തെന്നിന്ത്യൻ താരം നമിത വീണ്ടും മലയാളത്തിൽ . ആദ്യമായി നിർമ്മാതാവിന്റെ കുപ്പായം....
അപ്രതീക്ഷിത ട്വിസ്റ്റ്
ഗുജറാത്തിലെ സൂററ്റ് ബായ് പി.എം പട്ടേൽ ഗേൾസ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ വസ്ത്രവ്യാപാര ബിസിനസിലേക്ക് നമിത മുകേഷ് വങ്കവാല ഇറങ്ങുമെന്ന് കൂട്ടുകാരികൾ ഉറപ്പിച്ചു . എം.ടി.ബി ആർട്സ് കോളേജിൽ പഠിക്കുമ്പോൾ ഇക്കാര്യം ഉറപ്പിച്ചത് അദ്ധ്യാപകർ. എന്നാൽ 2000ൽ അപ്രതീക്ഷിത ട്വിസ്റ്റ്. മിസ് സൂറത്ത് സുന്ദരി പട്ടം സ്വന്തമാക്കുമ്പോൾ വയസ് 17. പിറ്റേവർഷം മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.സൂററ്റിൽ വസ്ത്രവ്യാപാരിയായ മുകേഷ് വങ്കവാലയുടെയും ഇളവങ്കവാലയുടെയും മകൾ മുംബയിൽ എത്തുന്നതാണ് പിന്നത്തെ കഥ. അവിടെ കാത്തിരുന്നത് നിരവധി പരസ്യചിത്രങ്ങൾ. അപ്പോഴും സിനിമ സ്വപ്നം കണ്ടില്ല.തെലുങ്ക് ചിത്രം'സൊത്തം"നമിതയെ വെള്ളിത്തിരയിൽ എത്തിച്ചു. മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറിന്റെ തമിഴ് പതിപ്പ് 'എങ്കൾ അണ്ണാ" ആണ് ആദ്യ തമിഴ് ചിത്രം. ശേഷം തിരിഞ്ഞുനോക്കേണ്ടിവന്നില്ല. സത്യരാജിന്റെ മഹാനടികൾ, ശരത്കുമാറിന്റെ ചാണക്യ, കന്നടയിൽ രവിചന്ദ്രനൊപ്പം നീലകണ്ഠ്, ഋഷികപൂർ ചിത്രം ലൗ കേ ചാക്കർ മേനിലൂടെ ബോളിവുഡ് പ്രവേശം. വീണ്ടും തമിഴകം. നായിക നിരയിൽനിന്ന് മെല്ലേ ഗ്ളാമർ വേഷത്തിലേക്ക് ചുവടുമാറ്റം. ഇതോടെ ആരാധകലോകം വളർന്നു.
ആരാധക ക്ളബ്
ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ പരതിയ നടി എന്ന വിലാസവും ഈ സമയത്ത് നമിതയെ തേടി എത്തി. തഴികത്ത് നിരവധി ആരാധക ക്ളബ് . കലാഭവൻ മണിയുടെ ബ്ലാക്ക്സ്റ്റാലിയണിൽ ഗ്ളാമർ വേഷത്തിൽ അഭിനയിച്ചാണ് മലയാളത്തിൽ ആദ്യ ചുവടുവയ്പ് .പുലിമുരുകനിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതോടെ കൂടുതൽ പരിചിതമായി.നിർമാതാവും നടനുമായ മല്ലിറെഡ് ഡി വീരേന്ദ്ര ചൗധരിയെ വിവാഹം കഴിച്ചു നമിത ആന്ധ്രയുടെ മരുമകളാകുകയും ചെയ്തു. ബായ് പി.എം പട്ടേൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പഴയ കൂട്ടുകാരികൾക്ക് ഇപ്പോഴും വിസ്മയം മാറിയില്ല. സ്കൂളിലെ കരാട്ടെ താരം അഞ്ചു ഭാഷയിൽ അഭിനയിച്ചു എന്നതുമാത്രമല്ല,കമൽഹാസനൊപ്പം തമിഴ് ബിഗ് ബോസിൽ എത്തിയതും അവരെ അത്ഭുതപ്പെടുത്തി. എന്നാൽ മുകേഷ് വങ്കവാലയുടെയും ഇളയുടെയും പാത പിന്തുടർന്ന് മകൻ നെവിൽ ബിസിനസ് രംഗത്തു എത്തുകയും ചെയ്തു. ബി.ജെ.പി എക് സിക്യൂട്ടിവ് കമ്മിറ്റി അംഗമായ നമിത അടുത്ത നിയമസഭതിരഞ്ഞെടുപ്പിൽ തമിഴ് നാട്ടിൽ മത്സരരംഗത്തു ഉണ്ടാവുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.നാലുവർഷത്തിനുശേഷം നമിത വീണ്ടും മലയാളത്തിൽ വരികയാണ്. 'ബൗ വൗ" എന്ന ചിത്രത്തിൽ നായിക മാത്രമല്ല ആദ്യമായി നിർമ്മാതാവുമാകുന്നു.
