കവിക്ക് എന്നും യാത്രകൾ ഹരമായിരുന്നു. കൊച്ചുകൊച്ചു യാത്രകൾ പോലും അദ്ദേഹം ആസ്വദിച്ചിരുന്നു. ആരുവാമൊഴിപ്പാതയിലൂടെ ഇരുവശങ്ങളിലുമുള്ള കാറ്റാടിയന്ത്രങ്ങളെയും മഹേന്ദ്രഗിരി പർവതങ്ങളെയും കണ്ട് വീശിയടിക്കുന്ന കാറ്റിൽ എത്ര തവണ വള്ളിയൂർ പോയിട്ടുണ്ട്. വള്ളിയൂരിറങ്ങി ഒരു ചായ കുടിച്ചിട്ട് അടുത്ത ബസിൽ തിരിച്ചുവന്നിട്ടുണ്ട്. മൂന്നാറിലേക്കുള്ള യാത്രയുടെ തലേദിവസം പതിവ് ചെക്കപ്പിന് പോയി... ആ ചെക്കപ്പിലാണ് ജീവിതത്തെ ആകെ തകർത്ത രോഗനിർണയം നടന്നത്. രോഗം തിരിച്ചറിഞ്ഞപ്പോൾ ഒരു നിമിഷം കവി കണ്ണുകൾ അടച്ചു നിശബ്ദനായി ഇരുന്നു.
എറണാകുളത്ത് ലേക് ഷോറിലോ അമൃതയിലോ ചികിത്സ നേടാമെന്ന് പലരും പറഞ്ഞെങ്കിലും വീടുവിട്ടുള്ള ഒരു ചികിത്സയ്ക്കും കവി തയ്യാറായില്ല. ആറുമാസത്തെ ആർ.സി.സിയിലെ ചികിത്സ... ലംഗ്സിൽ നിന്നും രോഗം കരളിലേക്ക് പിടിമുറുക്കി... എങ്കിലും രോഗത്തെ വകവയ്ക്കാതെ വായനയിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. അതായിരിക്കണം കവിക്ക് അല്പമെങ്കിലും ആശ്വാസം പകർന്നത്. അസുഖമറിഞ്ഞെത്തിയ അടുത്ത ബന്ധുക്കളോട് പറഞ്ഞു:
''എനിക്ക് മരണത്തെ ഭയമില്ല. ജീവിതത്തിലെ വലിയ ദുഃഖങ്ങളും സുഖങ്ങളും ഞാനനുഭവിച്ചു. ചെയ്തുതീർക്കാൻ കടമകളൊന്നും അവശേഷിക്കുന്നില്ല." എങ്കിലും ഈ പ്രകൃതിയെയും അതിലെ ചരാചരങ്ങളെയും വിട്ടുപോകുന്നതിൽ കവിക്ക് ദുഃഖമുണ്ടായിരുന്നു.
ഒരു കവിതയിൽ കവി തന്നെ പറഞ്ഞിട്ടുണ്ട്.
''ഉമിത്തീയിലെരിഞ്ഞിടും
സ്വപ്നം കാണുന്നു മാനസം.
സൂചിത്തുമ്പിൽ പദം വച്ചു
നൃത്തമാടുന്നു ജീവിതം."
നാല് കീമോ കഴിഞ്ഞപ്പോൾ വീണ്ടും പഴയ ടെസ്റ്റുകളെല്ലാം നടത്തി. റിസൽട്ട് പരിശോധിച്ചപ്പോൾ ഡോ. ജെ.പിയുടെ സൗമ്യമായ മുഖത്ത് സന്തോഷം. കവിക്ക് അഞ്ച് കിലോ കൂടിയിരിക്കുന്നു. ആ കാലയളവിനുള്ളിൽ മരുന്നുകൾ ഫലിക്കുന്നു. മനസിൽ പ്രതീക്ഷകളുടെ ചിറകു മുളച്ചു. അദ്ദേഹം ലൈബ്രറികളിൽ പോയിത്തുടങ്ങി. കൊച്ചുകൊച്ചു കവിതകൾ എഴുതിത്തുടങ്ങി.
