 80 ശതമാനം എണ്ണയും ഇറക്കുമതിയിലൂടെ നേടുന്ന ഇന്ത്യയുടെ മൂന്നാമത്തെ വലിയ സ്രോതസായിരുന്നു ഇറാൻ.
താരതമ്യേന കുറഞ്ഞ വിലയും, രൂപയിലൂടെയുള്ള എണ്ണകച്ചവടമെന്ന സൗകര്യവും ഇന്ത്യയ്ക്ക് അനുവദിച്ചുതന്ന രാജ്യമായിരുന്നു അത്. പക്ഷേ ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനെതിരെ ട്രംപ് ഉപരോധം ഏർപ്പെടുത്തിയപ്പോൾ പെട്ടുപോയത് ആ രാജ്യം മാത്രമായിരുന്നില്ല; അവരുമായി സാമ്പത്തികബന്ധമുള്ള മറ്റ് രാജ്യങ്ങളെയും വിലക്ക് ബാധിച്ചു. അതിന്റെ ഭാഗമായി ഇറാനിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി കഴിഞ്ഞവർഷം ഇന്ത്യയ്ക്ക് അവസാനിപ്പിക്കേണ്ടിവന്നു. എന്നാൽ, ബൈഡൻ ഇറാനുമായുള്ള സംഘർഷത്തിന് അയവ് വരുത്തുമെന്നാണ് പൊതുവിലുള്ള പ്രതീക്ഷ. അങ്ങനെ വന്നാൽ വിലകൂടിയ സ്ഥലങ്ങളിൽനിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നത് കുറയ്ക്കാനും ഇറാനിൽനിന്ന് അത് കൂടുതൽ വാങ്ങാനുമുള്ള അവസരവുമു ണ്ടാകും. ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാര ശിഷ്ടം മെച്ചപ്പെടുത്താൻ അത് സഹായകരമാകും.