രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി

പരമ്പര ആസ്ട്രേലിയയ്ക്ക്

സ്‌മിത്തിന് സെഞ്ച്വറി

സിഡ്നി: ഇന്ത്യൻ ബൗളർമാരെ തുടർച്ചയായ രണ്ടാം മത്സരത്തിലും അടിച്ചു പരത്തി ജയം സ്വന്തമാക്കി ഒരു കളി ശേഷിക്കെ തന്നെ ആസ്ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കി. സിഡ്നി തന്നെ വേദിയായ ഇന്നലെ നടന്ന രണ്ടാം ഏകദിനത്തിൽ 51 റൺസിനായിരുന്നു ആസ്ട്രേലിയയുയുടെ ജയം. തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി നിറഞ്ഞാടിയ സ്റ്റീവൻ സ്മിത്തുൾപ്പെടെയുള്ള മുൻനിര ബാറ്ര്‌സ്മാൻമാരുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 50 ഓവറിൽ 389 /4 എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. മറുപടിക്കിറങ്ങിയ ഇന്ത്യ പൊരുതി നോക്കിയെങ്കിലും 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ആദ്യമത്സരത്തിൽ 66 റൺസിനായിരുന്നു ആസ്ട്രേലിയയുടെ ജയം.

ടോസ് നേടിയ ആസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ബാറ്രിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലേതു പോലെ ഫിഞ്ചും ഡേവിഡ് വാർണറും താളം കണ്ടെത്തിയതോടെ ഇന്ത്യൻ ബൗളർമാർ വീണ്ടും പ്രതിസന്ധിയിലാവുകയായിരുന്നു.ഒന്നാം വിക്കറ്റിൽ ഇരുവരും 22. 2 ഓവറിൽ 142 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 69 പന്തിൽ 6 ഫോറും 1 സിക്സും ഉൾപ്പെടെ 60 റൺസെടുത്ത ഫിഞ്ചിനെ കൊഹ്‌ലിയുടെ കൈയിൽ എത്തിച്ച് മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ വാർണർ റണ്ണൗട്ടായി. 77 പന്ത് നേരിട്ട് 83 റൺസെടുത്ത വാർണറുടെ ഇന്നിംഗ്സിൽ 7 ഫോറും 3 സിക്സും ഉണ്ട്. തുടർന്ന് ക്രീസിൽ ഒന്നിച്ച സ്മിത്തും ലബുഷ്ചാംഗയും (70)​ ഓസീസ് സ്കോർ ടോപ് ഗിയറിൽ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 136 റൺസിന്റെ കൂട്ടികെട്ടുണ്ടാക്കി. കഴിഞ്ഞ മത്സരത്തിന്റെ കാർബൺ കോപ്പിയായിരുന്നു സ്മിത്ത് ഈ മത്സരത്തിലും. അടിച്ചു തകർത്ത് സ്മിത്ത് മുന്നേറിയപ്പോൾ ഇന്ത്യൻ ബൗളർമാർ ഉത്തരമില്ലാതെ വലഞ്ഞു. 62 പന്തിൽ സെഞ്ച്വറി തികച്ച സ്മിത്തിന് എന്നാൽ രണ്ട് പന്തിന്റെ ആയുസ് കൂടിയെ ഉണ്ടായിരുന്നുള്ളൂ. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം പന്തെടുത്ത ഹാർദ്ദിക് പാണ്ഡ്യ സ്മിത്തിനെ ഷമിയുടെ കൈയിൽ എത്തിക്കുകയായിരുന്നു. 14 ഫോറും 2 സിക്സും സ്മിത്തിന്റെ ഇന്നിംഗ്സിലുണ്ട്. പകരമെത്തിയ മാക്‌സ്‌വെല്ലും വെറും 29 പന്തിൽ പുറത്താകാതെ 4 വീതം സിക്സും ഫോറുമടക്കം 63റൺസ് അടിച്ചുകൂട്ടി.

