പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോൻ......
കൈവയ്ക്കുന്ന മേഖലകളിലെല്ലാം സ്വയം അടയാളപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രതിഭകൾക്ക് മാത്രം സാദ്ധ്യമായ കാര്യമാണത്. രാജീവ് മേനോൻ അങ്ങനെ പ്രതിഭാശാലിയായ ഒരു സംവിധായകനാണ്. 'ബോംബെ' എന്ന എക്കാലവും ഓർമ്മിക്കുന്ന മണിരത്നം സിനിമയിലെ മികച്ച ഫ്രെയിമുകൾ ലോകം കണ്ടത് ഈ കണ്ണുകളിലൂടെയായിരുന്നു. 'മിൻസാരക്കനവി" ലൂടെ സംവിധായക കുപ്പായമണിഞ്ഞപ്പോഴും രാജീവ് മേനോൻ എന്ന അതുല്യ പ്രതിഭയെ ഇന്ത്യൻ സിനിമ ഇരുകൈയും നീട്ടി സ്വീകരിച്ചു. മീരയുടെ കാമുകൻ ഗുപ്തനായി 'ഹരികൃഷ്ണൻസി" ലൂടെ രാജീവ് മേനോൻ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയപ്പോൾ മലയാളികൾ അദ്ദേഹത്തെ സ്നേഹാദരവോടെ സ്വീകരിച്ചു. നല്ല തിരക്കഥകൾ വന്നാൽ മലയാളത്തിലും സിനിമ ചെയ്യുമെന്ന് രാജീവ് മേനോൻ പറയുന്നു.ഈ കൊവിഡ് കാലത്ത് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് 'റീ യൂണിയൻ" എന്ന കുഞ്ഞുസിനിമയുടെ സംവിധായകനായും തിരക്കഥാകൃത്തായും ഛായാഗ്രാഹകനായും രാജീവ് മേനോൻ വീണ്ടും വിസ്മയിപ്പിക്കുകയാണ്. റീയൂണിയൻ എന്ന സിനിമയും അതിലെ കഥാപാത്രങ്ങളും രാജീവ് മേനോന് പ്രിയപ്പെട്ടതാണ്. പുതിയ സിനിമയുടെ വിശേഷങ്ങൾ രാജീവ് മേനോൻ പറഞ്ഞു തുടങ്ങി.
അനുഭവങ്ങളിൽ നിന്ന്അടർത്തിയെടുത്ത ഏട്
ആമസോൺ പ്രൈം ആണ് ഇങ്ങനെയൊരു ആന്തോളജി ചിത്രത്തിന് വേണ്ടി എന്നെ ബന്ധപ്പെടുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ വ്യത്യസ്തമായ അഞ്ചു കഥകൾ, അതാണ് 'പുത്തം പുതു കാലൈ". സാധനയും ഭൈരവിയും വിക്രമും എല്ലാം എന്റെ മനസിൽ എപ്പോഴോ കടന്നു കൂടിയവരാണ്. അതുകൊണ്ട് ഇങ്ങനെയൊരു പ്രോജക്ട് വന്നപ്പോൾ ആ മൂന്നുപേരെയും ഒന്നിപ്പിക്കുക എന്നൊരു പണി മാത്രമേ എനിക്ക് ഉണ്ടായിരുന്നോള്ളൂ. ഇവർ മൂന്നുപേരും ലോക്ക് ഡൗൺ സമയത്ത് ഒന്നിച്ചാൽ എങ്ങനെ ഇരിക്കുമെന്നാണ് റീയൂണിയനിൽ എല്ലാവരും കണ്ടത്. കൊവിഡ് പോലൊരു മഹാമാരി ലോകം മുഴുവൻ പിടിച്ചെടുക്കുന്ന സാഹചര്യം. പെട്ടന്നുണ്ടായ ലോക്ക് ഡൗൺ എല്ലാവരെയും