കാമറയുടെ മുൻപിലും പിൻപിലും ഒരേസമയം നമിത ആദ്യം?
അഭിനയജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് കടന്നുപോവുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷയിലാണ് 'ബൗ വൗ" നിർമ്മിക്കുന്നത്. ഞാനും ഒരു നായയും ആണ് കേന്ദ്ര കഥാപാത്രങ്ങൾ. തിരക്കഥ അത്രമാത്രം ആകർഷിച്ചു. ഒരു നിർമ്മാതാവ് എന്ന നിലയിൽ ആദ്യ തുടക്കത്തിന് നല്ല ചിത്രമായിരിക്കും'ബൗ വൗ" എന്നു തോന്നി.സൗത്ത് ഇന്ത്യയിലെ പ്രശസ്തയായ യുട്യൂബ് വ്ളോഗർ നിക്കി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജോലിയുടെ ഭാഗമായി എസ്റ്റേറ്റ് ബംഗ്ളാവിൽ എത്തുകയും അവിടെ ഒരു കിണറിനുള്ളിൽ രണ്ട് രാത്രിയും പകലും അകപ്പെടുകയും ചെയ്യുന്നു. ആ നായ എങ്ങനെ നിക്കിയെ രക്ഷപ്പെടുത്തുന്നുവെന്നത് കാത്തിരുന്നു കാണുക. തമിഴ്, തെലുങ്ക്, കന്നട ഭാഷയിൽ ഒരുക്കിയ 'മിയ" എന്ന എന്റെ ചിത്രത്തിന്റെ സംവിധായകരാണ് ആർ. എൽ. രവിയും മാത്യു സ്കറിയയും. ഞങ്ങൾ വീണ്ടും ഒന്നിക്കുന്നു. ഒരേസമയം മലയാളത്തിലും തമിഴിലും ചിത്രീകരണം. കന്നടയിലും തെലുങ്കിലും റീമേക്ക്. ഇന്ന് നിർമാതാവാണ്. നാളെ സംവിധായികയായും പ്രതീക്ഷിക്കാം.
നായികയായി അഭിനയിച്ചതിനേക്കാൾ ശ്രദ്ധേയമായത് ഗ്ളാമർ വേഷമാണല്ലേ?
തമിഴിൽ ഒട്ടുമിക്ക നായികമാരും ഗ്ളാമർ വേഷത്തിൽ അഭിനയിക്കുന്നു. അത് അവർ തിരഞ്ഞെടുക്കുന്നതല്ല. സംഭവിക്കുന്നതാണ്. ഞാൻ ചെയ്തപ്പോൾ അതു കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുണ്ടാവും. ഗ്ളാമർ വേഷത്തിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നെങ്കിൽ എനിക്ക് അത് സന്തോഷമാണ്. നായികയായി അഭിനയിച്ചാണ് തുടക്കം. ഗ്ളാമർ വേഷം വന്നപ്പോൾ മാറിനിന്നില്ല.അങ്ങനെ കാണാനാണ് താത്പര്യം.
