amith-shaw

ഹൈദരാബാദ്: ഹൈദരാബാദിനെ രാജവാഴ്ചയിൽനിന്ന് ജനാധിപത്യത്തിലേക്കും അഴിമതിയിൽനിന്ന് സുതാര്യതയിലേക്കും എത്തിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത ആഴ്ച മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹൈദരാബാദിൽ ഇന്നലെ നടന്ന വമ്പൻ റോഡ്‌ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഷാ.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിക്കെതിരെ (ടി.ആ.ർഎസ്) ഷാ രൂക്ഷവിമർശനമുയർത്തി.

'ഞങ്ങൾ ഹൈദരാബാദിനെയും തെലങ്കാനയെയും രാജവാഴ്ചയിൽനിന്നു ജനാധിപത്യത്തിലേക്ക് എത്തിക്കും. അഴിമതിയിൽനിന്നു സുതാര്യതയിലേക്കു കൊണ്ടുപോകും. എല്ലാവർക്കും തുല്യ അലസരം ലഭിക്കും. രണ്ടാംകിട പൗരന്മാരായി ആരും ഉണ്ടാകില്ല.

ഒവൈസിയുമായുള്ള സൗഹൃദം എന്തുകൊണ്ടു രഹസ്യമാക്കുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനോടു ചോദിക്കുക. എ.ഐ.എം.ഐ.എമ്മുമായി നിങ്ങൾ കരാറുണ്ടാക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. എന്നാലും എന്തിനാണു 'രഹസ്യ കരാറുകളുണ്ടാക്കുന്നത്?'– അമിത് ഷാ ചോദിച്ചു.

' പ്രളയമില്ലാത്ത നഗരമായി ഹൈദരാബാദ് മാറും. പ്രളയജലം ഏഴു ലക്ഷത്തോളം വീടുകളിലേക്കാണു കയറിയത്. എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്?. കാരണം വെള്ളം പോകാൻ കൃത്യമായ വഴികളുണ്ടായിരുന്നില്ല. ബി.ജെ.പിക്ക് ഒരു അവസരം തരൂ. ഞങ്ങൾ ഈ പ്രശ്നം പരിഹരിക്കാം. ലോകത്തെ തന്നെ ഐ.ടി ഹബ്ബാകാൻ ഹൈദരാബാദിന് സാധിക്കും. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായാൽ ഇതു സംഭവിക്കും. ടി.ആർ.എസ് നയിക്കുന്ന മുനിസിപ്പൽ കോർപറേഷൻ പരാജയപ്പെട്ടു. നഗരവികസനത്തിനായി കേന്ദ്രം ഫണ്ട് നൽകിയിട്ടുണ്ടെങ്കിലും ഇത് നടപ്പാക്കിയത് എവിടെയാണെന്നും' അമിത് ഷാ ചോദിച്ചു.