ഇലകൾ കൊഴിയുന്ന നവംബർ മാസം വിടവാങ്ങി. ഇനി മഞ്ഞ് പെയ്യുന്ന ഡിസംബർ രാത്രികളാണ്. കൊവിഡ് മഹാമാരിക്കിടയിലും ഉണ്ണിയേശുവിന്റെ പിറവിയെ വരവേൽക്കാൻ ലോകമെമ്പാടുമുള്ളവരെല്ലാം കാത്തിരിക്കുകയാണ്. മണ്ണിലും വിണ്ണിലും സമാധാനത്തിന്റെ നക്ഷത്രങ്ങൾ വിരിയുന്ന ക്രിസ്മസ് രാവുകളാണ് ഇനി. ഡിസംബർ മാസം തുടങ്ങുന്നതോടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ ഇതിവൃത്തമാക്കി കൊണ്ട് ഉടലെടുത്ത സിനിമകളുംടിവിയിലും മറ്റും സാന്നിദ്ധ്യം അറിയിക്കുന്നു....
ബൈബിൾ കഥകളേയും യേശു ക്രിസ്തുവിന്റെ ജീവിതത്തെയും ആസ്പദമാക്കി എണ്ണിയാലൊടുങ്ങാത്തത്ര ചിത്രങ്ങളാണ് ലോകത്തുള്ളത്. അതും വിവിധ രാജ്യങ്ങളിൽ നിന്നും വിവിധ ഭാഷകളിൽ നിന്നും. 1900കളുടെ തുടക്കം മുതൽ തന്നെ ബൈബിൾ കഥകൾ സിനിമയിൽ സജീവമാണ്. ആദ്യ കാലങ്ങളിൽ യേശുവിന്റെ ജീവിതത്തിലേക്കായിരുന്നു കേന്ദ്രീകരിച്ചിരുന്നതെങ്കിൽ പിൽകാലത്ത് അത് ബൈബിളിലെ മറ്റ് കഥാപാത്രങ്ങളിലേക്കും വ്യാപിച്ചു. യേശുവിന്റെ ജനനം മുതൽ കുരിശാരോഹണം വരെയുള്ള കഥ പറയുന്ന ദ ഗ്രേറ്റസ്റ്റ് സ്റ്റോറി എവർ ടോൾഡ് ( 1965 ), ദ നേറ്റിവിറ്റി സ്റ്റോറി ( 2006 ), സൺ ഒഫ് ഗോഡ് ( 2014 ), പേർഷ്യയുടെ രാജ്ഞിയായി മാറുന്ന എസ്തർ എന്ന ജൂത പെൺകുട്ടിയുടെ കഥ പറയുന്ന വൺ നൈറ്റ് വിത്ത് ദ കിംഗ് ( 2006), ദ ബുക്ക് ഒഫ് എസ്തർ ( 2013), മോശയുടെ കഥ പറയുന്ന പ്രിൻസ് ഒഫ് ഈജിപ്റ്റ് ( 1998 ), സെന്റ് പോളിനെ കുറിച്ചുള്ള പോൾ, അപോസ്തൽ ഒഫ് ക്രൈസ്റ്റ് ( 2018), അതിമാനുഷിക ശക്തിയുള്ള ബൈബിൾ കഥാപാത്രമായ സാംസണിന്റെ കഥ പറയുന്ന സാംസൺ ( 2018 ), സാംസൺ ആൻഡ് ദെലില ( 1949 ) തുടങ്ങിയവ ബൈബിൾ ചിത്രങ്ങൾക്ക് ഉദാഹരണം മാത്രം. ഇക്കൂട്ടത്തിൽ ഏറ്റവും ലോകശ്രദ്ധയാകർഷിച്ച ഏതാനും ബൈബിൾ ചിത്രങ്ങളെ പരിചയപ്പെടാം:
ദ ടെൻ കമാൻഡ്മെന്റ്സ്
വർഷം : 1956
സംവിധാനം : സെസിൽ ബി ഡിമിൽ
പ്രവാചകനായ മോശയേയും ( Moses ) ബുക്ക് ഒഫ് എക്സോഡസിനേയും പത്ത് കല്പനകളേയും ആസ്പദമാക്കിയുള്ള ബൈബിൾ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രശസ്ത നടൻ ചാൾട്ടൺ ഹെസ്റ്റൺ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. റാംസെസ് II ഫറവോയുടെ വേഷത്തിൽ നടൻ യൂൾ ബ്രിന്നർ എത്തുന്നുണ്ട്. റിലീസ് ചെയ്ത സമയത്ത് ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു. ഏഴ് ഓസ്കാർ നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ മികച്ച വിഷ്വൽ ഇഫ്ക്ടിനുള്ള പുരസ്കാരം നേടുകയും ചെയ്തു.