നഷ്ടപ്പെടുമെന്ന് തോന്നിയ ജീവിതം തിരിച്ചുകിട്ടിയ സന്തോഷം. സമയം അമൂല്യമാണെന്ന് തോന്നിയിരിക്കും. ഒരേ സമയം അദ്ദേഹം പല ജോലികൾ ചെയ്തു. ബാങ്കിലും മരുന്ന് വാങ്ങാനും സ്റ്റാച്യൂവിലും എല്ലാം ഞങ്ങൾ ഒരുമിച്ചുപോയി. അടുത്ത തവണ ആർ.സി.സിയിൽ പോയപ്പോൾ രണ്ട് കീമോ കൂടിയെടുക്കണമെന്ന് ഡോക്ടർ പറഞ്ഞു. കവിക്കും സന്തോഷം. ''അസുഖം കുറെക്കൂടി കുറയുമല്ലോ!""
''എന്താ ആലോചിക്കുന്നത്?""
''അതിമോഹമായിരിക്കാം... ദൈവം അനുഗ്രഹിക്കുമെങ്കിൽ നമുക്ക് ഒരിക്കൽ കൂടി വള്ളിയൂരും ബ്രഹ്മപുരത്തും പോകാം. മനുവിന്റെ കാറിൽ." പക്ഷേ കീമോ എടുത്തപ്പോൾ പ്ലേറ്റ്ലെറ്റ്സിന്റെ എണ്ണത്തിൽ കുറവ്. റിസൽട്ട് നോക്കി ഡോക്ടർ ഒരു നിമിഷം മിണ്ടാതിരുന്നു.തിരികെ വരുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ കാറിന് പുറത്തേക്ക് നോക്കിയിരുന്നു. ആ മനസെനിക്കറിയാം... മിനിയാന്ന് വള്ളിയൂർ ഒന്നുകൂടെ കാണണമെന്ന് പറഞ്ഞത്. സ്വപ്നത്തിന്റെ നൂലിഴകൾ കെട്ടിക്കുന്നതും പൊട്ടിക്കുന്നതും അങ്ങ് തന്നെയാണല്ലോ ദൈവമേ... ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം പ്രഗല്ഭ ഓങ്കോളജിസ്റ്റായ ഡോ. സി.കെ. എന്നും വീട്ടിൽ വന്നു കവിയെ കാണുകയും ആവശ്യാനുസരണം മരുന്നുകൾ കുറിച്ച് നൽകുകയും ചെയ്തു. ക്ഷീണമുള്ളതുകൊണ്ട് അധികം വായന വേണ്ടെന്ന് ഡോക്ടർ പറഞ്ഞു. കവി ജനാലപ്പടിയിലിരുന്ന പുസ്തകങ്ങളെ നോക്കി കിടക്കുകയായിരുന്നു. ''എന്തിനാണിനി പുസ്തകങ്ങൾ!" പിന്നെ തലയണിക്കടിയിൽ ഒരു ചെറിയ ഒറ്റത്താക്കോലെടുത്ത് നീട്ടിക്കൊണ്ട് പറഞ്ഞു. ''ഇനി ഈ താക്കോൽ നീ തന്നെ സൂക്ഷിക്ക്. എല്ലാം കൈവിടുമ്പോഴാണ് സുഖം."
സൈൻബോർഡിന്റെ താക്കോൽ. അത് മാത്രമാണ് അദ്ദേഹം സൂക്ഷിച്ചിരുന്നത്. അത് മറ്റാരും തുറക്കുന്നതിഷ്ടമല്ല. ഞാൻ സൈൻബോർഡ് തുറന്നു. പുസ്തകങ്ങൾ, താഴത്തെ തട്ടിൽ കവിതകൾ കുറിച്ചിട്ട കടലാസുകൾ, കുറെ ഓർമ്മക്കുറിപ്പുകൾ.
ഗുരുവായൂരപ്പന്റെ ഒരു കുഞ്ഞുചിത്രം. പിന്നെ ഒരു പിച്ചളപ്പറയിൽ കുറച്ചു ചരൽക്കല്ലുകൾ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. ശിബിമോനെ അടക്കിയ സ്ഥലത്ത് നിന്നും നാലഞ്ച് ചരൽക്കല്ലുകൾ എടുത്ത് അമൂല്യമായി സൂക്ഷിച്ചിരിക്കുന്നു. ആ ഓർമ്മക്കല്ലുകൾ നോക്കിക്കൊണ്ട് ഒരിക്കലദ്ദേഹമെന്നോട് പറഞ്ഞു. ''ഈ കല്ലുകളിൽ കൂടി എനിക്കവന്റെ ശൈശവവും ബാല്യവും കാണാം. അവന്റെ വർത്തമാനവും പൊട്ടിച്ചിരിയും കേൾക്കാം." പുൽപായയിൽ കമിഴ്ന്നു കിടന്നാണ് ദശാബ്ദങ്ങളായി കവി എഴുതിയിരുന്നത്. ഇടതു കൈയിൽ എരിയുന്ന സിഗരറ്റും വലതു കൈയിൽ പേനയുമായാണ് എഴുതാൻ തുടങ്ങുന്നത്. ഒരു സിഗരറ്റു തീരുമ്പോൾ അതിൽ നിന്നും മറ്റൊന്ന് കൊളുത്തിയിട്ടു സിഗരറ്റ് കുറ്റി അലക്ഷ്യമായി വലിച്ചെറിയും. ഡിവൈൻ കോമഡി പരിഭാഷ തീരുന്നതിനിടയിൽ രണ്ട് മെത്തകൾക്ക് തീപിടിച്ചിട്ടുണ്ട്.
