nda

കറ്റാനം: കേരളത്തിന്റെ മണ്ണ് ദേശീയ ജനാധിപത്യ സഖ്യത്തിന് പാകപ്പെട്ടതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും എൻ.ഡി.എ ചെയർമാനുമായ കെ. സുരേന്ദ്രൻ പറഞ്ഞു. എൻ.ഡി.എ ഭരണിക്കാവ് പഞ്ചായത്ത് തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഇടത്-വലത് മുന്നണി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് കള്ളക്കടത്തുകാരുടെയും രാജ്യദ്രോഹികളുടെയും വിളനിലമായി മാറി. കേന്ദ്ര ഏജൻസികളെ കത്തയച്ചു ക്ഷണിച്ച മുഖ്യമന്ത്രി ഇന്ന് കേന്ദ്ര ഏജൻസികൾക്കെതിരെ വാളോങ്ങി നിൽക്കുന്നത് അപഹാസ്യമാണ്. മൗനിയായ മൻമോഹൻ സിംഗ് അല്ല ഇന്ന് കേന്ദ്രം ഭരിക്കുന്നത്. തന്റേടമുള്ള നരേന്ദ്രമോദിയാണ്. കൃത്യമായി ഏജൻസികൾ അന്വേഷിച്ച് സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തും.

അഴിമതിക്കെതിരെയുള്ള ജനവികാരമാണ് ഇന്ന് കേരളത്തിലുള്ളത്. അത് യു.ഡി.എഫിനും എൽ.ഡി.എഫിനും വിനയാകും. ഇരുകൂട്ടരെയും തള്ളി എൻ.ഡി.എ കേരളം തൂത്തുവാരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ എൻ.ഡി.എ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും എല്ലാ പഞ്ചായത്തുകളിലും ഭരണരംഗത്തേക്ക് എൻ.ഡി.എ സാരഥികൾ കടന്നു വരുമെന്നും മുഖ്യപ്രഭാഷണം നടത്തിയ എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ജെ.പി കറ്റാനം മേഖല പ്രസിഡന്റ് ജയൻ ഭരണിക്കാവ് അദ്ധ്യക്ഷത വഹിച്ചു.