സുരേഷ് ഗോപിയും രൺജി പണിക്കരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന നിഥിൻ രൺജി പണിക്കരുടെ കാവൽ പൂർത്തിയായി....
ആദ്യ ചിത്രമായ കസബയ്ക്കുശേഷം അച്ഛന്റെ തിരക്കഥയിൽ സുരേഷ് ഗോപിയെ നായകനാക്കി ലേലം -2 ചെയ്യാനായിരുന്നു നിഥിൻ രൺജി പണിക്കരുടെ പ്ളാൻ. പല കാരണങ്ങളാൽ ആ പ്രോജക്ട് അനിശ്ചിതത്വത്തിലായപ്പോൾ മറ്റൊരു തിരക്കഥാകൃത്തിന്റെ രചനയിൽ സുരേഷ് ഗോപിയെ നായകനാക്കി വേറൊരു ചിത്രം പ്ളാൻ ചെയ്തു. ഷൂട്ടിംഗ് തുടങ്ങുന്നതിന് ആഴ്ചകൾക്കുമുൻപ് അവസാന നിമിഷം കപ്പിനും ചുണ്ടിനുമിടയിൽ ആ സിനിമയും കൈവിട്ടുപോയപ്പോൾ നിഥിന് വാശിയായി. എന്തായാലും അടുത്ത ചിത്രത്തിൽ സുരേഷ് ഗോപി തന്നെ നായകൻ.അനുയോജ്യമായ ഒരു കഥ വീണുകിട്ടിയപ്പോൾ നിഥിൻ അക്കഥ സുരേഷ് ഗോപിയോട് പറഞ്ഞു. ചെയ്യാം. കഥ കേട്ട സുരേഷ് ഗോപി നിഥിന് വാക്ക് നല്കി. ആദ്യ ചിത്രമായ കസബയുടെ നിർമ്മാതാവ് തന്നെ തന്റെ രണ്ടാമത്തെ ചിത്രമായ കാവലും നിർമ്മിക്കുമെന്ന് നിഥിൻ രൺജി പണിക്കർ പറഞ്ഞു.
സുരേഷ് ഗോപിയോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിൽ രൺജിപണിക്കരും കൂടി വന്നപ്പോൾ കാവലിന്റെ കളർ വർദ്ധിച്ചു.
ഒട്ടേറെ തീപ്പൊരി സിനിമകൾ സൃഷ്ടിച്ച ഹീറോ - റൈറ്റർ കോമ്പിനേഷനെ ആദ്യമായി അഭിനയരംഗത്ത് ഒന്നിച്ചവതരിപ്പിക്കാനുള്ള നിയോഗം ഒരുഅപൂർവ്വ സൗഭാഗ്യമായാണ് നിഥിൻ കരുതുന്നത്.അച്ഛന്റെ ഭരത് ചന്ദ്രൻ ഐ.പി.എസ് എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിൽ എന്റെ തുടക്കം. അതുകഴിഞ്ഞ് രൗദ്രത്തിലും ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ആദ്യ രണ്ട് സിനിമയും ഞാൻ അച്ഛന്റെ കൂടെയാണ് വർക്ക് ചെയ്തത്. അച്ഛൻ എഴുതി ഷാജികൈലാസ് സാർ സംവിധാനം ചെയ്ത ദ കിംഗ് ആൻഡ് ദ കമ്മിഷണറിലും അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. കാവലിന്റെ ഫൈനൽ ഡ്രാഫ്ട് അച്ഛൻ ഒന്നോ രണ്ടോ തവണ വായിച്ചിട്ടുണ്ട്. അച്ഛൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് മാത്രമല്ല മറ്റ് കഥാപാത്രങ്ങളെക്കുറിച്ചും കഥാഗതിയെക്കുറിച്ചുമെല്ലാം അതുകൊണ്ടുതന്നെ അച്ഛന് നന്നായിട്ടറിയാമായിരുന്നു. അതുകൊണ്ടുതന്നെ ലൊക്കേഷനിൽ അധികം പറഞ്ഞ് ബോധിപ്പിക്കേണ്ടി വന്നിട്ടില്ല. അച്ഛനെ ഡയറക്ട് ചെയ്യുന്നത് എനിക്കൊരു സ്വപ്നം യാഥാർത്ഥ്യമായതുപോലെയാണ്. സുരേഷ് ഗോപി സാറും അച്ഛനും ഒരുമിച്ചുള്ള സീനുകളൊക്കെ എടുക്കുമ്പോൾ മനസിൽ അവരൊരുമിച്ച് ചെയ്ത സിനിമകളുടെ മേളമായിരുന്നു. നിഥിൻ പറയുന്നു.