കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടും സാമൂഹിക അകലം പാലിച്ചും കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന്റെ സാദ്ധ്യതയെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ മത്സരങ്ങളും ടൂർണമെന്റുകളും അരങ്ങേറുന്നത് കൊവിഡിനെ അതിജീവിച്ചുകൊണ്ടും മനുഷ്യന് മുന്നോട്ടുപോകാൻ കഴിയും എന്നതിന്റെ തെളിവാണ്. ടീം ഇനങ്ങളിലും ബോഡി കോണ്ടാക്റ്റ് വരുന്ന ഗെയിമുകളിലും ഏർപ്പെടുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച മാർഗരേഖ വെവ്വേറെ പുറത്തിറക്കണം. കൊവിഡ് വ്യാപനഭീതി, ഉത്കണ്ഠ എന്നിവയുള്ള കായിക താരങ്ങൾക്ക് പ്രത്യേക ശ്രദ്ധ, കരുതൽ, പിന്തുണ എന്നിവ ഉറപ്പാക്കി കളിക്കളത്തിലേക്ക് മടക്കിക്കൊണ്ടുവരണം.
കായിക ലോകത്ത് അപ്രാപ്യമായ നേട്ടങ്ങൾ കരസ്ഥമാക്കുവാനാഗ്രഹിക്കുന്ന ഇന്ത്യയിലെ പല ദേശീയ ടീമുകളും കൊവിഡിനെ അതിജീവിച്ച് പരിശീലന ക്യാമ്പുകളിലാണ് ചെലവഴിക്കുന്നത്. സമൂഹവുമായോ കുടുംബാംഗങ്ങളോടൊപ്പമോ സമയം ചെലവഴിക്കുവാൻ കഴിയാതെയുള്ള കഠിന പരിശ്രമം. അകലം പാലിച്ചുള്ള ഭക്ഷണം കഴിക്കൽ, ഒരു മുറിയിൽ ഒറ്റയ്ക്ക് താമസിക്കുക തുടങ്ങി നിരവധി പ്രാഥമിക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പാലിച്ചുകൊണ്ടിരിക്കുന്ന കായിക നിയമാവലിയിൽ താത്കാലികമായ മാറ്റങ്ങൾ കൊണ്ടുവന്ന് മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിനും ചില കായിക സംഘടനകൾ ഇടപെടുന്നുണ്ട്.
സെപ്തംബർ 19ന് യു.എ.ഇയിൽ നടന്ന ഐ.പി.എല്ലിലെ മുഴുവൻ താരങ്ങൾക്കും സ്റ്റാഫുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അതിശക്തമായ കൊവിഡ് പ്രതിരോധ സുരക്ഷയാണ് ഒരുക്കിയത്. കോണ്ടാക്ട് ട്രേസിങ് ഇലക്ട്രോണിക്സ് ബാഡ്ജുകൾ നൽകിക്കൊണ്ട് ഐ.പി.എല്ലിന്റെ ഭാഗമായ മുഴുവൻ പേരുടെയും സമ്പർക്ക വിവരം അനായാസം അറിയാൻ സാധിക്കും. ബ്ളൂടൂത്തുമായി കണക്ട് ചെയ്യുന്ന ഈ ബാഡ്ജിലൂടെ താരങ്ങളുടെ സമ്പർക്കപ്പട്ടികയുടെ വിവരം നേരിട്ട് ലഭ്യമാകുകയും അനായാസം മറ്റുള്ളവർക്ക് മുൻകരുതൽ സ്വീകരിക്കുവാനും കഴിഞ്ഞിരുന്നു. സമാനമായ മാതൃക മറ്റു കായിക ഇനങ്ങളുടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് മുൻപായും സ്വീകരിക്കാവുന്നതാണ്. ഫുട്ബാൾ സംഘടനയായ ഫിഫ 5 സബ്സ്റ്റിറ്റ്യൂഷൻ സമ്പ്രദായം നടപ്പിലാക്കുവാൻ ആലോചിക്കുന്നുണ്ട്. കൂടാതെ മൈതാനത്തിന് പുറത്തിരിക്കുന്ന കളിക്കാരും പരിശീലകരും ടീം അധികൃതരും വൻ സുരക്ഷാ തന്ത്രങ്ങൾ സ്വീകരിക്കാനും പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിക്കാനും നിർദ്ദേശിക്കുന്നു. ഇതുവരെയില്ലാത്ത കൊവിഡ് അതിജീവന തന്ത്രങ്ങളുമായി ക്രിക്കറ്റ് അതികായകരായ ഐ.സി.സിയും രംഗത്ത് എത്തിയിട്ടുണ്ട്.
