anti-conservation-law

ബറേലി: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ നിയമപ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബറേലി ജില്ലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേവര്‍നിയന്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഷരീഫ് നഗര്‍ സ്വദേശിയായ ടിക്കാറാം എന്നയാളാണ് പരാതിക്കാരനെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പ്രസ്താവനയിലൂടെ അറിയിച്ചു. ഉവൈസ് അഹമ്മദ് എന്ന യുവാവ് തന്റെ മകളെ പ്രലോഭിപ്പിച്ച് മതംമാറ്റാന്‍ ശ്രമിക്കുന്നെന്നാണ് പരാതി. ഐ.പി.സി വകുപ്പുകള്‍ പ്രകാരവും പുതിയ മതപരിവര്‍ത്തന നിരോധന നിയമപ്രകാരവുമാണ് ഉവൈസ് അഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ചയായിരുന്നു ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പുതിയ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നത്. വിവാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിക്കൊണ്ടുള്ളതാണ് യു പി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്. നിയമപ്രകാരം ചതിച്ചോ നിര്‍ബന്ധിച്ചോ മതം മാറ്റുന്നത് പത്ത് വര്‍ഷം വരെ തടവും 50000 രൂപവരെ പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.

കരട് ഓര്‍ഡിനന്‍സിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നല്‍കി നാലുദിവത്തിനുള്ളിലാണ് ഇത് നിയമമായിരിക്കുന്നത്. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനം തടയുന്നതിനാണ് നിയമം കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ലൗ ജിഹാദ് കേസുകളില്‍ വധശിക്ഷയോ ജീവപര്യന്തമോ നല്‍കണമെന്ന് ബി.ജെ.പി നേതാവ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.