കാര്യമായി ബാധിച്ചിരുന്നു . അതുവരെയുള്ള ശീലങ്ങൾക്കാണ് മാറ്റം വന്നത്. പുറത്തിറങ്ങാനോ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനോ ഒന്നും സാധിക്കാത്തൊരു അവസ്ഥ. പുതുതായി ചെയ്യാനൊന്നും ഇല്ല എന്നു വിചാരിച്ച സമയത്തായിരുന്നു ആമസോൺ റീയൂണിയന് വേണ്ടി വിളിക്കുന്നത്. വിഷമിച്ച് ഡിപ്രഷനടിച്ച് വീട്ടിൽ ഇരിക്കുന്നവർക്ക് വേണ്ടിയായിരുന്നു ആ പ്രോജക്ട് ചെയ്യാമെന്ന തിരുമാനത്തിൽ എത്തുന്നത് .എഴുതാൻ ഇരുന്നപ്പോൾ പെട്ടെന്ന് തന്നെ കഥ മനസിൽ വന്നു. ഒരുപാട് വർഷത്തിന് ശേഷം കണ്ടുമുട്ടുന്ന സുഹൃത്തുക്കളായതുകൊണ്ട് റീ യൂണിയൻ എന്ന് പേരിട്ടു. മൂന്ന് ദിവസത്തെ ഷൂട്ടായിരുന്നു. ഒരു കാമറയിലാണ് ചിത്രീകരിച്ചത്. വലിയൊരു തിരക്കഥ എഴുതുന്നത്ര സിംപിളായിരുന്നില്ല ഇരുപതു മിനുട്ടിന് വേണ്ടിയൊരു തിരക്കഥ. എഴുതിയും വെട്ടിയും തിരുത്തിയുമൊക്കെയാണ് അവസാന ഡ്രാഫ്ട് തയ്യാറാക്കിയത്.
ഭൈരവിയിൽ അമ്മയുടെ ഫീച്ചേഴ്സും
സാധനയും ഭൈരവിയും വിക്രമും എനിക്ക് അടുത്ത് പരിചയമുള്ള മൂന്നു പേരാണ്. ഒരു അമ്മയും മകനും മാത്രമുള്ള സ്പേസിലേക്ക് ആ മകന്റ പഴയകാല പെൺ സുഹൃത്ത് എത്തിപ്പെടുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ആ പെൺകുട്ടി ഇവർക്കൊപ്പം നിൽക്കുന്നു. രണ്ട് സ്വഭാവമുള്ള രണ്ട് വ്യത്യസ്ത കരിയറിലുള്ള രണ്ട് പഴയകാല സുഹൃത്തുക്കൾ. ലീല സാംസണാണ് ഭൈരവി എന്ന അമ്മയുടെ വേഷമിട്ടത്. എന്റെ അമ്മയുടെ (പ്രശസ്ത ഗായിക കല്യാണി മേനോൻ ) പല ഫീച്ചേഴ്സും ഭൈരവി എന്ന കഥാപാത്രത്തിലുണ്ട്. എന്റെ അമ്മയും വാക്കറിലാണ്. 'അമ്മ വളരെ പോസിറ്റീവായ സ്ത്രീയാണ്. ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും ചിരിച്ചുകൊണ്ട് മാത്രം നേരിടുന്ന ആൾ. ഇപ്പോഴും 'അമ്മ പാട്ടുകൾ പാടാറുണ്ട്. എപ്പോഴെങ്കിലും ഒരു വർക്ക് ചെയ്യുമ്പോൾ അതിൽ അമ്മയുമായി സാമ്യമുള്ള കഥാപാത്രം കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ലീല സാംസണുമായി ഒന്നിച്ച് വർക്ക് ചെയ്യണമെന്ന ആഗ്രഹവും റീ യൂണിയനിലൂടെ സാധിച്ചു. അവർക്ക് ഒരു തറവാടി ലുക്കാണ്. നല്ലൊരു കലാകാരിയാണ് .