ബെൻഹർ
വർഷം : 1959
സംവിധാനം : വില്യം വെയ്ലർ
' ദ ടെൻ കമാൻഡ്മെന്റ്സി"ന് ശേഷം ഇതിഹാസ നടൻ ചാൾട്ടൺ ഹെസ്റ്റൺ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച സഹനടൻ ഉൾപ്പടെ 11 ഓസ്കാർ പുരസ്കാരങ്ങൾ സ്വന്തമാക്കി ചരിത്രം തിരുത്തിയെഴുതിയ ബെൻ ഹർ അന്ന് ഇറങ്ങിയതിൽ ഏറ്റവും ചെലവേറിയതും കളക്ഷൻ നേടിയതുമായ ചിത്രം ആയിരുന്നു. ലൂയിസ് വാലസ് രചിച്ച ' ബെൻഹർ : എ ടെയ്ൽ ഒഫ് ദ ക്രൈസ്റ്റ് ' (1880 ) എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ബെൻ ഹർ ഫിക്ഷണൽ കഥാപാത്രമാണെങ്കിലും യേശുവിന്റെ കുരിശാരോഹണവുമായും ചരിത്രവും ഇടകലർത്തിയ പുരാതന റോമാസാമ്രാജ്യമാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. ഹോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ബെൻ ഹർ.
ബറബാസ്
വർഷം : 1961
സംവിധാനം : റിച്ചാർഡ് ഫ്ലെയിഷർ
ബൈബിൾ കഥാപാത്രമായ ബറബാസിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളത്. ആന്റണി ക്വിൻ ആണ് പ്രധാനവേഷത്തിലെത്തുന്നത്. യേശുവിനെ കുരിശിലേറ്റുന്നതിന് മുന്നേ മോചിപ്പിക്കപ്പെട്ട കുറ്റവാളിയാണ് ബറബാസ്.
കിംഗ് ഒഫ് കിംഗ്സ്
വർഷം : 1961
സംവിധാനം : നിക്കോളാസ് റേ
ക്രിസ്തുവിന്റെ ജനനം, കുരിശിലേറ്റൽ, ഉയർത്തെഴുനേൽപ്പ് എന്നിവയെ ചിത്രീകരിക്കുന്നു. അമേരിക്കൻ നടൻ ജെഫ്രി ഹണ്ടർ ആണ് യേശുവിന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. അകാലത്തിൽ അന്തരിച്ച ജെഫ്രി ഹണ്ടറെ ഇന്നും ഈ ചിത്രത്തിലൂടെ എല്ലാവരും ഓർക്കുന്നു.
ദ ബൈബിൾ : ഇൻ ദ ബിഗിനിംഗ്
വർഷം : 1966
സംവിധാനം : ജോൺ ഹ്യൂസ്റ്റൺ
ഉല്പത്തി പുസ്തകത്തിലെ ( Book of Genesis ) ആദ്യ 22 അദ്ധ്യായങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ആദമിന്റെയും ഹവ്വയുടെയും കഥ, നോഹയുടെ പെട്ടകം, എബ്രഹാം, ഐസക് തുടങ്ങിയ ഭാഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ നടൻ മൈക്കൽ പാർക്സ് ആദമായും സ്വീഡിഷ് നടി യ്യൂല ബെർഗ്രിഡ് ഹവ്വയായും എത്തുന്നു. സംവിധായകൻ ജോൺ ഹ്യൂസ്റ്റൺ തന്നെയാണ് നോഹയായി അഭിനയിച്ചിരിക്കുന്നത്. പീറ്റർ ഓറ്റൂൾ, അവ ഗാർഡ്നർ എന്നിവരും ചിത്രത്തിലുണ്ട്. പഴയ നിയമം മുഴുവൻ ചിത്രീകരിക്കുന്ന പരമ്പരയിലെ ആദ്യ ചിത്രമായാണ് ഇത് കരുതിയിരുന്നതെങ്കിലും, ദ ബൈബിൾ : ഇൻ ദ ബിഗിനിംഗിന്റെ തുടർച്ചയായി മറ്റു ചിത്രങ്ങൾ പുറത്തിറങ്ങിയില്ല.
ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ
വർഷം : 1973
സംവിധാനം : നോർമാൻ ജെവിസൺ
1970ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള റോക്ക് ഒപ്പേറയെ ആസ്പദമാക്കിയുള്ളത്. യേശുവിനെ കുരിശിലേറ്റുന്നതിന് ഒരാഴ്ച മുമ്പ് യേശുവിനും യൂദാസിനുമിടെയിലെ സംഘർഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടെഡ് നീലെയ്, കാൾ ആൻഡേഴ്സൺ എന്നിവർ യഥാക്രമം യേശുവും യൂദാസുമായെത്തുന്നു.
ദ ലാസ്റ്റ് ടെംപ് റ്റേഷൻ ഒഫ് ക്രൈസ്റ്റ്
വർഷം: 1988
സംവിധാനം : മാർട്ടിൻ സ്കോർസെസി
ഗ്രീക് എഴുത്തുകാരൻ നിക്കോസ് കസൻദ്സക്കിസ് 1955ൽ രചിച്ച വിവാദ നോവൽ ആയ 'ദ ലാസ്റ്റ് ടെംപ് റ്റേഷൻ ഒഫ് ക്രൈസ്റ്റ് " ( The Last Temptation Of Christ ) നെ ആസ്പദമാക്കിയുള്ളത്. വില്ലെം ഡെഫോയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ക്രിസ്തു മത വിഭാഗങ്ങൾക്കിടെയിൽ പ്രതിഷേധത്തിനിടെയാക്കിയിരുന്നുവെങ്കിലും മാർട്ടിൻ സ്കോർസെയ്ക്ക് മികച്ച സംവിധായകനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു.
