മുംബയ്: ഭീമാ കൊറെഗാവ് കേസിൽ കഴിഞ്ഞമാസം അറസ്റ്റിലായ ആക്ടിവിസ്റ്റ് ഫാ.സ്റ്റാൻസാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്‌ട്രോയും സിപ്പർ കപ്പും നൽകിയിരുന്നതായി ജയിൽ അധികൃതർ.
പാർക്കിൻസൺസ് രോഗിയായ തനിക്ക് ഭക്ഷണം കഴിക്കാൻ സ്‌ട്രോയും സിപ്പർ കപ്പും വേണമെന്ന സ്റ്റാൻ സാമിയുടെ ആവശ്യം ആഴ്ചകളായി അംഗീകരിക്കാതിരുന്ന ജയിൽ അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണം.
'ആരോപണം അടിസ്ഥാനരഹിതമാണ്. സ്ട്രോയും സിപ്പർകപ്പും മാത്രമല്ല, വീൽചെയർ, വാക്കിംഗ് സ്റ്റിക്, വാക്കർ എന്നിവയും അദ്ദേഹത്തിന് രണ്ട് സഹായികളെയും നൽകുന്നുണ്ട്. അദ്ദേഹം ഒരു പാർക്കൻസൺസ് രോഗിയാണെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹത്തിന് ആവശ്യമായ ഈ സംഗതികൾ എന്തിനാണ് നൽകാതിരിക്കുന്നത്?.' - ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
സ്റ്റാൻസാമിക്ക് എല്ലാ സഹായങ്ങളും ജയിലിൽ ലഭിക്കുന്നുണ്ടെന്നും ആരോപണങ്ങൾ തെറ്റാണെന്നും മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് പാട്ടീൽ പറഞ്ഞു. ആവശ്യംവന്നാൽ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തിന് ചികിത്സ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തന്നെ അറസ്റ്റ് ചെയ്‌പ്പോൾ പിടിച്ചെടുത്ത സ്‌ട്രോയും സിപ്പർ കപ്പും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റാൻസാമി പുനൈ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അവ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതിയിൽ എൻ.ഐ.എ സത്യവാങ്മൂലം നൽകി. ഇതോടെ സ്റ്റാൻസാമിയുടെ അപേക്ഷ പൂനെയിലെ പ്രത്യേക കോടതി തള്ളി.
ഇതേത്തുടർന്ന് ജയിലിൽ സ്‌ട്രോയും സിപ്പറും ശൈത്യകാല വസ്ത്രങ്ങളും ഉപയോഗിക്കാൻ അനുമതി തേടി സാമി വീണ്ടും കോടതിയെ സമീപിച്ചു. ഹർജിയിൽ ജയിൽ അധികൃതരുടെ മറുപടി ആരാഞ്ഞ കോടതി ഹർജി ഡിസംബർ നാലിലേക്ക് മാറ്റിയിരിക്കയാണ്.