മലയാളിയുടെ ക്ഷേത്ര പ്രതിഷ്ഠാ സങ്കല്പത്തിൽ മാറ്റം വരുത്തിക്കൊണ്ട് മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വരം ക്ഷേത്രത്തിൽ ശ്രീനാരായണഗുരു നടത്തിയ അക്ഷര പ്രതിഷ്ഠയ്ക്ക് നൂറ് വയസാകുന്നു. ഈശ്വരൻ മനുഷ്യമനസിൽ സ്ഥിതിചെയ്യുന്നതിനാൽ ഏതു രൂപത്തിൽ സങ്കല്പിച്ചുകൊണ്ടും ഈശ്വരാരാധന നടത്താമെന്ന് ഗുരു ലോകത്തിന് കാണിച്ചുകൊടുത്തത് മുരുക്കുംപുഴ കാളകണ്ഠേശ്വരം ക്ഷേത്രത്തിലെ അക്ഷരപ്രതിഷ്ഠയിലൂടെയാണ്.
1921 ഡിസംബർ 22 (1097 ധനു 8) വ്യാഴാഴ്ചയാണ് കാളകണ്ഠേശ്വരം ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരു അക്ഷര പ്രതിഷ്ഠ നടത്തിയത്. ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് കാളീക്ഷേത്രവും പ്രതിഷ്ഠയുമാണ് ഉണ്ടായിരുന്നത്. ജന്തുബലിയും കുരുതിയും മറ്റു അനാചാരങ്ങളും നടന്നിരുന്ന ആ ക്ഷേത്രവും പ്രതിഷ്ഠയും പൊളിച്ചതിന് ശേഷമാണ് ഗുരു അക്ഷര പ്രതിഷ്ഠ നടത്തിയത്. പഞ്ചലോഹത്തിൽ വൃത്താകൃതിയിൽ നിർമ്മിച്ച പ്രഭയാണ് പ്രതിഷ്ഠ. പഞ്ചലോഹ പ്രഭയുടെ നടുക്ക് 'ഓം" എന്നും അതിന് ചുറ്റും 'സത്യം, ധർമ്മം, ദയ, ശാന്തി" എന്നും എഴുതിയിരുന്നു. അറിവിനെ സ്നേഹിക്കുകയും മനുഷ്യപുരോഗതിക്ക് അറിവാണ് ആയുധമെന്നും ലോകത്തെ അറിയിച്ചുകൊണ്ടിരുന്ന ഗുരു നടത്തിയ അക്ഷര പ്രതിഷ്ഠ വിശ്വാസികൾക്കിടയിൽ വിപ്ളവം സൃഷ്ടിക്കുന്നതായിരുന്നു.
ദളിതർക്ക് ക്ഷേത്ര പ്രവേശനം വിലക്കിയിരുന്ന ആ കാലഘട്ടത്തിൽ ഗുരു അക്ഷര പ്രതിഷ്ഠ നടത്തിയ ദിവസം മുതൽ ശ്രീകാളകണ്ഠേശ്വരം ക്ഷേത്രത്തിൽ ഹരിജനങ്ങൾക്കും പ്രവേശനം അനുവദിച്ചിരുന്നു. മുരുക്കുംപുഴയിലെ പ്രശസ്തമായിരുന്ന പാണൂർ കുടുംബത്തിന്റെ സ്വത്ത് വിഭജിച്ചു നൽകിയ ഒന്നര ഏക്കറിലാണ് ക്ഷേത്രം നിലനിൽക്കുന്നത്.
ഗുരു നടത്തിയ നാല്പത്തിഒന്നാമത്തെ പ്രതിഷ്ഠയാണ് അക്ഷര പ്രതിഷ്ഠ.
ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ക്ഷേത്ര ഭാരവാഹികൾ ആസൂത്രണം ചെയ്യുന്നതെന്ന് പ്രസിഡന്റ് ആർ. സുനിൽ പറഞ്ഞു. നൂറാം വാർഷികത്തോടനുബന്ധിച്ച് പുതിയ ചുറ്റമ്പലത്തിന്റെ പണി നടക്കുകയാണ്.
ക്ഷേത്ര പ്രതിഷ്ഠയുടെ ഒന്നാം വാർഷികമായ 1922 ഡിസംബർ 22ന് ഗുരുവിന്റെ അനുവാദത്തോടെയും അനുഗ്രഹത്തോടെയും തുടങ്ങിയ 'ശ്രീനാരായണ വിലാസം ഗ്രന്ഥശാലയുടെ പുനരുദ്ധാരണം, ഗുരുവിനെ കുറിച്ച് ഇതുവരെ എഴുതിയിട്ടുള്ള ലേഖനങ്ങളും കഥകളും കവിതകളും ശേഖരിച്ച് പ്രദർശിപ്പിക്കുക, ആത്മീയ പഠന ക്ളാസുകൾ, ഗുരുവിനെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, ചർച്ചകൾ, ഭാരതീയ ആചാരാനുഷ്ഠാനങ്ങളെ അറിയാനുള്ള വേദ ക്ളാസുകൾ, ക്ഷേത്ര പൂജകൾക്കാവശ്യമായ പൂക്കൾക്കായി ക്ഷേത്രത്തിലും 108 ഭക്തരുടെ വീടുകളിലും പൂന്തോട്ടങ്ങൾ നട്ടുപിടിപ്പിക്കുക, തുടങ്ങി പരിസ്ഥിതിയും പ്രാർത്ഥനയും സമരസപ്പെടുത്തി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.ഏഴു ദിവസം തുടർച്ചയായി ക്ഷേത്ര ദർശനം നടത്തി അക്ഷര പ്രതിഷ്ഠയെ പ്രാർത്ഥിച്ച് പരീക്ഷ എഴുതുന്നവർക്ക് വിജയാനുഗ്രഹം ഉണ്ടാകും.