കുട്ടനാട്: ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല കൊവിഡ് പ്രോട്ടോകോൾ പ്രകാരം ക്ഷേത്രാചാര ചടങ്ങുകളോടെ നടന്നു.
ഇന്നലെ രാവിലെ ഒമ്പതിന് വിളിച്ചുചൊല്ലി പ്രാർത്ഥനയോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. അനുഗ്രഹ പ്രഭാഷണത്തിന് ശേഷം ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകർന്നു. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, അശോകൻ നമ്പൂതരി, രഞ്ജിത് നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
11.30ന് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പൊങ്കാല നേദിച്ചു. തുടർന്ന് ദേവിയെ അകത്തെഴുന്നള്ളിച്ച് ഉച്ചദീപാരാധനയും ദിവ്യ അഭിഷേകവും നടത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ഹിന്ദു മഹാസഭ മണ്ഡലം പ്രസിഡന്റ് പി.എസ്. നായർ, രമേശ് ഇളമൺ നമ്പൂതിരി എന്നിവർ സംസാരിച്ചു. വൈകിട്ട് 6.15ന് കാർത്തിക വിളക്കു തെളിഞ്ഞു. തുടർന്ന് 6.30ന് കാർത്തിക സ്തംഭത്തിൽ അഗ്നി പകർന്നു. പൊങ്കാല നടത്തിപ്പിന് മണിക്കുട്ടൻ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ അഡ്വ.കെ.കെ. ഗോപാലകൃഷ്ണൻ നായർ, ഹരിക്കുട്ടൻ നമ്പൂതിരി, പി.ആർ.ഒ സുരേഷ് കാവുംഭാഗം, സന്തോഷ് ഗോകുലം, അജിത്ത് കുമാർ പിഷാരത്ത് തുടങ്ങിയവർ നേതൃത്വം വഹിച്ചു.