തുടക്കകാലത്ത് വിജയകാന്ത്, സത്യരാജ്,ശരത്കുമാർ തുടങ്ങിയവർക്കൊപ്പം അഭിനയിക്കാൻ സാധിച്ചല്ലേ?
തമിഴ് സിനിമയിൽ ഗംഭീര തുടക്കമാണ് ലഭിച്ചത്.ഒരു ഭാഷയിലും ഇത്രനല്ല തുടക്കം ലഭിച്ചില്ല. വിജയകാന്ത്, സത്യരാജ്,ശരത്കുമാർ എന്നിവരുടെ നായികയായി അഭിനയിക്കാൻ കഴിഞ്ഞു. ആ ചിത്രങ്ങൾ വിജയം നേടി. പിന്നീട് അജിത്, വിജയ് എന്നിവർക്കൊപ്പം.മലയാളത്തിൽ ക്രോണിക് ബാച്ചലിറിൽ രംഭ അവതരിപ്പിച്ച വേഷം ചെയ്യാൻ സിദ്ധിഖ് സാർ അന്വേഷിച്ചിരുന്നു.ആസമയത്ത് എനിക്ക് മാനേജരും മറ്റും ഉണ്ടായിരുന്നില്ല. ആ സിനിമ തമിഴിൽ വന്നപ്പോൾ രംഭയുടെ വേഷം ഞാനാണ് ചെയ്തത്. മലയാളം ക്രോണിക് ബാച്ചിലർ നഷ്ടപ്പെട്ടതിൽ ഇപ്പോഴും ദുഃഖമുണ്ട്.ഒരുപക്ഷേ അന്ന് ആ സിനിമ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ മലയാളത്തിൽ കൂടുതൽ ചിത്രങ്ങളുടെ ഭാഗമാവാൻ കഴിയുമായിരുന്നു. നഷ്ടപ്പെട്ടത് ഒരു മമ്മൂട്ടി ചിത്രം കൂടിയാണ്.
അജിത്തിന്റെയും വിജയ്യുടെയും പുതിയകാല സിനിമയിൽ നമിതയുടെ സാന്നിദ്ധ്യം കാണുന്നില്ല?
അതാണ് സിനിമ. അങ്ങനെ കാണാനാണ് ഇഷ്ടം. എല്ലായിടത്തും മാറ്റം സംഭവിക്കുന്നു. സിനിമയിലും വലിയ മാറ്റം സംഭവിക്കുന്നുണ്ട്. കഥയുടെ അവതരണം മാറി. പുതിയ താരങ്ങൾ വരുന്നു, പ്രേക്ഷകർ മാറുന്നു. 'എങ്കൾ അണ്ണ" കണ്ട സമയത്തെ പ്രേക്ഷകരല്ല ഇപ്പോൾ . വിജയ്യുടെയും അജിത്തിന്റെയും സിനിമയിൽ അനുയോജ്യമായ കഥാപാത്രങ്ങൾ ഇല്ലാത്തതിനാലാവും സംവിധായകർ വിളിക്കാത്തത്. എല്ലാ ശുഭപ്രതീക്ഷയിൽ കാണുകയും സമീപിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. അജിത്തിനൊപ്പം അഭിനയിച്ച ബില്ലയും വിജയ് യുടെ അഴകിയ തമിഴ് മകനുമാണ് എന്റെ പ്രിയ സിനിമകൾ . ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തിത്വത്തിനുടമയും കഠിനാദ്ധ്വാനിയായ നടനും പ്രഭാസാണ് ആണ്.തെലുങ്ക് ബില്ലയിൽ അഭിനയിച്ചപ്പോൾ അതു കണ്ടറിഞ്ഞു.
കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടോ?