രസകരമായ ഒരു സംഭവം
എന്റെ ഒരു സുഹൃത്ത് ഡോക്ടറാണ്, കൊവിഡ് രോഗികളെക്കുറിച്ച് അറിയാൻ ഞാൻ സുഹൃത്തിനെ വിളിക്കാറുണ്ട്. ആയിടയ്ക്കാണ് അയാൾ പറയുന്നത് കൊവിഡ് രോഗികളേക്കാൾ വിത്ത്ഡ്രോവൽ സിൻഡ്രവുമായി വരുന്നവരാണ് കൂടുതലെന്ന്. ബാറുകളും ബിവറേജുകളും പെട്ടെന്ന് അടച്ചപ്പോൾ മദ്യപിക്കുന്നവർ പ്രതിസന്ധിയിലായി. എനിക്കത് കേട്ടപ്പോൾ അത്ഭുതം തോന്നി. ലഹരി മനുഷ്യനെ ഇത്രയധികം അടിമയാക്കിയിട്ടുണ്ടല്ലോ എന്ന കാര്യം എന്നെ ആശങ്കയിലാക്കിയിരുന്നു. റീഹാബിലിറ്റേഷൻ സെന്ററുകളിൽ കഴിയുന്ന രോഗികൾക്ക് ആദ്യ രണ്ടാഴ്ച മദ്യം കഴിക്കാനുള്ള പ്രേരണ ഉണ്ടാവാറുണ്ട്. അവർക്ക് രഹസ്യമായി സാധനം എത്തിച്ചു കൊടുക്കാൻ ഒരുപാട് ഏജൻസികളുമുണ്ടത്രേ.ഞാൻ ഒരു വൈകുന്നേരം നടക്കാൻ പോയപ്പോൾ ഒരു കടയുടെ മുന്നിൽ നിന്ന് ഒരാൾ കൈ വീശിക്കാണിക്കുന്നത് കണ്ടു. ഫിറ്റായിരുന്നു അയാൾ. എനിക്ക് മുൻ പരിചയമില്ലാത്തുകൊണ്ട് ഞാൻ അയാളെ കണ്ട ഭാവം നടിച്ചില്ല. തിരിച്ചു വരുമ്പോഴാണ് എന്റെ ഒരു സുഹൃത്തിന്റെ ഫോൺ കാൾ വന്നത്. അവനാണ് പറഞ്ഞത്, നേരത്തെ എനിക്കുനേരെ കൈവീശിയയാൾ എന്റെ പഴയ സ്കൂൾമേറ്റാണെന്ന്. ദുബായിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ ആൾ ലോക്ക് ഡൗണിൽ വന്നു നാട്ടിൽ കുടുങ്ങി പോയതാണ്. എന്നെ കൈവീശി കാണിച്ചത് എന്റെ കൈയിൽ വല്ല കുപ്പിയും ഉണ്ടോ എന്ന് അറിയാനായിരുന്നത്രെ. ആ കാര്യം എന്നെ ആശ്ചര്യപ്പെടുത്തി. നാൽപതു വർഷത്തിന് ശേഷം സഹപാഠിയെ കണ്ടപ്പോൾ ആദ്യമായി ചോദിക്കാനുള്ളത്, ഒരു കുപ്പി കയ്യിലുണ്ടോ എന്നാണ്. എനിക്കത് അത്ര തമാശയായി തോന്നിയില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് ചിത്രത്തിൽ സാധനയുടെ ലഹരി ഉപയോഗം കാണിച്ചത്. സാധനയെ പോലെ ദിവസ വേതനത്തിന് ലൈവ് പെർഫോമൻസ് ചെയ്യുന്ന ഒരുപാട് സംഗീത വിദ്വാന്മാരെ എനിക്കറിയാം. കൊവിഡ് സാഹചര്യം അവരെ എല്ലാത്തരത്തിലും ബാധിച്ചിട്ടുമുണ്ട്. സാധനയുടെ ആ സ്റ്റൈലും ലുക്കുമെല്ലാം അത്തരത്തിലുള്ള കലാകാരന്മാരുടെ റഫറൻസിൽ നിന്നെടുത്തതാണ്. അവർ ഉപയോഗിക്കുന്ന ഡ്രസിന്റെ നിറത്തിനു പോലും പ്രത്യേകയുണ്ട് . ഞാൻ ചില ഡോക്യുമെന്ററികളെല്ലാം ആൻഡ്രിയയെ കാണിച്ചിരുന്നു. സാധനയെ പോലെ ഒരു പെൺകുട്ടിയെ ആദ്യമേ ലഹരിയ്ക്ക് അടിമയെന്ന് കാണിച്ചാൽ ഒരു പക്ഷേ അത് പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ട് അവളെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുത്തിക്കൊണ്ടാണ് അവളുടെ പ്രശ്നങ്ങൾ പിന്നീട് കാണിച്ചത്. നമ്മുടെ വേണ്ടപ്പെട്ട ഒരാളാണ് ഈ സാഹചര്യത്തിലെങ്കിൽ നമ്മൾ അവരെ സഹായിക്കും. എല്ലാത്തിൽ നിന്നും തിരിച്ചു വരാൻ സാധനയ്ക്ക് സംഗീതമുണ്ട്, പക്ഷേ വിജയമില്ല. അത്തരത്തിൽ ഒരുപാട് കലാകാരൻമാർ നമുക്ക് ചുറ്റുമുണ്ട്.