ജോസഫ് : കിംഗ് ഒഫ് ഡ്രീംസ്
വർഷം : 2000
സംവിധാനം : റോബർട്ട് റാമിറെസ്
ആനിമേറ്റഡ് ചിത്രമായ ഇത് ബൈബിൾ കഥാപാത്രമായ ജോസഫിന്റെ കഥയാണ്. ആട്ടിടയനായ ജോസഫ് ഈജിപ്റ്റിലെ രാജാവിന്റെ ഉപദേശകനായി മാറുന്നു. സ്വപ്നങ്ങളുടെ അർത്ഥം വ്യാഖാനിക്കാനുള്ള പ്രത്യേക കഴിവിന് ഉടമയാണ് ജോസഫ്. നടൻ ബെൻ അഫ്ലക് ആണ് ജോസഫിന് ശബ്ദം നൽകിയിരിക്കുന്നത്.
നോ അ (Noah)
വർഷം : 2014
സംവിധാനം : ഡേരൻ അരോനോഫ്സ്കി
റസൽ ക്രോ, ജെന്നിഫർ കോനല്ലി, എമ്മ വാട്സൺ, ആന്റണി ഹോപ്കിൻസ് തുടങ്ങി വൻ താരനിരയുണ്ട്. ചിത്രത്തിലെ മതപരമായ ഘടകങ്ങളെ ചൊല്ലിയുണ്ടായ വിവാദങ്ങളെ തുടർന്ന് ചൈന ഈ സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ചില മുസ്ലിം രാജ്യങ്ങളും ചിത്രത്തെ വിലക്കിയിരുന്നു. മഹാപ്രളയത്തിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കാൻ പേടകം നിർമിക്കുന്ന നോഹയുടെ കഥയാണിത്.
എക്സോഡസ് : ഗോഡ്സ് ആൻഡ് കിംഗ്സ്
വർഷം: 2014
സംവിധാനം - റിഡ്ലി സ്കോട്ട്
ക്രിസ്റ്റ്യൻ ബെയ്ൽ, ജോയൽ എഡ്ഗർടൺ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മോശയുടെ പുറപ്പാട് ( ദ എക്സോഡസ് ) നെ ആസ്പദമാക്കിയുള്ളതാണ് സിനിമ.
ദ പാഷൻ ഒഫ് ദ ക്രൈസ്റ്റ്
വർഷം :2004
സംവിധാനം : മെൽ ഗിബ്സൺ
നടനും സംവിധായകനുമായ മെൽ ഗിബ്സൺ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒന്നായ ദ പാഷൻ ഒഫ് ദ ക്രൈസ്റ്റ് ഏറെ ശ്രദ്ധ നേടിയ സിനിമയാണ്. ജിം കാവീസൽ, മയ മോർഗെൻസ്റ്റേൺ, മോണിക ബെലൂചി എന്നിവർ യഥാക്രമം യേശു, കന്യാമറിയം, മഗ്ദലന മറിയം എന്നിവരുടെ വേഷത്തിൽ എത്തുന്നു. ക്രിസ്തുവിനെ ക്രൂശിക്കുന്നതിനുമുമ്പുള്ള അവസാന നിമിഷങ്ങൾ ചിത്രീകരിക്കുന്നു. അംഗീകാരങ്ങൾക്കൊപ്പം വിവാദങ്ങളും നേരിട്ടു. ക്രിസ്തുമതത്തെ ആസ്പദമാക്കിയുള്ള സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്. മൂന്ന് ഓസ്കാർ നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്.
റിസൻ
വർഷം - 2016
സംവിധാനം - കെവിൻ റെയ്നോൾഡ്സ്
ജോസഫ് ഫിയൻസ് പ്രധാനവേഷത്തിലെത്തുന്നു. ഉയർത്തെഴുന്നേൽപ്പിന് ശേഷം യേശുവിന്റെ ശരീരം തേടുന്ന ഒരു റോമൻ സൈനികനെ പറ്റിയാണ് കഥ.
മേരി മഗ്ദലീൻ
വർഷം: 2018
സംവിധാനം :
ഗാർത്ത് ഡേവിസ്
ബൈബിളിലെ മഗ്ദലന മറിയത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മേരി മഗ്ദലീനായി റൂണി മെയ്റായും യേശു ക്രിസ്തുവായി വാകീൻ ഫീനിക്സും എത്തുന്നു. ബൈബിളിലെ സ്ത്രീ കഥാപാത്രങ്ങളെ മുഖ്യകഥാപാത്രമായി അവതരിപ്പിക്കുന്ന ഏതാനും ചില സിനിമകളിൽ ഒന്നാണിത്.