അത്തരം ഒരു സാഹചര്യം ഇതുവരെ അഭിമുഖീകരിച്ചില്ല. അഞ്ചു ഭാഷയിൽ അഭിനയിച്ചു. ഒരു നോട്ടം കൊണ്ടുപോലും മോശം അനുഭവം ഉണ്ടായില്ല. കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി പലരും പറയാറുണ്ട്. ഒരുപക്ഷേ അവർക്ക് നേരിട്ടുണ്ടാവും. ഒതുങ്ങിയ സ്വഭാവമാണ് എന്റേത്. സിനിമയിൽ അധികം സൗഹൃദങ്ങളില്ല. ഒരാളുമായി അത്രപെട്ടെന്ന് സൗഹൃദം സ്ഥാപിക്കാനും കഴിയില്ല. ആവശ്യമില്ലാതെ ഒരിടത്തും പോവില്ല. ഷൂട്ടില്ലെങ്കിൽ വീട്ടിലുണ്ടാവും. അധികം പുറത്തുപോവാറുമില്ല. ഞാൻ, ഭർത്താവ്, വീട്ടുകാർ. ഇതാണ് എന്റെ ലോകം. ഞങ്ങളുടെ കുഞ്ഞുലോകത്ത് സന്തോഷകരമായി ഇരിക്കാനാണ് താത്പര്യം.സിനിമയിലെ നമിതയല്ല ജീവിതത്തിലേത്.
വിവാഹശേഷവും നമിത സിനിമയിൽ തുടരുകയാണ്ചെയ്തത്?
ഞാൻ ഒരു നടിയാണ്. വിവാഹത്തിന് മുൻപ്, ശേഷം എന്ന വ്യത്യാസം കാണുന്നില്ല. വിവാഹശേഷം അഭിനയം ഉപേക്ഷിക്കുന്ന നടിമാരുണ്ട്. തുടരുന്നവരുമുണ്ട്. വിവാഹശേഷം മാത്രം അഭിനയം തിരഞ്ഞെടുത്തവർ മലയാള സിനിമയിലുണ്ട്. അത് ഓരോരുത്തരുടെയും തീരുമാനം ആണ്. മാത്രമല്ല, ഞങ്ങൾ രണ്ടുപേരും അഭിനേതാക്കളാണ്. നല്ല സിനിമയുടെ ഭാഗമാകാൻ ഉപദേശിക്കുന്നു. പ്രോത്സാഹിപ്പിക്കുന്നു. അപ്പോൾ പിന്നെ മാറിനിൽക്കേണ്ട കാര്യമില്ല. അഭിനയം എന്റെ ജോലിയാണ്. അത് ഏറ്റവും നന്നായി ചെയ്യാനാണ് ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും.
പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രമാണ് മലയാളിക്ക് നമിത?
ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന കഥാപാത്രം ആണ് ജൂലി. അസാദ്ധ്യ നടനാണ് മോഹൻലാൽ. വീണ്ടും ഒപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. എത്രപെട്ടെന്നാണ് കഥാപാത്രമായി മാറുന്നത്.മികച്ച സിനിമകൾ മലയാളത്തിലാണ് ഉണ്ടാവുന്നത്. പ്രതിഭാധനരായ താരങ്ങളും സംവിധായകരും ഗാനരചയിതാക്കളും തിരക്കഥാകൃത്തുക്കളും. അതുല്യ നടനായിരുന്നു കലാഭവൻ മണി.തമിഴിൽ 'ജെമിനി"യിൽ ഞങ്ങൾ ആദ്യം ഒന്നിച്ചഭിനയിച്ചു. അതിൽ വില്ലൻ വേഷം. ശരിക്കും ഞെട്ടിച്ചു. ബ്ളാക്ക് സ്റ്റാലിയണിൽ നായകൻ. പ്രതിനായകന്റെയും നായകന്റെയും അഭിനയം കണ്ടു. മണി പോയി എന്നു ഇപ്പോഴും വിശ്വാസം വരുന്നില്ല.
ലൈഫ് പാർട്ണർ
ഈശ്വരൻ എനിക്ക് തന്ന സമ്മാനം. അനുഗ്രഹം . അതാണ് വീരേന്ദ്ര. ചെന്നൈയിലെ ഒരു കോവിലിലാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. മൂന്നു വർഷം മുൻപ് തിരുപ്പതിയിൽ വിവാഹം.എന്റെ ഏറ്റവും നല്ല സുഹൃത്ത്.