അതുപോലെ എന്റെ ഡോക്ടർ സുഹൃത്തുക്കൾ വിളിക്കുമ്പോൾ ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവർക്ക് എന്ത് സുരക്ഷയാണുള്ളതെന്ന്. അവർക്കും കൊവിഡ് വരാൻ സാധ്യതയുണ്ടല്ലോ എന്ന്. അതാണ് വിക്രമിന്റെ കഥാപാത്രം ആ രീതിയിൽ ചിട്ടപ്പെടുത്തിയത്. വിക്രമായി എത്തിയ ഗുരു ചരൺ എന്റെ കഴിഞ്ഞ സിനിമ 'സർവംതാളമായ" ത്തിലുണ്ടായിരുന്നു. ആ ചിത്രത്തിൽ ഞാൻ പ്രോത്സാഹിപ്പിച്ചിട്ടാണ് ഗുരു ചരൺ ചെറിയൊരു വേഷത്തിൽ അഭിനയിച്ചത്. ഗുരു ചരണിന്റെ പ്രകടനം കണ്ട് നെടുമുടി വേണു സാർ പോലും അസാദ്ധ്യമായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. വളരെ നീറ്റായി വസ്ത്രം ധരിക്കുന്നയാളാണ് സംഗീതജ്ഞനായ ഗുരു ചരൺ. അദ്ദേഹത്തെ കാണുമ്പോൾ എപ്പോഴും ഒരു ഡോക്ടറുടെ ലുക്ക് തോന്നാറുണ്ട്. അതുകൊണ്ടാണ് ഈ കഥാപാത്രം ഗുരു ചരണിനെ ഏൽപ്പിച്ചത്.
സർവ്വം സംഗീതമയം
ചിത്രത്തിൽ സാധന പാടുന്നത് ഒറ്റ ടേക്കിലാണ് എടുത്തത്. അതിനു ശേഷം ഇൻസ്ട്രുമെന്റ്സെല്ലാം ചേർക്കുകയായിരുന്നു. അതുപോലെ ഭൈരവി എന്ന കഥാപാത്രം പാടുന്നതും ലൈവ് ആയി എടുത്തതാണ്. സെറ്റിൽ ഉച്ച സമയത്ത് ലീല അക്ക പാടും ഒപ്പം ആൻഡ്രിയയും ഗുരു ചരണും. മൊത്തം സംഗീതമയമായിരുന്നു.മൂന്ന് ദിവസത്തെ ഷൂട്ട് പാട്ടുകൊണ്ട് ആഘോഷമാക്കി.
ചില പ്രതികരണങ്ങൾ
പലരും റീയൂണിയൻ കണ്ടിട്ട് വിളിച്ചു ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ അവർ ഇതേ അവസ്ഥയിലൂടെ കടന്നു പോയെന്നു പറഞ്ഞു. മൂന്നുപേരും മൂന്ന് സ്വഭാവ സവിശേഷതയുള്ള കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ അവരെ ഒരുമിച്ച് ഒരു ഫ്രെയിമിൽ കൊണ്ടുവന്നത് നന്നായി എന്ന് എല്ലാവരും പറഞ്ഞു. എല്ലാ കഥാപാത്രങ്ങളും സാധാരണ ജീവിതമാണ് കാണിച്ചിരിക്കുന്നത്. എല്ലാത്തരം ഇമോഷൻസും ഉണ്ട്. ഇരുപതു മിനുട്ട് കൊണ്ടാണ് ഇത്രയും ജീവിതം കാണിച്ചത്.ഗുരു ചരണിന്റെ പ്രകടനം കണ്ടിട്ട് അത്ഭുതപ്പെട്ടവരാണ് കൂടുതലും. അയാൾ ഇത്രയും അസാദ്ധ്യമായി അഭിനയിക്കുമെന്ന് കരുതിയില്ല എന്ന് പലരും വിളിച്ചു പറഞ്ഞു.