ബാളെടുത്ത ഇന്ത്യൻ താരങ്ങളെല്ലാം അടിവാങ്ങി. സെയ്‌നി 7 ഓവറിൽ വഴങ്ങിയത് 70 റൺസാണ്.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്കായി ശിഖർ ധവാനും (30)​,​ മായങ്ക് അഗർവാളും അർദ്ധ സെഞ്ച്വറി കൂട്ടികെട്ടുണ്ടാക്കി. ധവാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഹാസൽവുഡ് സ്റ്റാർക്കിന്റെ കൈയിൽ എത്തിച്ചു. അടുത്ത ഓവറിൽ കുമ്മിൻസിന്റെ പന്തിൽ കാരെയ്ക്ക് ക്യാച്ച് നൽകി അഗർവാൾ മടങ്ങി. അതിന് ശേഷം നായകൻ കൊഹ്‌ലി (89)​ ശ്രേയസ് അയ്യർക്കൊപ്പം ഇന്ത്യൻ സ്കോർ നൂറും നൂറ്രമ്പതും കടത്തി. ഇന്ത്യ നില സുരക്ഷിതമാക്കുന്ന സമയത്താണ് ഹെൻറിക്കസിന്റെ പന്തിൽ അവിശ്വസനീയമായ ക്യാച്ചിലൂടെ സ്മിത്ത് ശ്രേയസിനെ പുറത്താക്കിയത്. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കൊഹ്‌ലിയെ ഹാസൽവുഡിന്റെ പന്തിൽ മറ്രൊരു വിസ്മയ ക്യാച്ചിലൂടെ ഹെൻറിക്കസും മടക്കി. 87പന്ത് നേരിട്ട കൊ‌ഹ്‌ലി 7 ഫോറും 2 സിക്സും നേടി. കൊഹ്‌ലി പോയിട്ടും അർദ്ധ സെഞ്ച്വറി കടന്ന് രാഹുൽ (76,​ 5സിക്സ് ,​ 4ഫോർ)​ പൊരുതി നോക്കിയെങ്കിലും 44 -ാം ഓവറിൽ ഇന്ത്യൻ സ്കോർ 288ൽ വച്ച് സാംപ മടക്ക ടിക്കറ്റ് നൽകിയതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് മേൽകരി നിഴൽ വീണു. ഓസീസിനായി കുമ്മിൻസ് മൂന്നും ഹാസൽവുഡും സാംപയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യ തോറ്രെങ്കിലും, ആരാധകന്റെ പ്രണയം വിജയം

സിഡ്നി: ഇന്നലെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയുടേയും ആസ്ട്രലിയയുടേയും താരങ്ങൾ പൊരിഞ്ഞ പോരാട്ടം നടത്തുമ്പോൾ ആതിരുകൾ അലിഞ്ഞില്ലാതായ പ്രണയ സാഫല്യക്കുളിരിലായിരുന്നു ഗാലറി. ഈ പ്രണയ കഥയിലെ നായകൻ ഇന്ത്യക്കാരനും നായിക ആസ്ട്രേലിയക്കാരിയുമായിരുന്നു. ഇന്ത്യ ചേസ് ചെയ്യുന്നതിനിടെയാണ് ഗാലറിയിൽ അപൂർവക്കാഴ്ച അരങ്ങേറിയത്. ഇന്ത്യൻ ഇന്നിംഗ്സ് ഇരുപതോവർ പിന്നിട്ട സമയത്താണ് സംഭവം. ഓസീസ് ആരാധികയായ യുവതിയുടെ മുന്നിൽ ഇന്ത്യൻ ജേഴ്സി ധരിച്ചെത്തിയ യുവാവ് മുട്ടുകുത്തി നിന്ന് വിവാഹ മോതിരം നീട്ടുകയായിരുന്നു. ആദ്യം ഒന്നമ്പരന്നെങ്കിലും യുവതി ആ പ്രണയം ഹൃദയത്തോട് ചേർത്തു. ഇതോടെ ഗാലറിയിൽ കൈയടികളും ആഹ്ലാദാരവങ്ങളും ഉയർന്നു. ക്രിക്കറ്ര് ആസ്ട്രേലിയ ഈ വീഡിയോ ട്വീറ്ര് ചെയ്ത് നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു. ഇന്ത്യൻ വംശജയായ വിനി രാമനെ വിവാഹം ചെയ്ത മാക്സ്‌വെൽഗാലറിയിലെ ഇന്ത്യ-ഓസീസ് പ്രണയ ഗാഥ കണ്ട് കൈയടിക്കുന്നതും വീഡിയോയിലുണ്ട്.