കവിക്ക് അസുഖമായി കിടക്കുമ്പോൾ മകൻ മനു കൊല്ലം വിമെൻസ് കോളേജിലായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. രാവിലെ യാത്ര ചോദിക്കാൻ വരുമ്പോൾ തലയണക്കടിയിൽ നിന്നും ഇരുപതു രൂപയെടുത്ത് അവനു കൊടുക്കും. കവിയുടെ കൊച്ചുകൊച്ചു സന്തോഷങ്ങളിൽ ഒന്നായിരുന്നു അത്. വൈകിട്ട് അവൻ വരുന്ന ട്രെയിനിന്റെ ചൂളം വിളി ശ്രദ്ധിച്ചു കിടക്കും. ട്രെയിൻ വൈകിയാൽ അസ്വസ്ഥനാകും.
നവംബർ മാസത്തിൽ ലോർഡ്സ് ആശുപത്രിയിൽ കൊണ്ടുപോയി ഡ്രിപ്പിൽ കൂടി മരുന്നും രക്തവും കൊടുത്തിരുന്നു. ഒരു ദിവസം ആശുപത്രിയിൽ നിന്നിറങ്ങിയപ്പോൾ സന്ധ്യയാകാറായി. മനു കാർ ശംഖുംമുഖത്തേക്ക് വിട്ടു. കവിക്ക് ഏറ്റവുമിഷ്ടപ്പെട്ട സ്ഥലമാണ് ശംഖുംമുഖം. മനുവും ദിവ്യയും അമ്മുവും പുറത്തിറങ്ങി. ഞങ്ങൾ രണ്ടുപേരും കാറിൽ തന്നെയിരുന്നു.
ഒഴിവു ദിവസം വലിയ തിരക്കുണ്ടായിരുന്നില്ല. എങ്കിലും കുട്ടികൾ കളിവീടുണ്ടാക്കുന്നു. ഓടിക്കളിക്കുന്നു. കവി നിശബ്ദനായി കടലിനെ നോക്കിയിരുന്നു. ഒന്നും കാണുന്നില്ലെന്ന് തോന്നി. കവിയെ നോക്കി കടലിന്റെ മുഖം മങ്ങി. കടൽ സങ്കടക്കടലായി മാറി. ''അച്ഛാ ഒരു ചായ കുടിക്കാം." മനു പറഞ്ഞു. ''വേണ്ട പോകാം, " കവി പറഞ്ഞു. പോയ രാവുകളൊന്നും തിരിച്ചുവരില്ല. കടൽ മന്ത്രിച്ചു. എത്രയോ കവിതകൾക്ക് ഇവിടിരുന്ന് രൂപം നൽകിയിട്ടുണ്ട്. കവിക്ക് ജീവിതം കവിതയായിരുന്നു. കവിത ജീവിതമായിരുന്നു. തിരിച്ചുവന്ന കവി എല്ലാ സങ്കടങ്ങളും ഉള്ളിലമർത്തി ജനാലയ്ക്കഭിമുഖമായി കമ്പികളിൽ പിടിച്ചു കണ്ണുകളടച്ചു കിടന്നു. നവംബർ 30. സൂര്യൻ താഴ്ന്നുകൊണ്ടിരുന്നു. കടലിന്റെ കൺപോളകൾക്കുള്ളിൽ സൂര്യൻ മറഞ്ഞു. 6.45. കടൽ മന്ത്രിച്ചു. ഭാഷകൾക്കതീതമായി കവിതകളെ പ്രണയിച്ച, ജീവിതത്തെ പ്രണയിച്ച, പ്രകൃതിയെ പ്രണയിച്ച ഒരാൾ ഇതിലെ കടന്നുപോയി.
(ഫോൺ: 9446401279)