ഇനി ത്രില്ലറും കോമഡിയും
'സർവംതാളമയ" ത്തിനുശേഷം ഒരു ഫീച്ചർ ചിത്രം എപ്പോഴാണെന്ന് എല്ലാവരും ചോദിക്കുന്നുണ്ട് . പുതിയ രണ്ടു തിരക്കഥകൾ എഴുതുന്ന തിരക്കിലാണ് ഇപ്പോൾ. ഒന്നൊരു ത്രില്ലറും മറ്റൊന്ന് കോമഡിയും. എത്രയും പെട്ടെന്ന് ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
തമിഴിലാണ് രണ്ട് ചിത്രങ്ങളും. മലയാളത്തിൽ നല്ല തിരക്കഥകളുമായി ആരെങ്കിലും ബന്ധപ്പെടുകയാണേൽ നല്ലൊരു സിനിമ ചെയ്യണമെന്നുണ്ട്.
ഫാസിൽ സാർ പറഞ്ഞത് ഇപ്പോഴും മനസിലുണ്ട്
'ഹരികൃഷ്ണൻസി" ൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ഫാസിൽ സാറിനോട് ചോദിക്കാറുണ്ട്. ഒരേ ഇമോഷൻ വച്ച് മാത്രം സിനിമ ചെയ്യാൻ സാധിക്കുമോ എന്ന്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമ പോലെ ഒരു സിനിമ എങ്ങനെ എടുക്കുമെന്ന്. അപ്പോൾ സാർ പറഞ്ഞിട്ടുണ്ട് പലതരം ഇമോഷണനായിരിക്കണം ഒരു സിനിമ എന്നത്. സിനിമയിൽ സന്തോഷം ഉണ്ടെങ്കിൽ അതിന്റെ നേർ വിപരീതമായ ദുഃഖവും വേണം. കോമഡികൾ വേണം.
അങ്ങനെയാവുമ്പോഴാണ് നല്ലൊരു സിനിമ ഉണ്ടാവുന്നതെന്ന്. ആ കാര്യങ്ങൾ ഞാൻ എപ്പോഴും ഓർക്കാറുണ്ട്. ഇപ്പോഴും അതെല്ലാം പിന്തുടരുന്ന വ്യക്തിയാണ് ഞാൻ. ഈ സിനിമയുടെ തിരക്കഥ എഴുതുമ്പോഴും അന്ന് സാർ പറഞ്ഞ കാര്യങ്ങൾ ഓർത്തിരുന്നു.അതുപോലെ ഓരോ ഷോട്ടിനും സ്വാഭാവിക വരുത്താൻ ശ്രമിച്ചിരുന്നു.ചിലതെല്ലാം ഒരുപാട് ടേക്കുകൾ പോയിട്ടുണ്ടെങ്കിലും ആദ്യ ടേക്കാണ് എടുത്തിട്ടുള്ളത്. അതിൽ അവർ സ്വാഭാവികമായി അഭിനയിക്കുന്നത് കാണാം. അതായിരിക്കും ചെയ്തതിൽ ഏറ്റവും ബെസ്റ്റ്.
ഒ ടി ടി പ്രയോജനപ്പെടുത്തി
മാദ്ധ്യമങ്ങൾ വളരെ വ്യത്യസ്തമാണ്, പക്ഷേ ഭാഷ ഒന്നാണ്. സിനിമകളിൽ കാണിക്കാൻ മടിക്കുന്ന ഗ്രേ കളർ കഥാപാത്രങ്ങൾ ഒ ടി ടി സീരീസുകളിൽ ഹീറോ കഥാപാത്രങ്ങളാവുന്നു. അതൊരിക്കലും നമുക്ക് തിയേറ്റർ റിലീസുള്ള സിനിമകളിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. രണ്ടിന്റെയും രണ്ടുതരം പ്രേക്ഷകരാണ്. കൊവിഡ് മൂലം ഇത്തരത്തിൽ ഒരു സാഹചര്യം വന്നപ്പോൾ ഒ ടി ടി നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ സിനിമ മേഖലയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് തോന്നി. പക്ഷേ തിയേറ്റർ സിനിമാസ്വാദകരുടെ ഒരു ശീലമാണ്. അതൊരിക്കലും മാറുകയില്ല.