ബൗളർമാർ പന്തുകളിൽ ഉമിനീർ ഉപയോഗിക്കുന്ന പ്രയോഗം നിരോധിച്ചുകഴിഞ്ഞു. കൂടാതെ കളിക്കിടയിലുള്ള ഹസ്തദാനം, ആലിംഗനം എന്നിവയും മൈതാനത്ത് ഇടയ്ക്ക് തുപ്പുന്ന ശീലം തുടങ്ങിയവ പൂർണമായും ഒഴിവാക്കാനും നിർദ്ദേശിച്ചുകഴിഞ്ഞു. കൂടാതെ വ്യക്തിഗത കായിക ഉപകരണങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാതെ മുൻകരുതൽ സ്വീകരിക്ക ണമെന്നും ടീം മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നത് സാമൂഹിക അകലം പാലിച്ചിട്ടാകണമെന്നാണ് പൊതു നിർദ്ദേശം. ഇത്തരം മാർഗനിർദ്ദേശങ്ങൾ താരങ്ങൾക്കു മാത്രമല്ല മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യൽസിനും മറ്റു സാങ്കേതിക സംവിധാനം ഒരുക്കുന്നവർക്കും ബാധകമായിരിക്കും.
പൊതുഇടങ്ങളിലും മൈതാനങ്ങളിലും കായിക പ്രവർത്തനങ്ങളും വ്യായാമവും ചെയ്യാൻ നിലവിൽ അനുമതി ലഭ്യമായെങ്കിലും സുരക്ഷാ മുൻകരുതൽ സ്വീകരിച്ചു മാത്രമേ ഇതിൽ പങ്കെടുക്കാൻ കഴിയൂ. മാസ്ക് ധരിച്ചുകൊണ്ട് വ്യായാമം ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശം. എന്നാൽ വ്യായാമം ചെയ്യുമ്പോൾ ശ്വാസകോശത്തിലേക്ക് കൂടുതൽ വായു എത്തുന്നു. മാസ്ക് വയ്ക്കുന്നതിലൂടെ വായുവിന്റെ ശരിയായ സഞ്ചാരപഥത്തിന് തടസമുണ്ടാകുന്നു. ഇത് ക്ഷീണം, പെട്ടെന്നുള്ള തളർച്ച എന്നിവയ്ക്കു കാരണമാകുന്നു. ജീവിതശൈലി രോഗങ്ങളായ രക്തസമ്മർദ്ദം, ഹൃദ്റോഗം തുടങ്ങിയവയുള്ളവരെ ഈ രീതി കൂടുതലായി ബാധിക്കുകയും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകുയം ചെയ്യും.അതിനാൽ ശ്വാസകോശത്തിന് കൂടുതൽ സമ്മർദ്ദം നൽകാത്ത വ്യായാമ മുറകൾ ഉൾപ്പെടുത്തുന്നത് ഉചിതമാകും. വീട്ടിൽ തന്നെ ലഭ്യമാകുന്ന സൗകര്യങ്ങളിൽ വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുകയാണെങ്കിൽ മാസ്ക് ഉപയോഗിക്കുക എന്നതിൽ നിന്നും ഒഴിവാക്കാൻ സാധിക്കും. കൊവിഡ് നാളുകളിൽ കായിക ക്ഷമത നിലനിറുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയും പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ജനങ്ങൾ താത്പര്യപൂർവം സ്വീകരിക്കണം. ഗ്രാമീണ മേഖലയിൽ കായിക വികസനത്തിൽ കൂടുതൽ പ്രാമുഖ്യം നൽകാൻ കായികമേഖലയിലെ അധികാരികൾ തയ്യാറാകണം. ഇതിന് കൂടുതൽ ഊന്നൽ നൽകിയാൽ പ്രാദേശികമായി കഴിവുള്ള ധാരാളം പുതിയ പ്രതിഭകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും സാധിക്കും.