നിഥിന്റെ രണ്ട് വയസ്സുള്ള മകൻ അമാനും കാവലിൽ അഭിനയിക്കുന്നുണ്ട്.കൊച്ചുകുട്ടികളെ അഭിനയിപ്പിച്ചെടുക്കാൻ വലിയ പാടാണ്. അച്ഛന്റെ കൂടെയും സുരേഷ് ഗോപി സാറിന്റെ കൂടെയുമുള്ള സ്വീകിൻസുകളുണ്ട്. മോനാവുമ്പോൾ അവരുമായി അടുപ്പമുണ്ട്.മകനെ അഭിനയിപ്പിച്ചതിനെപ്പറ്റി നിഥിൻ പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നായികയായ സായാ ഡേവിഡാണ് കാവലിലെ നായിക. സായയുടെ യഥാർത്ഥ പേര് റേച്ചലെന്നാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ക്യാരക്ടറിന്റെ പേര് തന്നെ അവർ റേച്ചിലിനുമിട്ടു. കാവലിലൂടെ സ്വന്തം പേരായ റേച്ചൽ ഡേവിഡ് എന്ന പേരുതന്നെ താരം വീണ്ടും സ്വീകരിച്ചിരിക്കുകയാണ്.ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, രാജേഷ് ശർമ്മ, ഇവാൻ അനിൽ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി. ദേവ്, പത്മരാജ് രതീഷ്, ശാന്തകുമാരി, പൗളി വിൽസൺ, ചാലിപാല, അഞ്ജലി നായർ, അംബികാ മോഹൻ, ബേബി പാർത്ഥവി തുടങ്ങിയവരും കാവലിൽ അണിനിരക്കുന്നുണ്ട്.ചീഫ് അസോസിയേറ്റ് ഡയക്ടേഴ്സ് - സനൽ വി. ദേവൻ, സ്യമന്തക് പ്രദീപ്, കോസ്റ്റ്യൂസ് - നിസാർ റഹ്മത്ത്, മേക്കപ്പ് - പ്രദീപ് രംഗൻ, സഘട്ടന സംവിധാനം - സുപ്രീം സുന്ദർ, റൺ രവി, മാഫിയാശശി, അസോസിയേറ്റ് ഡയറക്ടർ- രഞ്ജിത്ത് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പൗലോസ് കുറുമറ്റം, പ്രൊഡക്ഷൻ മാനേജേഴ്സ് - അഭിലാഷ്, വിനു കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് - സന്തോഷ്, മൃണാളിനി ഗാന്ധി, ജഗൻ ഷാജി കൈലാസ്, ലിവേഷ് പെരിങ്ങോട്ട്, സ്റ്റിൽസ് - മോഹൻ സുരഭി, കട്ടപ്പന, വണ്ടിപ്പെരിയാർ, കൊല്ലങ്കോട്, വാഗമൺ, കുമളി എന്നിവിടങ്ങളിലായി രണ്ട് ഷെഡ്യൂളുകളിൽ ചിത്രീകരണം പൂർത്തിയായ കാവൽ വിഷുവിന് തിയേറ്ററുകളിലെത്തിക്കാനാണ് പ്ളാൻ.
ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് കാവൽ പ്രദർശനത്തിനെത്തിക്കും.
ശേഷംസ്ക്രീനിൽ
പത്തിരുപത് വർഷങ്ങൾക്ക് മുൻപ് ഹൈറേഞ്ചിലെവിടെയോ ജീവിച്ചിരുന്ന രണ്ട് ആത്മമിത്രങ്ങൾ. തമ്പാനും ആന്റണിയും. ഒരു കൊച്ച് തടിമില്ലുമൊക്കെയായി ഇടത്തരം ജീവിതം നയിച്ചിരുന്ന അവർക്ക് എപ്പോഴോ പൊലീസുമായും സ്ഥലത്തെ ക്രിമിനലുകളുമായും ഉരസേണ്ടിവന്നു. അവർ പ്രതീക്ഷിച്ചതിനേക്കാളപ്പുറമായിരുന്നു അതിന്റെ പ്രത്യാഘാതം.വർഷങ്ങൾക്കുശേഷം ആന്റണി ഇല്ലാത്ത ആ നാട്ടിലേക്ക് തമ്പാന് വീണ്ടും വരേണ്ടിവന്നു.