ന്യൂഡല്‍ഹി: കൊവിഡ് പോസിറ്റീവായി കുടുങ്ങിപ്പോയ 50 ശാസ്ത്രജ്ഞരെ തിരികെയെത്തിച്ചു. വ്യോമസേനയുടെ 19 മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ശേഷമാണ് ശാസ്ത്രജ്ഞരെ തിരികെയെത്തിച്ചത്. മദ്ധ്യേഷ്യയിലെ ഏത് രാജ്യത്തു നിന്നാണ് ഇവരെ തിരികെയെത്തിച്ചത് എന്നു വ്യക്തമല്ല. 'ശാസ്ത്രജ്ഞര്‍ കുടുങ്ങിപ്പോയ രാജ്യത്തേക്ക് പ്രത്യേക വിമാനം അയച്ചു. 19 മണിക്കൂര്‍ നീണ്ട ദൗത്യത്തിനായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ ഹെവിലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് ഉപയോഗിച്ചത്.' സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പേര് വെളിപ്പെടുത്താത്ത മദ്ധ്യേഷ്യന്‍ രാജ്യത്തായിരുന്നു ശാസ്ത്രജ്ഞര്‍ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ആ രാജ്യത്തെ എംബസിയുടെ സഹകരണത്തോടെയാണ് ശാസ്ത്രജ്ഞരെ രാജ്യത്തെത്തിച്ചത്. 50 ശാസ്ത്രജ്ഞരും ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ശാസ്ത്രജ്ഞര്‍ ഉണ്ടായിരുന്ന രാജ്യത്ത് കൊവിഡ് സ്ഥിതിഗതികള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് ചികിത്സാ സൗകര്യം ലഭ്യമായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്.
ശാസ്ത്രജ്ഞരുടെ സംഘത്തിലെ ഒരാളുടെ നില ഗുരുതരമാണ്. ഇന്ത്യയില്‍ നിന്നും പുറപ്പെട്ട വിമാനം ഒമ്പത് മണിക്കൂറിന് ശേഷമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. രണ്ട് മണിക്കൂറിന് ശേഷം ഇവരുമായി തിരികെ പറക്കുകയായിരുന്നു. ഇന്ത്യയുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തായിരുന്നു ശാസ്ത്രജ്ഞര്‍ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്നാണ് വിവരം.